കോവിഡ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ലോകത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ ഗണ്യമായ കുറവ്; റിപ്പോര്‍ട്ട് 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒന്നരവര്‍ഷത്തിലേറെ കാലമായി ലോകത്ത് പിടിമുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരി ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഒാക്‌സ്ഫഡ് സര്‍വകലാശാല പഠനറിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒന്നരവര്‍ഷത്തിലേറെ കാലമായി ലോകത്ത് പിടിമുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരി ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഒാക്‌സ്ഫഡ് സര്‍വകലാശാല പഠനറിപ്പോര്‍ട്ട്. അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ടുവര്‍ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്ത് 47ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. കോടിക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചത്. ലോകത്തെ 29 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 22 രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ആറുമാസത്തിന്റെ കുറവ് ഉണ്ടായി. 2019ലെ കണക്കുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് ഈ കുറവ് കണ്ടെത്തിയത്. 29 രാജ്യങ്ങളില്‍ ഭൂരിഭാഗം രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ചിലി തുടങ്ങിയ ഇടങ്ങളിലാണ് പഠനം നടത്തിയത്.

കോവിഡ് എത്രമാത്രം അപകടകരമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം രാജ്യങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്. അമേരിക്കയിലെ പുരുഷന്മാരില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ശരാശരി 2.2 വര്‍ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 15 രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

11 രാജ്യങ്ങളില്‍ സ്ത്രീകളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ മരണനിരക്ക് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ 60 വയസിന് മുകളിലുള്ളവരിലാണ് മരണനിരക്ക് ഉയര്‍ന്നത്. കൂടുതല്‍ പഠനത്തിന് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെയും ഇടത്തരം രാജ്യങ്ങളുടെയും കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഡേറ്റ ലഭിക്കേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com