ഏയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍.. ഇനി ചര്‍മ്മം കണ്ടാല്‍ പ്രായം പറയുകയേയില്ല !

ചര്‍മ്മത്തിലെ ചുളിവുകളകറ്റി തലമുടി കൊഴിയാതിരിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തത് അലബാമ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ കേശവ് സിങ് ഉള്‍പ്പെട്ട ശാസ്ത്രജ്ഞന്‍മാരാണ്
ഏയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍.. ഇനി ചര്‍മ്മം കണ്ടാല്‍ പ്രായം പറയുകയേയില്ല !

വാഷിംഗ്ടണ്‍:  ചര്‍മ്മം കണ്ടാല്‍ പ്രായം പറയുകയേയില്ലെന്ന വാക്കുകളില്‍ മയങ്ങിപ്പോകാത്തവരായി ആരുണ്ട്. എന്നാല്‍ ചുളിവ് വീഴാത്ത ചര്‍മ്മം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ചര്‍മ്മത്തിലെ ചുളിവുകളകറ്റി തലമുടി കൊഴിയാതിരിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തത് അലബാമ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ കേശവ് സിങ് ഉള്‍പ്പെട്ട ശാസ്ത്രജ്ഞന്‍മാരാണ്.യുവത്വത്തിലേക്ക് മനുഷ്യനെ തിരിച്ചുകൊണ്ടു പോകുന്നതിനുള്ള പരീക്ഷണം വിജയകരമായി എലികളില്‍ പൂര്‍ത്തിയാക്കി.

ശരീരകോശത്തിനുള്ളിലെ മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോഴാണ് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നതും തലമുടി മെല്ലെ കൊഴിയാന്‍ ആരംഭിക്കുന്നതും. എലിയുടെ ശരീരത്തില്‍ ജനിതക വ്യതിയാനം വരുത്തി കൃത്രിമമായി ഈ സാഹചര്യം സൃഷ്ടിച്ച ശേഷം  അതിനുണ്ടായ ശാരീരിക മാറ്റങ്ങളാണ് സംഘം നിരീക്ഷിച്ചത്.

ഡോക്‌സിക്ലിന്‍ എന്ന ആന്റിബയോട്ടിക് തീറ്റയിലും വെള്ളത്തിലും ചേര്‍ത്ത് കൊടുത്തതോടെ എലി മൂത്ത് നരച്ച് പടുകിളവനായി മാറി. ആഴ്ചകള്‍ക്കുള്ളില്‍ എലിയുടെ രോമം കൊഴിഞ്ഞു, ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു. മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം പഴയതു പോലെയാക്കിയപ്പോള്‍ എലിയില്‍ രോമം കിളിര്‍ക്കുകയും ചുളിവുകള്‍ മാറി ചര്‍മ്മം പൂര്‍വ്വസ്ഥിതിയിലെത്തുകയും ചെയ്തുവെന്നും ശാസ്ത്രസംഘം വെളിപ്പെടുത്തി.

ആന്റി ഏയ്ജിംങ് ക്രീമുകളോടും മുടി കറുപ്പിക്കുന്നതിനോടുമെല്ലാം എന്നേന്നേക്കുമായി വിടപറയാന്‍ കുറച്ച് കൂടി കാത്തിരിക്കണമെന്നാണ് ശാസ്ത്രസംഘം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com