അപകടകരമായ വകഭേദങ്ങളുണ്ടാവാം, പക്ഷേ..; കോവിഡ് സാഹചര്യം വിലയിരുത്തി ലോകാരോഗ്യ സംഘടന 

മഹാമാരി അവസാനിപ്പിക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഫോക്കസ് എന്നും ടെഡ്രോസ്
ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും കോവിഡ് മഹാമാരി നമ്മൾ തീരുമാനിക്കുമ്പോൾ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ് വ്യാപനത്തിന് അനുയോജ്യമായ സമയമാണ് ഇത്, കൂടുതൽ മാരകമായ വൈറസ് വകഭേദങ്ങൾക്കും സാധ്യതയുണ്ട് പക്ഷെ ഈ മഹാമാരി നമ്മൾ തീരുമാനിക്കുമ്പോൾ അവസാനിക്കുമെന്നാണ് ടെഡ്രോസ് അദാനോമിന്റെ വാക്കുകൾ.  മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസ് 2022ലെ തത്സമയ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി അവസാനിപ്പിക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഫോക്കസ് എന്നും ടെഡ്രോസ് പറഞ്ഞു. 

“രണ്ട് വർഷം മുമ്പ് നമ്മൾ കണ്ടുമുട്ടിയപ്പോൾ, ഈ പുതിയ വൈറസിന്റെ വ്യാപനത്തെ നമ്മളെല്ലാം നിയന്ത്രിച്ചുവരുന്നതേ ഉണ്ടായിരുന്നൊള്ളു. അന്ന് നമ്മളാരും തന്നെ മഹാമാരിയുടെ മൂന്നാം വർഷത്തിലേക്ക് കടക്കുമെന്ന് സങ്കൽപ്പിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപക്ഷെ വ്യാപനത്തിന് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടുതൽ മാരകമായ വകഭേദങ്ങൾ ഉത്ഭവിച്ചേക്കാം. പക്ഷെ ഈ വർഷം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡ് മഹാമാരിയെ നമുക്ക് അവസാനിപ്പിക്കാം"അദ്ദേഹം പറഞ്ഞു. 

തീവ്രത കുറഞ്ഞ ഒമൈക്രോൺ വകഭേദവും ചില രാജ്യങ്ങളിലെ ഉയർന്ന വാക്‌സിൻ കവറേജും മഹാമാരി അവസാനിച്ചു എന്ന അപകടകരമായ ചിന്തയ്ക്ക് കാരണമായിട്ടുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. "പ്രതിരോധിക്കാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗം ബാധിച്ച് ആഴ്ചയിൽ 70,000 പേർ മരിക്കുമ്പോഴല്ല നമ്മൾ മഹാമാരി അവസാനിച്ചു എന്ന് കരുതേണ്ടത്. ആഫ്രിക്കയിലെ ജനസംഖ്യയുടെ 83% പേർക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്തപ്പോഴല്ല ഈ കാഴ്ച്ചപ്പാടിലേക്കെത്തേണ്ടത്. കൂടുതൽ രോ​ഗികൾക്ക് മുന്നിൽ ആരോ​ഗ്യ സംവിധാനങ്ങൾ ആടിയുലയുമ്പോഴും വളരെയധികം വ്യാപനശേഷിയുള്ള വൈറസ് അനിയന്ത്രിതമായി പ്രചരിക്കുമ്പോഴുമല്ല ഇങ്ങനെ ചിന്തിക്കേണ്ടത്",  അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്ഥിതി എല്ലാം മോശമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരി അവസാനിപ്പിക്കാനുള്ള ആയുധങ്ങൾ നമ്മുടെ കൈയിലുണ്ട്, അതെങ്ങനെ അവസാനിപ്പിക്കണം എന്നും നമുക്കറിയാം. വാക്സിനുകൾ, പരിശോധനകൾ, ചികിത്സകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ എല്ലായിടത്തും ലഭ്യമാക്കാനുള്ള ധനസഹായം എത്തിക്കാൻ നമ്മൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിക്ക് ആക്കം കൂട്ടിയ ആശയക്കുഴപ്പങ്ങൾക്കും പൊരുത്തക്കേടിനും പകരം ശക്തമായ ഭരണമാണ് നമുക്കാവശ്യം. ഇത്തരം ആ​ഗോള വിപത്തുക്കൾക്കെതിരെ സഹകരണവും ഒന്നിച്ചുള്ള പ്രവർത്തനവുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com