ഇതുകൊണ്ടൊക്കെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ സുരക്ഷിതമാണെന്ന് പറയുന്നത്: പഠനം

പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാന്‍ വജൈനയ്ക്കുള്ളില്‍ വയ്ക്കുന്ന ഈ മെന്‍സ്ട്രല്‍ കപ്പുകള്‍ക്കാകും.
ഇതുകൊണ്ടൊക്കെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ സുരക്ഷിതമാണെന്ന് പറയുന്നത്: പഠനം

സ്ത്രീകള്‍ക്ക് ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ആര്‍ത്തവ കാലഘട്ടം. ഇക്കാലത്ത് സ്ത്രീകള്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന സാനിറ്ററി നാപ്കിനുകള്‍ ചിലവേറിയതും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഇതിനെല്ലാമുപരി ഇതിലെ പ്ലാസ്റ്റിക് മണ്ണില്‍ അലിയാതെ കിടക്കും എന്നതും ഏറെ പ്രയാസകരമായ സംഗതിയാണ്.

എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നത് വഴി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാകും. ഈ വിഷയത്തെക്കുറിച്ച് നിരവധി ചര്‍ച്ചകളും നിരീക്ഷണങ്ങളും നടന്നതുമാണ്. ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ മെന്‍സ്ട്രല്‍ കപ്പുകള്‍ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന ഒരു പഠനഫലം പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.  

ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ ആണ് ഇതുസംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളത്. ഡിസ്‌പോസബിള്‍ സാനിറ്ററി പാഡുകളെയോ ടാംബൂണുകളെയോ പോലെ ഇവ ലീക്ക് ചെയ്യുകില്ല. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച 70 ശതമാനം സ്ത്രീകളും അതുതന്നെ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും പഠനത്തില്‍ പറയുന്നു.

'ലോകത്ത് ആര്‍ത്തവ സമയത്ത് ആവശ്യമായ സംരക്ഷണം ലഭിക്കാത്ത ധാരാളം സ്ത്രീകളുണ്ട്. പലര്‍ക്കും ഇതിന്റെ ചെലവ് താങ്ങാനാവുന്നില്ല. വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമൂലം സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും ഓഫിസില്‍ പോകുന്ന സ്ത്രീകള്‍ക്കും പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുമുണ്ട്. 

മോശം സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമായേക്കാം. ആര്‍ത്തവമുള്ള 1.9 ബില്യണ്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ശരാശരി 65 ദിവസം ആര്‍ത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്'- ലിവര്‍പൂള്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസറായ പെനെലോപ്പ് ഫിലിപ്പ് ഹോവാര്‍ഡ് പറഞ്ഞു.

മെന്‍സ്ട്രല്‍ കപ്പുകള്‍ 4 മുതല്‍ 12 മണിക്കൂര്‍ വരെയുള്ള സമയത്ത് മാറ്റിയാല്‍ മതി. പാഡുകളും ടാംബൂണുകളും ആഗിരണം ചെയ്യുന്നതിലധികം രക്തം ശേഖരിക്കാന്‍ വജൈനയ്ക്കുള്ളില്‍ വയ്ക്കുന്ന ഈ മെന്‍സ്ട്രല്‍ കപ്പുകള്‍ക്കാകും. അണുബാധയ്ക്കുള്ള സാധ്യതയും ഇല്ല. കഴുകി ഉപയോഗിക്കാവുന്ന ഇവ പത്തുവര്‍ഷം വരെ ഉപയോഗിക്കുകയും ചെയ്യാം.

3300 ആര്‍ത്തവമുള്ള സ്ത്രീകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഇവയില്‍ മെന്‍സ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള ആദ്യപഠനമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com