സെക്‌സ് വിഡിയോകളും മെസേജുകളും അയയ്ക്കാറുണ്ടോ? എന്തോ പ്രശ്‌നമുണ്ട്-പഠനം 

പങ്കാളികളിൽ നിന്നുള്ള സമ്മർദം കൂടുമ്പോൾ സെക്‌സ്റ്റിങ്ങുകൾ ആണുങ്ങൾക്കിടയിൽ വർധിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലൈംഗികമായ ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കുന്നവർ ഇരുണ്ട വ്യക്തിത്വമുള്ളവരെന്ന് പഠനം. ഇറ്റലിയിലെ സഫിൻസ സർവകലാശാലയിലെ മനശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ബ്രിട്ടനിലെ ഹഡേഴ്‌സ്ഫീൽഡ് സർവകലാശാലയിലുള്ളവരും പങ്കെടുത്ത് നടത്തിയ പഠനമാണ് ഇത്തരമൊരു നി​ഗമനത്തിൽ എത്തിയത്. ഇരുണ്ട വ്യക്തിത്വ സവിശേഷതകളും സെക്സ്റ്റിങും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മറ്റെന്തിനേക്കാളും സ്വയം ഇഷ്ടപ്പെടുക, കാര്യംകാണാൻ എന്തും ചെയ്യുക തുടങ്ങിയ സ്വഭാവസവിശേഷതകളും ഇത്തരക്കാരിൽ കണ്ടുവരുന്നുണ്ടെന്നും മനശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

ബെൽജിയം, ചൈന, ചെക്ക് റിപ്പബ്ലിക്ക്, അയർലൻഡ്, ഇറ്റലി, മലേഷ്യ, പോളണ്ട്, റഷ്യ, തുർക്കി, ഉഗാണ്ട, അമേരിക്ക എന്നീ 11 രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തോളം പേരിലാണ് പഠനം നടത്തിയത്. അശ്ലീല സന്ദേശങ്ങളെ പരീക്ഷണാർഥം, അപകടം പിടിച്ച, വെറുപ്പിക്കുന്ന എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചായിരുന്നു പഠനം നടത്തിയത്. ഓൺലൈനിലൂടെ മാത്രം പരിചയമുള്ള വ്യക്തികളുമായി നടത്തുന്ന ലൈംഗികചുവയുള്ള സന്ദേശങ്ങളും മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികൾക്ക് അടിപ്പെട്ടിരിക്കുമ്പോൾ നടത്തുന്ന ഇത്തരം സംഭാ,ണങ്ങളുമാണ് 'അപകടം പിടിച്ചവ'യുടെ പരിധിയിൽ ഉൾപ്പെടുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ പെടുന്നവയാണ് വെറുപ്പിക്കുന്ന ടെക്സ്റ്റിങ്ങുകൾ. ഭീഷണിപ്പെടുന്നതുന്നതിനോ സമ്മർദത്തിലാക്കുന്നതിനോ മറു തലക്കുള്ളവരുടെ സമ്മതമില്ലാതെയോ ഒക്കെയായിരിക്കും ഇത്തരം സന്ദേശങ്ങളയക്കുക എന്നത് കുറ്റത്തിന്റെ ഗൗരവം കൂട്ടുന്നു. ആൺകുട്ടികളാണ് ഇത്തരം മെസേജുകൾ കൂടുതലായും അയക്കുന്നത്. 

സ്വന്തം ലൈംഗികതയെ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം പേരും പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്. പങ്കാളികളിൽ നിന്നുള്ള സമ്മർദം കൂടുമ്പോൾ സെക്‌സ്റ്റിങ്ങുകൾ ആണുങ്ങൾക്കിടയിൽ വർധിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ഇതോടൊപ്പം  അപകടം പിടിച്ച സെക്സ്റ്റിങ്ങുകൾ അപരിചിതർക്ക് അയക്കുന്നതിൽ പ്രായക്കുറവുള്ളവരാണ് മുന്നിലെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി. വിഷാദരോഗം, നിരാശ, ആത്മഹത്യാപ്രവണത, കുറഞ്ഞ മാനസികാരോഗ്യം, ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരുമായി ഇടപെടാനുള്ള ശേഷികുറവ് തുടങ്ങി പല വ്യക്തിത്വ സവിശേഷതകളും സെക്സ്റ്റിങ് ശീലമാക്കുന്നവരിൽ കണ്ടുവരുന്നുണ്ട്. 

ലൈംഗിക ചുവയുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ വിഡിയോകളോ ഏതെങ്കിലും സമൂഹമാധ്യമങ്ങൾ വഴിയോ മറ്റേതെങ്കിലും മാർ​ഗ്​ഗത്തിലൂടെ ലഭിക്കുകയോ അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. നാർസിസിസം, മെക്കിയവെല്ലിയനിസം, സൈക്കോപതി തുടങ്ങി ഇരുണ്ട വ്യക്തിത്വത്തിന്റെ കാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വഭാവ സവിശേഷതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ചോദ്യങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇന്റർനാഷണൽ ജേണൽ ഓഫ് എൻവിയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക്ക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com