മഴക്കാലമായി, ചെങ്കണ്ണ് പിടികൂടാതിരിക്കാന്‍ ശ്രദ്ധിക്കാം

മഴക്കാലത്ത് ആരോ​ഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരിക്കില്ല. ചെങ്കണ്ണ് തടയാൻ എന്തൊക്കെ മുൻകരുതലെടുക്കണമെന്ന് അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴക്കാലം ശക്തിപ്രാപിച്ചതോടെ വിവിധതരം രോഗങ്ങളും മുളപൊന്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ വൈറസും ബാക്ടീരിയയുമൊക്കെ പലതരം അസുഖങ്ങള്‍ പരക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച്, ഈ സമയത്ത് പടരുന്ന ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ തടയാന്‍ സാധിക്കുന്ന മുന്‍കരുതലെല്ലാം എടുക്കാം. 

ചെങ്കണ്ണ് തടയാം

►വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, പ്രത്യേകിച്ച് മുഖത്തും കണ്ണുകളിലും സ്പര്‍ശിക്കുന്നതിന് മുമ്പ്. കണ്ണ് അമര്‍ത്തി തിരുമുന്നത് ഒഴിവാക്കണം, ഇത് കൈയിലുള്ള അണുക്കള്‍ കണ്ണിലേക്ക് പടരാന്‍ കാരണമാകും. 

►അനാവശ്യമായി മുഖത്തും കണ്ണിലുമൊക്കെ തൊട്ടുകൊണ്ടിരിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം ബാക്ടീരിയയും വൈറസുമൊക്കെ അതിവേഗം കണ്ണിലെത്തും. കണ്ണില്‍ തൊടണമെന്ന് തോന്നുമ്പോള്‍ കൈകള്‍ വൃത്തിയാണെന്ന് ഉറപ്പാക്കാന്‍ മറക്കരുത്. വൃത്തിയുള്ള തുവാലകളും ടിഷ്യൂ പേപ്പറുമൊക്കെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

►തോര്‍ത്ത്, കണ്ണട, ലെന്‍സ് തുടങ്ങിയ വസ്തുക്കള്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത് ചെങ്കണ്ണ് പിടിപെടാന്‍ കാരണമാകുമെന്നുറപ്പ്. 

►നിങ്ങളുടെ ചുറ്റും പൊടുപടലങ്ങളോ കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നവയോ ഇല്ലെന്ന് ഉറപ്പാക്കണം. വാതിലിന്റെ കൈപ്പിടി, സ്വിച്ച്, കംപ്യൂട്ടര്‍ തുടങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം ഇടയ്ക്കിടെ അണുവിമുക്തമാക്കണം. 

►പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുന്നത് അന്തരീക്ഷത്തിലെ പൊടിയും മറ്റ് മലിനീകരണവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ സഹായിക്കും. 

►എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞ സാധനങ്ങളൊന്നും കണ്ണിലുപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കണ്ണിലുപയോഗിക്കുന്ന മരുന്നുകള്‍ക്കോ മറ്റ് മേക്കപ്പ് ഉത്പന്നങ്ങള്‍ക്കോ നിറവ്യത്യാസം പോലുള്ള പ്രശ്‌നങ്ങള്‍ തോന്നിയാല്‍ അവ ഉപയോഗിക്കാതിരിക്കുക. 

►കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരാണെങ്കില്‍ ചെങ്കണ്ണ് വരാതിരിക്കാന്‍ കൂടുതല്‍ മുന്‍കരുതലെടുക്കണം, ലെന്‍സ് വയ്ക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണം. ലെന്‍സ് ദീര്‍ഘനേരത്തേക്ക് വയ്ക്കുകയോ അതുമായി കിടന്നുറങ്ങുകയോ ചെയ്യരുത്. 

►കണ്ണില്‍ ചുവപ്പ് നിറമോ ചൊറിച്ചിലോ മറ്റെന്തെങ്കിലും അസ്വസ്ഥതയോ തോന്നുന്നുണ്ടെങ്കില്‍ ഉറപ്പായും നേത്രരോഗവിദഗ്ധനെ സന്ദര്‍ശിച്ച് വേണ്ട ചികിത്സ തേടണം. നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ബുദ്ധിമുട്ടുകള്‍ കുറയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com