ഇന്ത്യയെ തുണച്ചത് കാലാവസ്ഥ?; കോവിഡ് മരണ നിരക്ക് കുറയാനുള്ള കാരണം കണ്ടെത്തി വിദഗ്ധര്‍ 

ഭൂമധ്യരേഖയോടടുത്ത മേഖലയായതിനാൽ രാജ്യത്തെ കാലാവസ്ഥാ സവിശേഷതകൾക്ക് കോവിഡ് മരണനിരക്കിൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് പഠനം
ഇന്ത്യയെ തുണച്ചത് കാലാവസ്ഥ?; കോവിഡ് മരണ നിരക്ക് കുറയാനുള്ള കാരണം കണ്ടെത്തി വിദഗ്ധര്‍ 

​ഗോള സാഹചര്യങ്ങളുമായി താരതമ്യം ചെയ്താൽ ഇന്ത്യയിൽ കോവിഡ്-19 മൂലമുള്ള മരണനിരക്ക് കുറവാണ്.  ഇതിന് പിന്നിലെ കാരണം എന്തെന്ന ചോദ്യം ലോകത്തിലെ ശാസ്ത്രജ്ഞരേയും ഗവേഷകരേയും ഒരുപോലെ കുഴക്കിയിരിക്കുകയാണ്. എന്നാലിപ്പോൾ  ആ ചോദ്യത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ അർബുദ വിദഗ്ധഡോക്ടർമാരുടെ സംഘം. ജീവശാസ്ത്രപരവും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി രാജ്യത്തെ മരണനിരക്ക് കുറയാനുള്ള കാരണം വിശദീകരിച്ചിരിക്കുകയാണ് ഇവർ. 

കോവിഡ് ബാധിച്ച് ഇന്ത്യയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 36,511 ആണ്. ആകെ ജനസംഖ്യയിൽ 10 ലക്ഷം പേരിൽ 25 ആണ്‌ നിലവിലെ രാജ്യത്തെ മരണനിരക്ക്.  രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് അതിരൂക്ഷമായി ബാധിച്ച  രാജ്യങ്ങളിലെ മരണനിരക്കിനേക്കാൾ വളരെ കുറവാണ് ഇന്ത്യയിലേതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള അമേരിക്കയുടെ കോവിഡ് മരണനിരക്ക് ഇന്ത്യയെക്കാൾ അഞ്ച് മടങ്ങോളം കൂടുതലാണെന്നത് സ്ഥിതി വെളിപ്പെടുത്തുന്നതാണ്.  

ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ത്രോംബോഎംബോളിസം എന്ന അവസ്ഥ മരണത്തിന് കാരണമാകുന്നതായി വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്‌. ത്രോബോഎംബോളിസം എന്ന അവസ്ഥ കോശങ്ങളിലെ വാതകവിനിമയം കുറയാൻ കാരണമാകു‌കയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതേസമയം ഞരമ്പുകളിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത ഇന്ത്യാക്കാരിൽ കുറവാണെന്നാണ് വിദഗ്ധർ നൽകുന്ന വിശദീകരണം. 

ഇന്ത്യയിൽ അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ ഊഷ്മാവ് ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുമെന്ന് ഐസിഎംആറിന്റെ ഇന്ത്യൻ ജേണൽ ഫോർ മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ പറയുന്നു. ഭൂമധ്യരേഖയോടടുത്ത മേഖലയായതിനാൽ രാജ്യത്തെ കാലാവസ്ഥാ  സവിശേഷതകൾക്ക് കോവിഡ് മരണനിരക്കിൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയ മുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിലെ ഡോക്ടർമാർ പറയുന്നു.

ജനിതകപ്രത്യേകതകൾക്ക് മരണനിരക്കുമായി ബന്ധമില്ലെന്ന് പഠനം തെളിയിക്കുന്നതായും ഡോക്ടർമാരുടെ സംഘം പറഞ്ഞു. ലോകത്തെല്ലായിടത്തും കാണപ്പെടുന്നത് ഒരേ വൈറസ് തന്നെയായതിനാൽ  ജനിതകപ്രത്യേകതകളേക്കാൾ കാലാവസ്ഥയിലെ മാറ്റമാണ് പ്രധാന കാരണമെന്ന് ടാറ്റാ മെമ്മോറിയൽ സെന്റർ ഡയറക്ടർ ഡോ. രാജേന്ദ്ര എ ബദ്‌വ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com