പക്ഷാഘാതത്തേ തോല്‍പ്പിച്ചവരാണോ? അതിജീവന നാളുകളെ നിസാരമായി കരുതരുത്, വേണം ഈ മാറ്റങ്ങള്‍ 

പക്ഷാഘാതത്തിന് ശേഷമുള്ള ജീവിതത്തില്‍ ആരോഗ്യകരമായ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് നോക്കാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടിയന്തര ശ്രദ്ധയും ചികിത്സയും ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം അല്ലെങ്കില്‍ പൊട്ടല്‍ മൂലമുണ്ടാകുന്ന ഈ അവസ്ഥ തലച്ചോറിന്റെ രക്ത വിതരണത്തെയും ഓക്‌സിജന്റെ അളവിനെയും നിരന്തരം ബാധിക്കും. സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ്, വൈകാരിക മാറ്റങ്ങള്‍ അങ്ങനെ പല ബുദ്ധിമുട്ടുകള്‍ക്കും സ്‌ട്രോക്ക് കാരണമാകും. 

സ്‌ട്രോക്കിനെ അതിജീവിച്ചവര്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ചികിത്സ, ജീവിതശൈലി മാറ്റങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷാഘാതത്തിന് ശേഷമുള്ള ജീവിതത്തില്‍ ആരോഗ്യകരമായ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് നോക്കാം...

► പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമം ശീലമാക്കണം. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമൊക്കം കുറയ്ക്കാനും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കും. സ്‌ട്രോക്ക് വന്നിട്ടുള്ളവര്‍ ഉപ്പ് കൂടിയ, എണ്ണയില്‍ പൊരിച്ച, പൊസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം. 

► പക്ഷാഘാതത്തെ അതിജീവിച്ച് നോര്‍മല്‍ ലൈഫിലേക്കുള്ള യാത്രയില്‍ വ്യായാമം സുപ്രധാനമാണ്. ഇത് പേശികളുടെ കരുത്ത്, ഏകോപനം, ബാലന്‍സ്, മൊബിളിറ്റി എന്നിവ മെച്ചപ്പെടുത്തും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അപകടസാധ്യതാ ഘടകങ്ങളെ മാറ്റിനിര്‍ത്തി ഭാവിയില്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ലളിതമായ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങി ക്രമേണ സമയവും തീവ്രതയും കൂട്ടുന്നതാണ് നല്ലത്. 

► സമ്മര്‍ദ്ദം പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അതില്‍ നിന്നുള്ള അതിജീവനം ദുര്‍ഘടമാക്കുകയും ചെയ്യും. ഡീപ്പ് ബ്രീത്തിങ്, മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍ ശ്രമിക്കണം. ഇത് ഉത്കണ്ഠ അകറ്റാനും ഉറക്കം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. വിശ്രമവും സന്തോഷവും തരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. 

► പുകവലി സ്‌ട്രോക്ക് വരാന്‍ കാരണമാകുകയും അതിജീവനം പ്രായസമേറിയതാക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നതുവഴി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും ഭാവിയില്‍ സ്‌ട്രോക്ക് വരാതെ കാക്കാനും സഹായിക്കും. 

► നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. സ്‌ട്രോക്ക് അതിജീവിച്ചവര്‍ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങണം. പകല്‍സമയത്തെ ഉറക്കം ഒഴിവാക്കി രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

► സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ള ആളുകളുമായി സമയം ചിലവിടുന്നത് വിഷാദം, ഏകാന്തത തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റാന്‍ സഹായിക്കും. ജീവിതശൈലിയില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ വരുത്താന്‍ ഇത് പ്രചോദനവും പ്രോത്സാഹനവും നല്‍കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com