സെറിബ്രല്‍ പാള്‍സിയുടെ വെല്ലുവിളിള്‍; ഒപ്പം നില്‍ക്കാം, കരുത്ത് പകരാം!

ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ചലന വൈകല്യമാണ് സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്‌ക തളര്‍വാതം.
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

രുമിക്കാം  ശക്തിയോടെ (Together Stronger) എന്നതാണ്  ഈ വര്‍ഷത്തെ ലോക സെറിബ്രല്‍ പാള്‍സി ദിനത്തിന്റെ മുദ്രാവാക്യം. സെറിബ്രല്‍ പാള്‍സി ബാധിതരോട് കാണിക്കേണ്ട ഐക്യം, സഹകരണം, പരസ്പര പിന്തുണ എന്നിവയെ വരച്ചു കാണിക്കുന്നതാണ് ഈ സന്ദേശം. സെറിബ്രല്‍ പാള്‍സിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.

ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ചലന വൈകല്യമാണ് സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്‌ക തളര്‍വാതം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ലിഖിതങ്ങളിലാണ്  ഇതിനെ കുറിച്ചുള്ള ആദ്യ പരാമര്‍ശനങ്ങള്‍ ഉള്ളത്. ബി.സി അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതുന്നവയാണ് ഇവ.  ആധുനിക കാലത്തേക്ക് വന്നാല്‍ 1860കളില്‍ വില്ല്യം ജോണ്‍ ലിറ്റിലിനാല്‍ എന്ന സര്‍ജനാണ് 'സെറിബ്രല്‍ പരാലിസിസ്' എന്ന പേരില്‍ ഈ അസുഖം വിവരിക്കുന്നത്. പ്രമുഖ ഫിസിഷ്യനായിരുന്ന  വില്ല്യം ഓസ്ലറാണ് സെറിബ്രല്‍ പാള്‍സി എന്ന പേരിടുന്നത്.

 എന്താണ് സെറിബ്രല്‍ പാള്‍സി?

ഗര്‍ഭാവസ്ഥയിലോ ജനനത്തിന് മുമ്പോ, ജനന സമയത്തോ, ജനനശേഷമോ ഒരു കുഞ്ഞിനുണ്ടാകുന്ന മസ്തിഷ്‌ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ് സെറിബ്രല്‍ പാള്‍സി. ഇതിനെ ഒരു പ്രത്യേക രോഗമായി കണക്കാക്കാന്‍ കഴിയില്ല. ചലനം, ശരീരത്തിന്റെ സന്തുലനം, നില്‍പ്പ്, ഏകോപിത പ്രവര്‍ത്തനങ്ങള്‍, ആശയ വിനിമയം, പഠിക്കാനുള്ള കഴിവ്, ഭക്ഷണം, ഉറക്കം എന്നിവയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലുള്ള ബുദ്ധിമുട്ടുകളെ ഇതിന് കീഴില്‍ പറയാന്‍ കഴിയും. അതേസമയം കുട്ടികളുടെ മസ്തിഷ്‌കത്തില്‍ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ് കൂടുതലായി ക്ഷതം അനുഭവപ്പെടുന്നതായി കാണുന്നത്. ഇന്ത്യയില്‍ 1000 കുഞ്ഞുങ്ങള്‍  ജനിക്കുമ്പോള്‍ മൂന്ന് പേര്‍ സെറിബ്രല്‍ പാള്‍സി ബാധിതരാണെന്നാണ് സ്ഥിതി വിവര കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

 സെറിബ്രല്‍ പാഴ്‌സി ബാധിതര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍

ഓരോ വ്യക്തികളെയും വിവിധ തരത്തിലാണ് സെറിബ്രല്‍ പാള്‍സി ബാധിക്കുന്നത്. കഠിനമായ സെറിബ്രല്‍ പാള്‍സിയുള്ളവര്‍ക്ക് ഭക്ഷണം വിഴുങ്ങുന്നതിനും ശ്വസിക്കുന്നതിനും തല, കഴുത്ത്, മൂത്രസഞ്ചി, മല വിസര്‍ജ്ജനം എന്നിവ നിയന്ത്രിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടാം. ചിലരില്‍ ഒരു കൈയ്ക്ക് മാത്രമായിരിക്കും ബലഹീനത ഉണ്ടാകുക. ചിലര്‍ക്ക് മുഴുവന്‍ സമയവും പരസഹായം വേണ്ടി വന്നേക്കാം.

