പഴുത്ത് തുടുത്തിരിക്കുന്ന മാങ്ങ കണ്ടാലേ കൊതിയാണ്; ശരീരഭാരം കൂടുമോ? എപ്പോള്‍ കഴിക്കണം?; വിദഗ്ധര്‍ പറയുന്നതിങ്ങനെ 

മാങ്ങ ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന പഴമാണ്, ചില സാഹചര്യങ്ങളില്‍ ശരീരഭാരം കുറയ്ക്കാന്‍ പോലും ഇത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാങ്ങയുടെ സീസണ്‍ ആയതുകൊണ്ടുതന്നെ ഇപ്പോള്‍ ഏത് വീട്ടില്‍ ചെന്നാലും ഒരു മാങ്ങയെങ്കിലും കാണാതിരിക്കില്ല. കടകളിലും സൂപ്പര്‍മാര്‍ക്കറ്റിലുമെല്ലാം മാങ്ങ സുലഭമായി എത്തിയിട്ടുണ്ട്. കൊതിപ്പിക്കുന്ന നിറവും കിടിലന്‍ രുചിയും ഓര്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കാണെങ്കിലും ഒരു മാങ്ങയെടുത്ത് ചെത്തി കഴിക്കാന്‍ തോന്നും. പക്ഷെ, മാങ്ങ എല്ലാവര്‍ക്കും കഴിക്കാമോ? 

മാങ്ങയെക്കുറച്ച് പല തെറ്റിദ്ധാരണകളുമുണ്ട്, മാങ്ങ കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ മാങ്ങ ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന പഴമാണ്, ചില സാഹചര്യങ്ങളില്‍ ശരീരഭാരം കുറയ്ക്കാന്‍ പോലും ഇത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷെ, കഴിക്കുന്ന മാങ്ങയുടെ അളവില്‍ ഒരു ശ്രദ്ധ വേണമെന്നതാണ് പ്രധാന കാര്യം. ശരീരഭാരം കൂടുന്നതും പൊണ്ണത്തടിയുമൊക്കെ മാങ്ങയോ മറ്റ് പഴങ്ങളോ കൂടുതലായി കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല, മറിച്ച് ശരീരം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഇതിന് കാരണം. 

മാങ്ങയില്‍ കലോറി കുറവാണ്, നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മാങ്ങ കഴിക്കുമ്പോള്‍ വിശപ്പ് മാറിയെന്ന് തോന്നുകയും കൂടുതല്‍ സമയം വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യും. അതുപോലെതന്നെ മാങ്ങയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ശരീരഭാരം സ്വന്തമാക്കാനും സഹായിക്കുകയും ചെയ്യും എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മാങ്ങയില്‍ അടങ്ങിയിട്ടുള്ള നാരുകളുടെ മുഴുവന്‍ പ്രയോജനം ലഭിക്കണമെങ്കില്‍ ജ്യൂസടിക്കാതെ പഴമായി തന്നെ കഴിക്കുന്നതാണ് നല്ലത്. മാങ്ങ കഴിക്കുന്ന സമയവും ശ്രദ്ധിക്കണം. നമ്മളില്‍ പലരും ഭക്ഷണം കഴിച്ച് ഡെസര്‍ട്ട് എന്ന രീതിയിലാണ് മാങ്ങ അടക്കമുള്ള പഴങ്ങള്‍ കഴിക്കുന്നത്. പക്ഷെ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഇങ്ങനെ ചെയ്യരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാങ്ങ ഉച്ചയ്ക്ക് മുമ്പായോ വൈകുന്നേരമോ കഴിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. 

മാങ്ങ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ശരീരത്തെ അസുഖങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ, ഇ, ബി എന്നിവയ്‌ക്കൊപ്പം ചെമ്പ്. ഫോളേറ്റ് എന്നിവയും മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്, ഇതും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതാണ്. മാമ്പഴത്തിലെ വിറ്റാമിന്‍ എ കാഴ്ച്ചശക്തിക്കും നല്ലതാണ്. നേത്രാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും മാങ്ങയില്‍ ഉണ്ട്. മാങ്ങ കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്.    

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com