'ഐവർമെക്ടിൻ' കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

'ഐവർമെക്ടിൻ' കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്റിപാരസൈറ്റിക് മരുന്നായ ഐവെർമെക്ടിന്റെ ഉപയോഗം കോവിഡ് 19 ഇല്ലാതാക്കുമെന്ന് അമേരിക്കൻ ജേണലായ തെറാപ്യൂട്ടിക്സിൽ കഴിഞ്ഞ ദിവസം പഠന റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. സ്ഥിരമായുളള ഐവെർമെക്ടിന്റെ ഉപയോഗം മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത കുറയ്ക്കുന്നതിനാൽ ഇത് കോവിഡിനെതിരേ ഫലപ്രദമാണ് എന്നായിരുന്നു തെരാപ്യൂട്ടിക്സിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 

ഇപ്പോഴിതാ ​ഗോവയിൽ ഐവർമെക്ടിൻ കോവിഡ് രോ​ഗികൾക്ക് നൽകാനുള്ള സംസ്ഥാന ആരോ​ഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ തീരുമാനത്തിനെതിരെ ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പുമായി രം​ഗത്തെത്തി. ഐവർമെക്ടിൻ സംസ്ഥാനത്തെ എല്ലാ മുതിർന്നവർക്കും നൽകുമെന്നായിരുന്നു ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. പിന്നാലെയാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ മരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രതാ സന്ദേശവുമായി ട്വിറ്ററിൽ കുറിപ്പിട്ടത്.  

മെർക്ക് ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഐവർമെക്ടിന്റെ ഫലപ്രാപ്തി സംബന്ധിച്ച പ്രസ്താവന ഉൾപ്പെടെ ട്വീറ്ററിൽ പോസ്റ്റ് ചെയ്താണ് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'ഏതെങ്കിലും പുതിയ മരുന്ന് ഉപയോ​ഗിക്കുമ്പോൾ അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും പ്രധാനമാണ്. കോവിഡിന്റെ ക്ലിനിക്കൽ ട്രയലുകൾക്ക് മാത്രമേ ഇപ്പോൾ ഐവർമെക്ടിൻ ഉപയോ​ഗിക്കാവു എന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു'-  അവർ ട്വിറ്ററിൽ കുറിച്ചു. 

ഐവർമെക്ടിൻ കോവി‍ഡിനെ പ്രതിരോധിക്കുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് മെർക്ക് വാദിക്കുന്നു. കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ ഐവർമെക്ടിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിലവിലെ തെളിവുകൾ അനിശ്ചിതമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ ഡാറ്റ ലഭ്യമാകുന്നതുവരെ, ക്ലിനിക്കൽ ട്രയലുകൾക്കുള്ളിൽ മാത്രമേ മരുന്ന് ഉപയോഗിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന ശുപാർശയും ചെയ്തിരുന്നു. കോവിഡിനെ തടയുന്നതിന് ഐവർമെക്ടിൻ ഉപയോഗിക്കുന്നത് ഗവേഷകർ പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ മാർഗ്ഗ നിർദ്ദേശങ്ങളുടെ പരിധിക്ക് പുറത്താണ് മരുന്നിന്റെ ഉപയോ​ഗമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

പ്രായപൂർത്തിയായ കോവിഡ് രോ​ഗികൾക്ക് അഞ്ച് ദിവസത്തേക്ക് ഐവർമെക്ടിൻ 12 മില്ലി.​ഗ്രാം ഡോസിൽ നൽകാനാണ് ​ഗോവ സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശമോ, ലോകാരോ​ഗ്യ സംഘടനയുടെ മാർ​ഗ നിർദ്ദശമോ ഉണ്ടോ എന്നാണ് വിദ​ഗ്ധരും കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും സർക്കാരിനോട് ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com