'ഫാറ്റി ലിവർ മദ്യപാനികളുടെ രോ​ഗം!', 'ഭാരം കുറച്ചാൽ രോ​ഗം മാറും!'; തെറ്റിദ്ധാരണകൾ മാറ്റി കരളിന്റെ ആരോഗ്യം ശ്രദ്ധിക്കാം  

ഫാറ്റി ലിവർ ഡിസീസ് രോഗവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ പൊതുവേയുണ്ട്. രോ​ഗം കൃത്യമായി തിരിച്ചറിയാനും ചികിത്സിക്കാനും ഇക്കാര്യങ്ങിൽ വ്യക്തത നേടണം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരൾ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. രക്തത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കം ചെയ്യുന്നതടക്കമുള്ള സുപ്രധാന കാര്യങ്ങൾ നിർവ്വഹിക്കുന്നത് കരളാണ്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണ്.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ് അഥവാ സ്റ്റിയാറ്റോസിസ്. ഈ രോഗവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ പൊതുവേയുണ്ട്. രോ​ഗം കൃത്യമായി തിരിച്ചറിയാനും ചികിത്സിക്കാനും ഇക്കാര്യങ്ങിൽ വ്യക്തത നേടണം. രണ്ട് തരത്തിൽ ഫാറ്റി ലിവറുണ്ട്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ, ആൽക്കഹോളിക് ഫാറ്റി ലിവർ. ആൽക്കഹോളിക് ഫാറ്റി ലിവർ പേര് സൂചിപ്പിക്കുന്നതു പോലെതന്നെ പൊതുവേ മദ്യപാനികളിൽ കണ്ടു വരുന്നതാണ്. 

മദ്യപാനികളുടെ രോ​ഗം

ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ തന്നെ മദ്യപാനികൾക്ക് വരുന്ന രോ​ഗമെന്നാണ് പൊതുവിലുള്ള ധാരണം. എന്നാൽ ഇത് തെറ്റാണ് മദ്യപാനികൾക്ക് മാത്രം വരുന്ന അത്ര അപൂർവമായ രോഗമല്ല ഫാറ്റി ലിവർ. സ്ത്രീകളും യുവാക്കളും അടക്കമുള്ളവരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നതിന്റെ സംഖ്യ വർദ്ധിക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. കുട്ടികളിലും ഫാറ്റി ലിവർ ആശങ്കപ്പെടുത്തുന്ന തോതിൽ വർദ്ധിക്കുന്നുണ്ട്. കരൾ മാറ്റി വയ്ക്കലിലേക്ക് നയിക്കുന്ന കാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള രോ​ഗം നഗരപ്രദേശങ്ങളിൽ ഉള്ളവരിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. 

രോ​ഗികൾ പൊണ്ണത്തടിയുള്ളവർ

പൊണ്ണത്തടിയുള്ള ആളുകൾക്കാണ് ഫാറ്റി ലിവർ ഉള്ളതെന്ന ധാരണയും തെറ്റാണ്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ബാധിതരിൽ വെറും 34 ശതമാനം പേർ മാത്രമാണ് പൊണ്ണത്തടിയുള്ളവർ. ബാക്കി വലിയൊരു ശതമാനവും സാധാരണ ഭാരമുള്ളവരാണ്. 

നോൺ ആൽക്കഹോളിക് ഫാറ്റി ലിവറുകാർക്ക് മദ്യപിക്കാം

ആൽക്കഹോളിക് ഫാറ്റി ലിവർ മദ്യപാനം മൂലമുണ്ടാകുന്ന രോഗമാണ്. പക്ഷെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നവരോടും ദ്യപാനം പൂർണമായോ ഏറെക്കുറെയോ ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്. മദ്യപാനത്തിനു പുറമേ പുകവലിയും ഉപേക്ഷിക്കണം. സന്തുലിതമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ഉറപ്പുവരുത്താനാണ് ശ്രദ്ധിക്കേണ്ടത്. 

ഭാരം കുറയ്ക്കുന്നതാണ് ചികിത്സ

ശരീരഭാരം ഏഴ് മുതൽ 10 ശതമാനം വരെ കുറച്ചാൽ കരളിലെ കൊഴുപ്പ് ക്രമേണ കുറയുമെന്നത് ശരിയാണ്. പക്ഷെ ഇതുമാത്രമല്ല ഫാറ്റി ലിവറിനുള്ള ചികിത്സ. ശസ്ത്രക്രിയ, മരുന്നുകൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിങ്ങനെ ഓരോ രോ​ഗിയുടെയും അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ ക്രമീകരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യുന്നതും അനാരോ​ഗ്യകരമായ ഭക്ഷണം ഒഴിവാക്കുന്നതും ചികിത്സയിൽ പ്രധാനമാണ്. 

ലക്ഷണങ്ങൾ വയർവേദനയും കണ്ണിലെ മഞ്ഞപ്പും

ഫാറ്റി ലിവർ രോഗം ശരീരത്തിൽ ക്രമേണ പുരോ​ഗമിക്കുന്ന ഒന്നാണ്. അസുഖമുള്ള പലരിലും തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടണമെന്നില്ല. തലകറക്കം, മനംമറിച്ചിൽ, വയറിൻറെ വലതു ഭാഗത്തു വേദന പോലുള്ള ബുദ്ധിമുട്ടുകളും ഫാറ്റി ലിവർ മൂലം അനുഭവപ്പെട്ടേക്കാം. ലിവർ ഫങ്ഷൻ ടെസ്റ്റ് കൊണ്ട് മാത്രം എല്ലാ ഫാറ്റി ലിവർ കേസുകളും കണ്ടെത്താനായെന്നും വരില്ല. ഇത്തരം സാഹചര്യങ്ങളിൽ അൾട്രാസൗണ്ട് പരിശോധന, ലിവർ ബയോപ്സി, ഹെപാറ്റിക് ഇലാസ്റ്റോഗ്രാഫി പോലുള്ള പരിശോധനകൾ നടത്തേണ്ടി വരും. 

കരളിന്റെ മാത്രം രോ​ഗം

ശരിയാണ് ഫാറ്റി ലിവർ എന്നാൽ കരളിനെ ബാധിക്കുന്ന രോ​ഗമാണ്, പക്ഷെ ഇത് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങി ഹൃദ്രോഗം, വൃക്കരോഗം എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുപുറമേ കുടലിലെ പ്രശ്നങ്ങൾ, ഓസ്റ്റിയോപോറോസിസ്, സോറിയാസിസ്, സ്ലീപ് അപ്നിയ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം പോലുള്ള ഹോർമോണൽ പ്രശ്നങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com