നിർബന്ധമായും സാമൂഹിക അകലം പാലിക്കണം; കോവിഡിന്റെ പരിണിത ഫലങ്ങള്‍ ഇങ്ങനെ; രോ​ഗിയുടെ ശ്വാസകോശ ചിത്രങ്ങൾ പുറത്തുവിട്ട് വി​ദ​ഗ്ധർ (വീഡിയോ)

നിർബന്ധമായും സാമൂഹിക അകലം പാലിക്കണം; കോവിഡിന്റെ പരിണിത ഫലങ്ങള്‍ ഇങ്ങനെ; രോ​ഗിയുടെ ശ്വാസകോശ ചിത്രങ്ങൾ പുറത്തുവിട്ട് വി​ദ​ഗ്ധർ
നിർബന്ധമായും സാമൂഹിക അകലം പാലിക്കണം; കോവിഡിന്റെ പരിണിത ഫലങ്ങള്‍ ഇങ്ങനെ; രോ​ഗിയുടെ ശ്വാസകോശ ചിത്രങ്ങൾ പുറത്തുവിട്ട് വി​ദ​ഗ്ധർ (വീഡിയോ)

വാഷിങ്ടൻ: കൊറോണ വൈറസ് വ്യാപനം ലോകത്തെ ആകെ പിടിച്ചുലയ്ക്കുകയാണ്. അതിർത്തികൾ കൊട്ടിയടച്ചും ആളുകൾ പുറത്തിറങ്ങാതെയുമൊക്കെ പ്രതിരോധ പ്രവർത്തനം ഊർജിതമായി നടക്കുന്നു. അതിനിടെ കോവിഡ്-19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കയിലെ ആശുപത്രി. കോവിഡ് സ്ഥിരീകരിച്ച 59 വയസുകാരന്റെ ശ്വാസകോശത്തിന്റെ വിശദാംശങ്ങളാണ് ആശുപത്രി പുറത്തുവിട്ടിരിക്കുന്നത്.

ഇയാള്‍ക്ക് ഇപ്പോള്‍ കോവിഡ്-19 ഉണ്ടെന്നും ശ്വാസകോശം ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നും വീഡിയോ വിശദീകരിച്ചുകൊണ്ട് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് സര്‍ജറി മേധാവി ഡോ. കീത്ത് മോര്‍ട്ട്മാന്‍ പറഞ്ഞു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇയാള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശത്തിന് വളരെയധികം കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. ഗുരുതരമായ രോഗാവസ്ഥയിലായതിനാല്‍, ശ്വസിക്കാന്‍ വെന്റിലേറ്റര്‍ ആവശ്യമാണ്, എന്നാലും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമേ ശരീരത്തിന്റെ രക്ത ചംക്രമണത്തിനും ഓക്സിജന്‍ സഞ്ചാരത്തിനുമായുള്ള സംവിധാനങ്ങളും നല്‍കണം. ഡോ. കീത്ത് മോര്‍ട്ട്മാന്‍ വിശദീകരിക്കുന്നു. 

ഇത് രോഗ പ്രതിരോധ ശേഷി സ്വതവേ കുറഞ്ഞ 70- 80 വയസുള്ള ഒരാളല്ല, പ്രമേഹ രോഗിയല്ല, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമല്ലാതെ അദ്ദേഹത്തിന് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തീര്‍ത്തും വഷളാവാന്‍ സാധ്യതയുണ്ട്. 

വീഡിയോയില്‍ മഞ്ഞ നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ ശ്വാസകോശത്തിലെ രോഗാണുബാധിച്ച ഇടങ്ങളാണ്. രോഗാണു ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ ശ്വാസകോശം അതിനെ നേരിടാന്‍ ശ്രമിക്കും. പരാജയപ്പെടുമ്പോള്‍ അത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സ്‌കാന്‍ പരിശോധനയില്‍ നിന്ന് ഇക്കാര്യം വ്യക്തമാകും.  ഒരു ചെറിയ ഭാഗത്ത് മാത്രമാവില്ല ഇതിന്റെ കേടുപാടുകള്‍ സംഭവിക്കുക. ചെറുപ്പക്കാരായ രോഗികളില്‍ പോലും അണുബാധ വളരെ പെട്ടെന്ന് വ്യാപിച്ചേക്കാം. അതേസമയം ആരോഗ്യകരമായ ശ്വാസകോശമുള്ള ഒരു രോഗിക്ക് സ്‌കാനില്‍ മഞ്ഞ നിറമുണ്ടാകില്ലെന്നും ഡോക്ടര്‍ പറയുന്നു. 

ശ്വാസകോശ സംബന്ധമായ തകരാറുകള്‍ നേരിടുന്ന രോഗികളില്‍ രോഗാണുബാധ വളരെ പെട്ടന്ന് വ്യാപിച്ചേക്കാം. ഈ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയാല്‍ രോഗം സുഖപ്പെടുത്താന്‍ വളരെയധികം സമയമെടുക്കും. കോവിഡ് -19 ഉള്ള രോഗികളില്‍ ഏകദേശം 2- 4% പേരിലും ഇത്തരം കേടുപാടുകള്‍ പരിഹരിക്കാനാവില്ല, അവർ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

കൊറോണ വൈറസ് ശ്ലേഷ്മ സ്തരങ്ങളിലേക്കാണ് ആദ്യമെത്തുക. പിന്നീട് ശ്വാസകോശത്തിലേക്ക്. പക്ഷെ കോശ ജ്വലനത്തിലൂടെ ശരീരം അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി ഓക്സിജന്‍ സഞ്ചാരം, കാര്‍ബണ്‍ഡൈ ഓക്സൈഡിനെ പുറന്തള്ളുക തുടങ്ങിയ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകള്‍ തടസപ്പെടും. ഇതിന്റെ ഫലമായി ചുമ, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങളും ആരംഭിച്ചേക്കാം. 

കൊറോണ നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആളുകള്‍ സാമൂഹിക അകലം പാലിക്കണം. ഐസോലേറ്റ് ചെയ്യപ്പെടണം. അല്ലാത്തപക്ഷം പരിണിത ഫലങ്ങള്‍ ഇങ്ങനെയൊക്കെയാവും. ഇത് തങ്ങളുടെ ആദ്യത്തെ രോഗിയായിരുന്നുവെന്നും പക്ഷേ വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണം വളരെ അധികം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com