ചെള്ളിൽ നിന്ന് പകരുന്ന രോ​ഗം, എന്താണ് ലൈം ഡിസീസ്?; 15 വർഷമായി പോരാട്ടത്തിലെന്ന് ബെല്ല ഹഡിഡ്

ബൊറീലിയ ജനുസ്സിൽ പെട്ട മൂന്ന് ബാക്ടീരിയകളാണ് മനുഷ്യരിൽ ഈ അസുഖം ഉണ്ടാക്കുന്നത്
ബെല്ല ഹഡിഡ്/ചിത്രം: ഇൻസ്റ്റ​ഗ്രാം
ബെല്ല ഹഡിഡ്/ചിത്രം: ഇൻസ്റ്റ​ഗ്രാം


15 വർഷമായി താൻ ലൈം രോഗവുമായുള്ള പോരാട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് 26കാരിയായ പ്രശസ്ത മോഡൽ ബെല്ല ഹഡിഡ് വെളിപ്പെടുത്തിയത്. കുടുംബത്തിൽ അമ്മയ്ക്കും സഹോദരനുമടക്കം ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും ബെല്ല പറഞ്ഞു. മുമ്പൊരിക്കൽ ​ഗായകൻ ജസ്റ്റിൻ ബീബർ തനിക്ക് ലൈം രോ​ഗമാണെന്ന് തുറന്നുപറഞ്ഞപ്പോഴാണ് ഈ രോ​ഗത്തെക്കുറിച്ച് പലരും കേൾക്കുന്നത് തന്നെ. 

എന്താണ് ലൈം ഡിസീസ്?

മാൻ ചെള്ളിൽ നിന്ന് പകരുന്ന ഒരു രോ​ഗമാണിത്. ബൊറീലിയ ജനുസ്സിൽ പെട്ട മൂന്ന് ബാക്ടീരിയകളാണ് മനുഷ്യരിൽ ഈ അസുഖം ഉണ്ടാക്കുന്നത്.ഇന്ത്യയിൽ വളരെ അപൂർവമായി മാത്രമേ ഈ രോ​ഗത്തെക്കുറിച്ച് കേട്ടിട്ടുള്ളെങ്കിലും സംവിധായകൻ ടി കെ രാജീവ് കുമാർ വർഷങ്ങളോളം ഈ രോ​ഗവുമായി മല്ലിട്ടതിനെക്കുറിച്ച് ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.   

വിദേശയാത്രയ്ക്കിടെ നിസ്സാരമെന്നു തോന്നിയ ഒരു പ്രാണിയിൽ നിന്നേറ്റ ആക്രമണം  ജീവിതത്തിനു തന്നെ ഭീഷണിയായെന്നാണ് രാജീവ് അന്ന് പങ്കുവച്ചത്. ജർമ്മനിയിൽ ഫ്രാങ്ക്ഫർട്ടിൽ ഇന്റർനാഷണൽ ബുക്ക് ഫെയറിന് പോയി തിരിച്ച് നാട്ടിൽ എത്തിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മൂന്നാഴ്ച കൂടുമ്പോൾ എന്തെങ്കിലും അണുബാധ വരും, ഒപ്പം പനിയും. ഓരോ തവണയും ആശുപത്രിയിൽ പോയി ചികിത്സ തേടും. ആദ്യത്തെ രണ്ടു വർഷത്തോളം യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിയാൻ പറ്റിയില്ല, രാജീവ് പറഞ്ഞു. ‌പുരികത്തിനു മുകളിൽ ഒരു കലയുണ്ടായിരുന്നു, പനി വരുമ്പോൾ അതു കൂടുതൽ ചുവക്കും. ഈ ലക്ഷണം കണ്ട് തോന്നിയ സംശയമാണ് ഒടുവിൽ രോ​ഗനിർണ്ണയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

രോഗ ലക്ഷണങ്ങൾ

പനി, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ശരീരത്തിൽ കാണപ്പെടുന്ന ചുവന്ന പാടുകൾ ആണ് ലൈം ഡിസീസിന്റെ ആദ്യ ലക്ഷണം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. എന്നാൽ, രോ​ഗം ബാധിക്കുന്ന പല രോ​ഗികളിലും ലക്ഷണങ്ങളൊന്നും പ്രകടമാകുകയില്ല. 

പെട്ടെന്നുള്ള വേദന, തരിപ്പ്, അസ്വസ്ഥത തുടങ്ങിയ പോളിന്യൂറൊപതി രോഗലക്ഷണങ്ങൾ കാണാറുണ്ട്. ഓർമ്മക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ് എന്നിവയും ഉണ്ടാകാം. ചികിത്സ ഫലവത്തായില്ലെങ്കിൽ രോഗം ബാധിച്ച് മാസങ്ങൾക്കു ശേഷം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് കേടു സംഭവിച്ചേക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com