അണ്ഡാശയ അർബുദം, കണ്ടെത്താൻ പ്രയാസമാണ്; ഈ സൂചനകൾ ശ്രദ്ധിക്കാം, മുൻകരുതലും  

അറിയാതെപോകുന്ന അണ്ഡാശയ അർബുദം തിരിച്ചറിയാൻ ശരീരം നൽകുന്ന ചില സൂചനകൾ ശ്രദ്ധിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുടുംബത്തിലെ അർബുദ ചരിത്രം, പ്രായം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങൾ പലതാണ്. അണ്ഡാശയത്തിൽ അർബുദകോശങ്ങൾ വളരുന്നത് ആദ്യഘട്ടത്തിൽ തിരിച്ചറിയണമെന്ന് പോലുമില്ല. അർബുദം പുരോഗമിക്കുമ്പോൾ  മാത്രമാണ് പരിശോധന അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്. അറിയാതെപോകുന്ന അണ്ഡാശയ അർബുദം തിരിച്ചറിയാൻ ശരീരം നൽകുന്ന ചില സൂചനകൾ ശ്രദ്ധിക്കാം. 

ഈ സൂചനകളെ നിസാരമായി കണക്കാക്കരുത്

പല കാരണങ്ങൾ മൂലം പലർക്കും വയറ്റിൽ ഗ്യാസ് രൂപപ്പെടാറുണ്ട്. ദഹനപ്രശ്നങ്ങൾ മുതൽ ഇതിന്റെ കാരണവുമാണ്. എന്നാൽ ഇത് സാധാരണമാണെന്ന് കരുതി വയറ്റിലെ ഉരുണ്ട് കയറ്റവും വയർവീർത്തിരിക്കലുമൊന്നും കാര്യമാക്കാറില്ല. അതുകൊണ്ടുതന്നെ അവ അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലർക്കും തിരിച്ചറിയാൻ കഴിയാറുമില്ല. പുറം വേദനയും ഇങ്ങനെതന്നെയാണ്. എല്ലുകളുടെയോ പേശികളുടെയോ പ്രശ്നമാണെന്നാണ് പലരും പൊതുവെ കരുതുക. എന്നാൽ ഇത് അണ്ഡാശയ അർബുദം കൊണ്ടും ഉണ്ടാകാറുണ്ട്. അതുകൊണ്ട് പതിവായി പുറംവേദന ഉണ്ടാകുന്നവർ ഡോക്ടറെ ബന്ധപ്പെടണം.  മലബന്ധം, അതിസാരം എന്നിവയും ദഹനപ്രശ്നമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പക്ഷെ ഇത്തരം ലക്ഷണങ്ങൾ സ്ത്രീകളിൽ അണ്ഡായശ അർബുദത്തിൻറെ സൂചനയായും ഉണ്ടാകാറുണ്ട്. 

മുൻകരുതലുകൾ 

ചില മുൻകരുതലുകൾ സ്വീകരിച്ചാൽ അണ്ഡാശയ അർബുദത്തിൻറെ അപകടസാധ്യത ഒരു പരിധി വരെ കുറയ്ക്കാനാകും. നിരന്തരമായ വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അർബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിതവണ്ണം അണ്ഡാശയ അർബുദ സാധ്യത വർധിപ്പിക്കുന്നതാണ്. അതുകൊണ്ട് തടി കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കണം. പുകയില, മദ്യം, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് അകലം പാലിക്കണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ശ്രമിക്കണം. 

ഗർഭിണിയാകുന്നത് അണ്ഡാശയ അർബുദത്തിൻറെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗർഭനിയന്ത്രണ മരുന്നുകളുടെ ഉപയോഗവും അണ്ഡാശയ അർബുദത്തിൻറെ സാധ്യത കുറയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com