മുഖത്ത് തിണർത്ത പാടുകൾ, വായിൽ അൾസർ; നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, എന്താണ് ലൂപസ് ?

15 മുതൽ 40 വരെ പ്രായമായവരിലാണ് ലൂപസ് കണ്ടു വരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരത്തിന്റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ എന്ന അവസ്ഥയാണ് ലൂപസ്. സാധാരണയായി 15 മുതൽ 40 വരെ പ്രായമായവരിലാണ് ഈ ദീർഘകാല രോഗം കണ്ടു വരുന്നത്. പുരഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോഗം കൂടുതൽ ബാധിക്കുക എന്നാണ് റിപ്പോർട്ട്. 

ചെന്നായ എന്ന് അർത്ഥം വരുന്ന ലാറ്റിൻ വാക്കാണ് ലൂപസ്. ചെന്നായ ആക്രമണത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്നതിന് സമാനമായി തിണർപ്പുകൾ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നതിനാലാണ് ഈ രോഗത്തിന് ലൂപസ് എന്ന പേര് വരാൻ കാരണം.

ചിലരിൽ രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ പ്രകടമാവുമെങ്കിലും മറ്റുചിലരിൽ രോഗലക്ഷണങ്ങൾ വൈകിയാണ് പ്രകടിപ്പിക്കുക. പലപ്പോഴും രോഗനിർണയം വൈകുന്നത് രോഗികൾക്ക് ജീവൻ നഷ്ടപ്പെടാൻ വരെ കാരണമാകും.

ലൂപസ് രോഗികളിലെ പ്രതിരോധസംവിധാനത്തിന് സ്വന്തം കോശങ്ങളെയും പുറത്തുനിന്നുള്ള വസ്തുക്കളെയും തിരിച്ചറിയാനുള്ള ശേഷി നഷ്ടമാകുന്നതിലൂടെ ആന്റിബോഡികളും സെൽഫ് ആന്റിജനുകളും ചേർന്ന് കോശസംയുക്തങ്ങൾക്കുള്ളിൽ ഇമ്മ്യൂൺ കോംപ്ലക്‌സുകൾ ഉണ്ടാക്കുകയും ഇത് അവയവങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. 

അമിതമായ സൂര്യപ്രകാശവും അൾട്രാവയലറ്റ് രശ്മികളും, ബാക്ടീരിയൽ, വൈറൽ അണുബാധ, ഇസ്‌ട്രോജൻ അടങ്ങിയ ഹോർമോണൽ ചികിത്സയും ചില മരുന്നുകളും ലൂപസ് എന്ന രോഗത്തെ അധികരിപ്പിക്കാം. ഗർഭധാരണവും ലൂപസ്‌ ലക്ഷണങ്ങളെ രൂക്ഷമാക്കാമെന്നതിനാൽ ലൂപസ്‌ രോഗികൾ ഗർഭധാരണത്തിന്റെ കാര്യത്തിലും മുൻകരുതലുകൾ എടുക്കേണ്ടതാണ്‌. 

ലൂപസ് രോഗ ലക്ഷണങ്ങൾ

അ​കാ​ര​ണ​മാ​യ ക്ഷീ​ണം, ഇ​ട​വി​ട്ടു​ള്ള പ​നി, മുഖത്ത് കവിളിലും മൂക്കിലുമായി ചിത്രശലഭത്തിന്റെ ആകൃതിയിലുണ്ടാകുന്ന ചുവന്ന പാടുകൾ, കഠിനമായ മുടി കൊഴിച്ചിൽ, ​വാ​യി​ലും മൂ​ക്കി​ലും നിരന്തരമായി ഉ​ണ്ടാ​കു​ന്ന വ്ര​ണ​ങ്ങ​ൾ, സ​ന്ധി​വേ​ദ​ന, വീ​ക്കം, ശ്വാ​സ​കോ​ശം, ഹൃ​ദ​യം തു​ട​ങ്ങി​യ​ അവയവങ്ങളിൽ നീ​ർ​ക്കെ​ട്ട്, നെഞ്ചു വേദന, ശ്വാസംമുട്ടൽ എന്നിവയെല്ലാം ലൂപസ് രോ​ഗലക്ഷണങ്ങളാണ്.

എഎ​ൻ​എ രക്തപരിശോധനയിലൂടെ ലൂപസ് നിർണയിക്കാം. ഇ​തു​കൂ​ടാ​തെ ഡിഎ​സ്ഡിഎ​ൻഎ, ആ​ൻ​റി എ​സ്എം, സി3, ​സി4, ഇഎ​സ്ആ​ർ, സിആ​ർപി, സിബിസി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും നടത്താറുണ്ട്. ലൂപസ്‌ പൂർണ്ണമായും ചികിത്സിച്ച്‌ മാറ്റാൻ സാധിക്കില്ല. ലക്ഷണങ്ങൾ ഭേദമായി രോഗി സൗഖ്യം പ്രാപിക്കുന്നത്‌ വരെ ചികിത്സ തുടരേണ്ടി വരും. 

ലൂപസ് രോ​ഗികൾ പകൽ സമയം പുറത്തിറങ്ങാതെ സൂക്ഷിക്കുക അഥവ ഇറങ്ങിയാലും കൈ നീളമുള്ള വസ്ത്രവും തൊപ്പിയും ധരിക്കണം.  40ന്‌ മുകളിൽ എസ്‌പിഎഫ്‌ ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്‌. 

പകൽ സമയത്ത് കടലിന്റെയോ പുഴയുടെയോ തീരത്തുള്ള യാത്ര ലൂപസ്‌ രോഗികൾ ഒഴിവാക്കണം. കാരണം വെള്ളത്തിൽ നിന്ന്‌ പ്രതിഫലിക്കുന്ന സൂര്യരശ്‌മികൾ ലൂപസ്‌ രോഗികൾക്ക്‌ അപകടകരമാണ്‌. വെയിലത്തുള്ള നീന്തലും കർശനമായി ഒഴിവാക്കണം. ഈസ്‌ട്രജൻ അടങ്ങിയ ഹോർമോണൽ ഗുളികകളും ലൂപസ് രോ​ഗികൾ ഒഴിവാക്കണം. 

മറ്റ്‌ രോഗങ്ങൾക്ക്‌ നൽകുന്ന മരുന്നുകൾ ലൂപസ്‌ രോഗം അധികരിപ്പിക്കില്ല എന്ന്‌ ഡോക്ടറെ കണ്ട് ഉറപ്പാക്കണം. ശസ്‌ത്രക്രിയക്ക്‌ മുൻപും റുമറ്റോളജിസ്‌റ്റിനെ കാണേണ്ടതാണ്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com