പല വ്യക്തികള്‍ക്കും ശബ്ദങ്ങളൊന്നും തന്നെ സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. സെറിബ്രല്‍ പാള്‍സിയുള്ള നാലുപേരില്‍ ഒരാള്‍ക്ക് സംസാരിക്കാന്‍ സാധിക്കില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിലരില്‍ സെറിബ്രല്‍ പാള്‍സിയുമായി ബന്ധപ്പെട്ട മറ്റു വൈകല്യങ്ങള്‍ മൂലം ശക്തമായ വേദന അനുഭവപ്പെടാറുണ്ട്. ഇത് പെരുമാറ്റം, സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്, ഉറക്കം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം.

  പ്രധാന കാരണങ്ങള്‍

വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതങ്ങളും ബുദ്ധിമുട്ടുകളുമാണ് സെറിബ്രല്‍ പാള്‍സിയുടെ പ്രധാന കാരണം. വിഖ്യാത മനശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ സിഗ്മണ്ട് ഫ്രോയ്ഡായിരുന്നു ഗര്‍ഭസ്ഥശിശുക്കളിലെ വളര്‍ച്ച തകരാറുകളാണ് ഇതിന് പ്രധാന കാരണമെന്ന് കണ്ടെത്തിയത്.

ഗര്‍ഭകാലത്ത് മാതാവിനുണ്ടാകുന്ന അണുബാധകള്‍, വിവിധ വൈറസ് രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് അമിത ഭാരക്കുറവ് അനുഭവപ്പെടുക, ഗര്‍ഭാവസ്ഥയില്‍  ഉണ്ടാകുന്ന ശ്വാസതടസം, പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയ അവസ്ഥ, രക്തത്തില്‍ കാണപ്പെടുന്ന ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങള്‍, കുഞ്ഞ് കരയാന്‍ വൈകുന്നത് മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, മസ്തിഷ്‌ക സംബന്ധമായ മെനിഞ്ചൈറ്റിസ് എങ്കഫലൈറ്റിസ് പോലെയുള്ള അണുബാധകള്‍, ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയെല്ലാം സെറിബ്രല്‍ പാള്‍സിക്ക് കാരണമായേക്കാം. ഗര്‍ഭകാലത്ത് മാതാവ് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ഇതിന് കാരണമാകാം.

നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ?

കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കുന്നത് വഴി നേരത്തെ തന്നെ സെറിബ്രല്‍ പാള്‍സി തിരിച്ചറിയാന്‍ കഴിയും.

മുലപ്പാല്‍ വലിച്ച് കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന് ബലക്കുറവോ അനിയന്ത്രിതമായ ബലക്കൂടുതല്ലോ ഉണ്ടാകുക എന്നിവ ലക്ഷണങ്ങളാണ്.

രണ്ട് മാസം പ്രായമായ കുഞ്ഞ് മുഖത്ത് നോക്കി പുഞ്ചിരിക്കാതിരിക്കുക, കണ്ണുകളിലേക്ക് നോക്കാന്‍ കഴിയാതിരിക്കുക, നാല് മാസം പ്രായം ആയിട്ടും കഴുത്ത് ഉറക്കാതിരിക്കുക, ശരീരത്തിന്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക എന്നിവയോ വളര്‍ന്ന് തുടങ്ങുമ്പോള്‍ അതാത് സമയങ്ങളില്‍, കുട്ടിയുടെ തല ഉറക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തുടങ്ങിയ കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ കുട്ടിക്ക് സാധിക്കാതിരിക്കുകയോ ചെയ്യുന്നത് രോഗ ലക്ഷണങ്ങളാണ്.

വിദഗ്ധ ഡോക്ടര്‍മാരുമായി ജനന ചരിത്രം പങ്ക് വെക്കുകയും സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടത്തുകയും വേണം. വിശദമായ  ശാരീരിക പരിശോധനകള്‍, രക്തപരിശോധനകള്‍, ഇ.ഇ.ജി, സി.ടി, എം.ആര്‍.ഐ, കേള്‍വി, കാഴ്ച്ച സംബന്ധമായ പരിശോധനകള്‍ എന്നിവ നടത്തേണ്ടത് അത്യാവശ്യമാണ്.

