മഴക്കാലത്ത് ചർമ്മരോഗങ്ങൾ പതിവ്, എങ്ങനെ തടയാം?; മുൻകരുതലുകൾ മറക്കരുത്

ഉപയോഗിച്ച വസ്ത്രം വീണ്ടുമിടുന്ന ശീലം മാറ്റണം. കോട്ടൺ, ലിനൻ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ഡെനിം പോലുള്ള കട്ടിയുള്ളവ ഒഴിവാക്കുകയും വേണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴക്കാലം തുടങ്ങുന്നതോടെ പലതരം ചർമ്മരോഗങ്ങളും തലപൊക്കിത്തുടങ്ങും. ഫംഗസും ബാക്ടീരിയയും മൂലമുണ്ടാകുന്ന അണുബാധകളും ചിക്കൻപോക്‌സ്, ഹെർപ്പ്‌സ്, എക്‌സിമ എന്നവയുമൊക്കെയാണ് സാധാരണമായി കണ്ടുവരുന്ന ചർമ്മരോഗങ്ങൾ. ശരീരത്തിലെ ഏത് അവയവത്തിലാണ് അണുബാധ പിടിമുറുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ. 

എങ്ങനെ തടയാം?

• ഈർപ്പമുള്ള കാലാവസ്ഥയിൽ ഫംഗസ് വളരും, അതുകൊണ്ട് ഇപ്പോഴത്തെ അന്തരീക്ഷം അവയ്ക്ക് അനുയോജ്യമാണ്. അതുകൊണ്ടാണ് ഈ സമയത്ത് അണുബാധകൾ കൂടുന്നത്. കോട്ടൺ, ലിനൻ തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ഡെനിം പോലുള്ള കട്ടിയുള്ളതും ശരീരത്തോട് ഒട്ടിക്കിടക്കുന്നതുമായ തുണിത്തരങ്ങൾ ഒഴിവാക്കുകയും വേണം. 

• ഇടയ്ക്കിടെ വസ്ത്രം മാറാനും ശ്രദ്ധിക്കണം. കക്ഷത്തിലും സ്തനങ്ങൾക്ക് താഴെയും തുടകളിലും കാൽമുട്ടുകൾക്ക് പിൻഭാഗത്തും ഒരുപാട് വിയർക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉപയോഗിച്ച വസ്ത്രം വീണ്ടുമിടുന്ന ശീലം ഒഴിവാക്കണം. 

• ഇതിനകം ഏതെങ്കിലും തരത്തിലുള്ള അണുബാധ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഭാഗം ചൊറിയരുത്. കാരണം, ഇത് അണുബാധ നഖങ്ങളിലേക്ക് വ്യാപിക്കാനും, ഒനിക്കോമൈക്കോസിസ് എന്ന ഫംഗസ് ഉണ്ടാകാനും കാരണമാകും. അതുപോലെ മഴക്കാലത്ത് നഖങ്ങൾ വെട്ടിയൊതുക്കി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. 

• എന്തെങ്കിലും തരത്തിലെ ചർമ്മപ്രശ്‌നങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുന്നതിന് പകരം ചർമ്മരോഗ വിദഗ്ധനെ തന്നെ സമീപിക്കണം. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് സ്വന്തം ഇഷ്ടത്തിന് വാങ്ങുന്ന ക്രീമുകളും മറ്റും ഉദ്ദേശിച്ച ഫലം നൽകണമെന്നില്ല. പ്രത്യേകിച്ച് പ്രമേഹവും വൃക്കസംബന്ധമായ അസുഖങ്ങളുമുള്ളവർ അതിനായി കഴിക്കുന്ന മരുന്നുകൾ ആന്റിഫംഗൽ ക്രീമുകളുടെ പ്രയോജനം കുറയ്ക്കും. അതുപോലെ അന്റാസിഡ് പോലുള്ള ഗ്യാസ്‌ട്രൈറ്റിസ് മരുന്നുകൾ കഴിക്കുന്നവരും ഇക്കാര്യം ഡോക്ടറെ അറിയിക്കണം. 

മറ്റ് മുൻകരുതലുകൾ

• മുടി കഴുകിക്കഴിഞ്ഞ് ഉടനടി കെട്ടിവയ്ക്കരുത്. അൽപസമയം അഴിച്ചിട്ട് നന്നായി ഉണങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷം കെട്ടിയിടാം. 

• തോർത്ത്, തൊപ്പി, ബെഡ്ഷീറ്റ്, തലയിണയുറ എന്നിവ ഇടയ്ക്കിടെ കഴുകണം. 

• ബ്യൂട്ടീപാർലറിലും മറ്റും പോകുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ നന്നായി സാനിറ്റൈസ് ചെയ്തവയാണെന്ന് ഉറപ്പാക്കണം. 

• അണുബാധയേൽക്കാൻ സാധ്യതയുള്ള പ്രകൃതക്കാരാണെങ്കിൽ തലയിലും ശരീരത്തിലുമൊക്കെ എണ്ണ തേക്കുന്നത് കുറയ്ക്കാം. ഇതിനുപകരം മോയിസ്ച്ചറൈസർ ഉപയോഗിക്കാം. 

• ആന്റിഫംഗൽ മരുന്നുകൾ ഉണ്ടെങ്കിൽ അണുബാധ കുറയുമ്പോൾ ഇവ നിർത്താതിരിക്കാനും ശ്രദ്ധിക്കണം. ഡോക്ടർ നിർദേശിച്ച കോഴ്‌സ് പൂർത്തിയാക്കണം. അണുബാധ കുറയുമെങ്കിലും അതിനർത്ഥം പൂർണ്ണമായി വിട്ടുമാറി എന്നല്ല. മരുന്ന് കോഴ്‌സ് പൂർത്തിയാക്കി കഴിച്ചില്ലെങ്കിൽ അസ്വസ്ഥതകൾ പിന്നെയും ഉണ്ടാകും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com