പ്രതിരോധ ശേഷി കൂട്ടാന്‍ ചിറ്റമൃത് നിരന്തരം കഴിച്ചവരില്‍ കരള്‍ പ്രശ്‌നങ്ങള്‍; പഠനം

പഠനം തെറ്റിദ്ധാരണാജനകമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം
ചിറ്റമൃത്
ചിറ്റമൃത്

കോവിഡ് കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ മരുന്നു കഴിച്ചവരില്‍ കരള്‍ രോഗങ്ങള്‍ കണ്ടെത്തിയതായി പഠനം. ചിറ്റമൃത് ചേര്‍ത്ത മരുന്നു കഴിച്ചവരിലാണ് കരള്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്ന് പഠനം പറയുന്നു. പഠനം തെറ്റിദ്ധാരണാജനകമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പ്രതികരിച്ചു.

പ്രതിരോധ ശേഷി കൂട്ടാന്‍ ചിറ്റമൃത് ചേര്‍ത്ത മരുന്ന് നിരന്തരം കഴിച്ച പലര്‍ക്കും കരള്‍ നാശമുണ്ടായതായി ക്ലിനിക് ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഹെപ്പറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പറയുന്നത്. 2020 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ കരള്‍ നാശം ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു രോഗികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പഠനം ഈ നിഗമനത്തില്‍ എത്തുന്നത്. മഞ്ഞപ്പിത്തം ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയില്‍ ഇവരെല്ലാവരും ചിറ്റമൃത് കൊണ്ടുണ്ടാക്കിയ ഔഷധ കൂട്ട് സ്ഥിരമായി കഴിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തി.

കറുവാപ്പട്ടയും ഗ്രാമ്പൂവും ചേര്‍ത്ത് ചിറ്റമൃത് കഴിക്കാറുണ്ടെന്ന് രോഗികള്‍ പറഞ്ഞു. ചിലര്‍ തുടര്‍ച്ചയായി ആറു മാസം ചിറ്റമൃത് ചേര്‍ത്ത മരുന്നുകള്‍ കഴിച്ചിരുന്നു. ടിനോസ്‌പോറ കോര്‍ഡിഫോളിയ എന്ന ശാസ്ത്രനാമമുള്ള ചിറ്റമൃത് നൂറ്റാണ്ടുകളായി ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം ചിറ്റമൃത് ശുപാര്‍ശ ചെയ്തിരുന്നു. 

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ചിറ്റമൃത് ശരീരത്തിലെ മാലിന്യം നീക്കാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നുവെന്നാണ് ആയുര്‍വേദം പറയുന്നത്. വിദഗ്ധരുടെ നിര്‍ദേശം അവഗണിച്ച് അമിതമായി ചിറ്റമൃത്  ഉപയോഗിച്ചതാണ് കരള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടിയതിന്റെ പാര്‍ശ്വഫലമാവാം എന്നും കരള്‍ പ്രശ്‌നങ്ങള്‍ എന്നും വാദമുണ്ട്. 

പഠനം തെറ്റിദ്ധാരണാജനകമാണെന്ന് ആയുഷ് മന്ത്രാലയം പ്രതികരിച്ചു. അപൂര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ആയുര്‍വേദ സമ്പ്രദായങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com