തലച്ചോറിനെയും വൃക്കയെയും ബാധിക്കും, ഷി​​ഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കും; മുൻകരുതൽ 

രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോ​ഗ വളരെ പെട്ടെന്ന് വ്യാപിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീണ്ടും ആശങ്ക പരത്തുകയാണ് ഷി​​ഗെല്ല. വയറിളക്കരോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷി​ഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവശ്രദ്ധ പുലർത്തണമെന്ന് നിർദേശിക്കുകയാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. 

കുട്ടികളെയാണ് ഷി​ഗെല്ല ബാക്ടീരിയ കൂടുതലും ബാധിക്കുന്നത്. രോഗം ബാധിച്ചാൽ കുട്ടികളിൽ വളരെ പെട്ടന്ന് നിർജലീകരണമുണ്ടായി അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോ​ഗ വളരെ പെട്ടെന്ന് വ്യാപിക്കും. ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ഷി​ഗെല്ല ബാക്ടീരിയയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ഒരാഴ്ചവരെ സമയമെടുത്താണ് അപകടകരമായ രീതിയിൽ ഇവ പെരുകുക. അതിനാൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾതന്നെ ചികിത്സ തേടണമെന്ന് ഡിഎംഒ നിർദേശിച്ചു.

വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതേസമയം ഷി​​ഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണംവരെ സംഭവിക്കാം.

കരുതൽ വേണം

ഭക്ഷണം പൂർണമായുംവേവിച്ച് മാത്രം കഴിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.
പഴകിയ ആഹാരം കഴിക്കരുത്.
ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക. 
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം. 
മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
ഭക്ഷണത്തിനു മുമ്പും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക
രോഗത്തിന് ചികിത്സ തേടുക 
വയറിളക്കം ഉണ്ടായാൽ ഉടൻ ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം മുതലായവ കുടിക്കുക.
കുടിവെള്ളസ്രോതസ്സുകൾ സമയാസമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യണം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com