രണ്ട് മിനിറ്റിനുള്ളിൽ കടിച്ച പാമ്പിനെ തിരിച്ചറിയാം; വിഷം സ്ഥിരീകരിക്കാൻ സ്ട്രിപ് 

മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് സ്ട്രിപ് ഉപയോ​ഗിച്ച് തിരിച്ചറിയാനാകുക
രണ്ട് മിനിറ്റിനുള്ളിൽ കടിച്ച പാമ്പിനെ തിരിച്ചറിയാം; വിഷം സ്ഥിരീകരിക്കാൻ സ്ട്രിപ് 

തിരുവനന്തപുരം: പാമ്പ് കടിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഏതിനം പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സ്ട്രിപ് വരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയാണ് ഇതിന് പിന്നിൽ. ഒരു തുള്ളി രക്തം പരിശോധിച്ച് രണ്ട് മിനിറ്റിനുള്ളിൽ വിഷമേതെന്നു സ്ഥിരീകരിക്കാൻ സ്ട്രിപ് ഉപയോ​ഗിക്കുന്നതുവഴി സാധിക്കും. 

ഗർഭം സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന സ്ട്രിപ്പിനു സമാനമാണ് ഇവയും. അഞ്ചു വരകളുള്ള സ്ട്രിപ്പിൽ ആദ്യ വര സ്ട്രിപ് കൺട്രോൾ യൂണിറ്റാണ്. മറ്റ് നാല് വരകൾ ഓരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നവയാണ്. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് സ്ട്രിപ് ഉപയോ​ഗിച്ച് തിരിച്ചറിയാനാകുക. 

പാമ്പുകടിയേറ്റ മുറിവിൽ നിന്നുള്ള ഒരു തുള്ളി രക്തമോ ആ ഭാഗത്തുനിന്നുള്ള സ്രവമോ സ്ട്രിപ്പിൽ ഇറ്റിച്ചാൽ ഏതിനം പാമ്പിന്റെ വിഷമാണോ ശരീരത്തിൽ പ്രവേശിച്ചത് ആ പേരിനു നേരെയുള്ള വര തെളിയും. പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കിൽ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നാണ്. പാമ്പ് ഏതിനമാണെന്നു തിരിച്ചറിഞ്ഞാൽ അതിനുമാത്രമായുള്ള മരുന്ന് (മോണോവാലന്റ്) നൽകാനാകുമെന്നതാണ് സ്ട്രിപ്പിൻറെ സവിശേഷത. എല്ലാത്തരം പാമ്പുകളുടെ വിഷത്തിനുമെതിരേ പ്രവർത്തിക്കുന്ന മരുന്ന് (പോളിവാലന്റ്) നൽകുമ്പോൾ വൃക്കതകരാർ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

ഡിസംബർ ആദ്യവാരത്തോടെ ഈ കണ്ടുപിടുത്തം കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കൈമാറും. ലബോറട്ടറി മെഡിസിൻ ആൻഡ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സ് ശാസ്ത്രജ്ഞൻ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്. 

ഒരു സ്ട്രിപ്പ് തയ്യാറാക്കാൻ 50 രൂപയോളമായിരുന്നു ചുലവ്. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ ചിലവ് ഇനിയും കുറയ്ക്കാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com