മൂന്നിലൊരാൾ മരിക്കാൻ സാധ്യത, പുതിയ വൈറസ് 'നിയോകോവ്' അതിമാരകം; വുഹാൻ ​ഗവേഷകരുടെ മുന്നറിയിപ്പ്  

വൈറസിന് അതിവ്യാപന ശേഷിയാണെന്നും ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പ്  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 'നിയോകോവ്' ‌എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് ചൈനയിലെ വുഹാനിൽനിന്നുള്ള ഗവേഷകർ. ഈ വൈറസിന് അതിവ്യാപന ശേഷിയാണെന്നും ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. 

ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് 'നിയോകോവ്' കണ്ടെത്തിയിരിക്കുന്നത്. ഇത് പുതിയ വൈറസല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാർസ് കോവ്-2വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്‌നിക് പുറത്തുവിട്ട വാർത്തയിൽ പറയുന്നു. 

മെർസ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂർവേഷൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ വവ്വാലുകളിൽ മാത്രമാണു വൈറസ് പടർന്നിരിക്കുന്നതെങ്കിലും നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും പുതിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാൻ ഇതിനു വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് ​ഗവേഷകർ പറയുന്നത്. 

കൊറോണ വൈറസിനേക്കാൾ വിഭിന്നമായാവും ഈ വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുക. അതിനാൽ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്‌സീൻ സംരക്ഷണത്തിനോ കഴിയില്ലെന്നും ​ഗവേഷകർ ആശങ്ക പങ്കുവച്ചു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വുഹാൻ സർവകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ഗവേഷകരാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com