 ചികിത്സ

നിലവില്‍ സെറിബ്രല്‍ പാള്‍സി പൂര്‍ണമായും ഭേദമാക്കാന്‍  പ്രത്യേക ചികിത്സകളൊന്നും ഇല്ല. മരുന്ന് കൊണ്ട് മാത്രം ഭേദമാക്കാനും കഴിയില്ല. വിവിധ തരം തെറാപ്പികളും അത്യാവശ്യമാണ്. ഇതിനായി ശിശുരോഗ വിദഗ്ധന്‍, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഏര്‍ളി ഡവലപ്പെമെന്റല്‍ തെറാപ്പിസ്റ്റ്, പീഡിയാട്രിക് ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സൈക്കോ ബിഹേവിയറല്‍ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ ടീച്ചേര്‍സ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് ചികിത്സ നിര്‍ണയിക്കുന്നത്. അതേസമയം ചികിത്സ വൈകുന്നത് ഫലപ്രാപ്തി കുറക്കും.

സെറിബ്രല്‍ പാള്‍സി ബാധിച്ച 40 ശതമാനം കുട്ടികളെങ്കിലും സാധാരണ ബുദ്ധിശേഷിയുള്ളവര്‍ തന്നെയാണ്. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിര്‍ണയിച്ച് ഉചിതമായ ചികിത്സ നല്‍കണം.

കൂടെ നില്‍ക്കാം, കരുത്ത് പകരാം

ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തെ ദുഷ്‌ക്കരമാക്കുന്നതാണ് സെറിബ്രല്‍ പാള്‍സി മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍. സെറിബ്രല്‍ പാള്‍സി ബാധിതരുടെ കൂടെ നിന്ന് ആത്മവിശ്വാസവും കരുത്തും പകരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതു വഴി അവര്‍ക്ക് സമൂഹത്തിലേക്ക് കൂടുതല്‍ ഇടപഴകാന്‍ സാധിക്കും. അതേസമയം നൈപുണ്യ വികസനത്തിലൂടെ അവരെ സ്വയം പര്യാപ്തരാക്കാന്‍ പരിശീലിപ്പിക്കുന്നതും വളരെ നല്ലതാണ്.

സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ക്ക് പ്രത്യേക ആവശ്യങ്ങളുണ്ട്. ഡോക്ടര്‍മാരുംയ തെറാപ്പിസ്റ്റുകളും കുട്ടിയുടെ ചികിത്സയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുമെങ്കിലും, സ്വന്തം കുട്ടിയുടെ ജീവിതം സുഗമമാക്കാന്‍ മാതാപിതാക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനാകും. മക്കളുടെ / സഹോദരങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതോടൊപ്പം ചികിത്സയില്‍ പങ്ക് ചേരുന്നതും നല്ലതാണ്. ചികിത്സകള്‍ക്ക് ഫലം ലഭിക്കുന്നുണ്ടോ എന്നറിയാനും ഇത് സഹായിക്കും.

സെറിബ്രല്‍ പാള്‍സിയുള്ള ഒരു കുട്ടിക്ക് സഹോദരങ്ങള്‍ക്കോ, സമപ്രായക്കാര്‍ക്കോ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും അവരെ പോലെ ചെയ്യാന്‍ കഴിയില്ല. പക്ഷേ പരിമിതിയില്‍  അസ്വസ്ഥനാകാതിരിയ്ക്കാന്‍ വേണ്ട പിന്തുണ നല്‍കേണ്ടത് കുടുംബമാണ്. കുടുംബാഗങ്ങള്‍ ചേര്‍ന്ന് സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ മനസ്സ് വിശാലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ബീച്ചിലേക്കും പാര്‍ക്കുകളിലേക്കും കൊണ്ടുപോവുക, എല്ലാത്തരം സംഗീതവും കേള്‍പ്പിക്കുക, പല കളികളിലും പങ്കെടുപ്പിക്കുക, മാതാപിതാക്കള്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുമ്പോള്‍, സജീവമായ പങ്ക് വഹിക്കാന്‍ കുട്ടിക്ക് അവസരം നല്‍കണം.

    വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സ്മിലു മോഹന്‍ലാല്‍ (സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - പീഡിയാട്രിക് ന്യൂറോളജി, ആസ്റ്റര്‍ മിംസ്, കോഴിക്കോട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com