മുഖമാകെ ചുക്കിച്ചുളിഞ്ഞല്ലോ! പ്രായമായല്ലേ? പരിഹാസം കേട്ട് മടുത്തോ? മിത്തുകള്‍ ഒരുപാടുണ്ട്, സത്യമറിയാം 

ജനിതക പ്രവണതകളും ആവര്‍ത്തിച്ചുള്ള മുഖഭാവങ്ങളും സൂര്യാഘാതം, പുകവലി, ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുക തുടങ്ങിയ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുഖത്തെ ചുളിവുകളും പാടുകളും പ്രായമാകുന്നതിന്റെ ലക്ഷണമായാണ് പലപ്പോഴും വിലയിരുത്തപ്പെടാറ്. എന്നാല്‍, പ്രായമാകുന്നത് മാത്രമല്ല ഇതിന് കാരണം എന്നതാണ് വാസ്തവം. ജനിതക പ്രവണതകളും ആവര്‍ത്തിച്ചുള്ള മുഖഭാവങ്ങളും സൂര്യാഘാതം, പുകവലി, ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുക തുടങ്ങിയ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. 

മുഖത്തെ ചുളിവുകള്‍ പ്രായമാകുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന ഒരു സ്വാഭാവിക മാറ്റമായാണ് കണക്കാക്കപ്പെടുന്നത്. പ്രായമാകുന്നതിനനുസരിച്ച് നമ്മുടെ ചര്‍മ്മകോശങ്ങള്‍ വിഭജിച്ച് ചര്‍മ്മത്തിന്റെ കട്ടി കുറഞ്ഞുവരും. ചര്‍മ്മത്തിന്റെ അകത്തെ പാളിയായ ഡെര്‍മിസിന്റെ കട്ടി കുറയാന്‍ തുടങ്ങുമ്പോള്‍ കൊളാജന്റെയും ഇലാസ്റ്റിന്‍ ഫൈബറിന്റെയും ഉത്പാദനവും കുറയും. എന്നാല്‍ ചര്‍മ്മത്തിലെ ചുളിവുകളുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ പലതും നമ്മള്‍ കാലങ്ങളായി കേട്ട് പോരുന്നതുമാണ്. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നറിയാം?

ചില തെറ്റിദ്ധാരണകള്‍ 

പ്രായമായവര്‍ക്ക് മാത്രമേ ചുളിവുകള്‍ വരാറൊള്ളു എന്നതാണ് പ്രധാന തെറ്റിദ്ധാരണ. പക്ഷെ ജനിതക കാരണങ്ങള്‍ കൊണ്ടും ജീവിതരീതി, സ്‌കിന്‍കെയര്‍ റുട്ടീന്‍ എന്നിവയുമൊക്കെ ചുളിവുകള്‍ക്ക് കാരണമാകാം. ചര്‍മ്മത്തില്‍ ചുളിവുകള്‍ കണ്ട് തുടങ്ങുമ്പോഴേ ഇത് പാരമ്പര്യമാണെന്ന് പറയുന്നതും കേള്‍ക്കാറില്ലേ? പാരമ്പര്യവും ഒരു കാരണമാണെങ്കിലും നമ്മുടെ ജീവിതരീതിയും ഒരു പ്രധാന ഘടകം തന്നെയാണ്. ഭക്ഷണക്രമം, വ്യായാമം, ചര്‍മ്മസംരക്ഷണം ഇവയെല്ലാം ഇതിനെ ബാധിക്കും. 

ചുളിവുകളും പാടുകളുമൊക്കെ സ്ത്രീകളുടെ മാത്രം പ്രശ്‌നമാണെന്നും അവര്‍ മാത്രമാണ് ഇതുമൂലം സംഘര്‍ഷമനുഭവിക്കുന്നതെന്നുമാണ് പലരുടെയും ധാരണ. സമൂഹം കല്‍പിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഏറ്റവുമധികം ഉത്കണ്ഠപ്പെടുത്തുന്നത് സ്ത്രീകളെയാണെങ്കിലും ഇത് ഇരുവിഭാഗക്കാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. ക്രീം തേച്ചാല്‍ മുഖത്തെ ചുളിവുകള്‍ മാറ്റിയെടുക്കാം എന്ന അബദ്ധധാരണയും ചിലര്‍ക്കുണ്ട്. ഇത് പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല, കാരണം ചെറിയ കാലയളവിലേക്കാണെങ്കിലും മാറ്റമുണ്ടാക്കാന്‍ ക്രീമുകള്‍ക്ക് കഴിയും. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമെന്നതുകൊണ്ടാണ് മാറ്റം കാണുന്നത്. 

മുഖത്തെ സ്ഥായിയായ ചില ഭാവങ്ങളാണ് ചുളിവുകള്‍ക്ക് കാരണമെന്ന് പറയാറുണ്ട്. എന്നാലിത് പല കാരണങ്ങളില്‍ ഒന്ന് മാത്രമാണ്. സുര്യാഘാതം, പുകവലി, കൊളാജന്‍ നഷ്ടപ്പെടുക തുടങ്ങിയ മറ്റ് പല കാരണങ്ങളും മുഖത്തെ ചുളിവുകള്‍ക്ക് സംഭാവന നല്‍കുന്നുണ്ട്. 

സത്യമെന്ത്?

പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുകൊണ്ടും ഡ്രൈ ആകുന്നതുകൊണ്ടുമൊക്കെ ചുളിവുകളുണ്ടാകാം. ഇതിന് ആന്തരിക ഘടകങ്ങളും (ജനിതകവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും) ബാഹ്യഘടകങ്ങളും (സുര്യാഘാതം, ജീവിതശൈലി) സ്വാധീനിക്കും. അമിതമായി സുര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടാന്‍ കാരണമാകും. ചര്‍മ്മത്തിലെ ഇലാസ്റ്റില്‍ ഫൈബറുകളും ഇങ്ങനെ നഷ്ടപ്പെടും. വളരെ ചെറുപ്പത്തില്‍ തന്നെ ചുളിവുകള്‍ രൂപപ്പെടാന്‍ തുടങ്ങും. അകാലവാര്‍ദ്ധക്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ 

പുകവലിക്ക് പല ദോഷഫലങ്ങള്‍ ഉണ്ട്, ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകളും അതിലൊന്നാണ്. ചര്‍മ്മത്തിന് നഷ്ടപ്പെടുന്ന ഇലാസ്തികത വീണ്ടെടുക്കാനുള്ള ശേഷി ഇല്ലാതാക്കുന്നതാണ് പുകവലി. പുകവലിക്കുന്നവരുടെ ചര്‍മ്മത്തില്‍ വലിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ചുളിവുകള്‍ ഉണ്ടാകും. 

ഈ കണ്ടതെല്ലാം വാരിത്തേച്ചിട്ടാണ് പ്രശ്‌നങ്ങളൊക്കെ എന്ന ഉപദേശം കേള്‍ക്കാറുണ്ടോ? കണ്ടതെല്ലാം വാരിത്തേച്ചില്ലെങ്കിലും ശരിയായ ചര്‍മ്മ സംരക്ഷണത്തിന്റെ അഭാവം തിരിച്ചടിയാകും. മോയിസ്ച്ചറൈസറും സണ്‍സ്‌ക്രീനുമെല്ലാം ഉപയോഗിക്കാനുള്ള മടി ചര്‍മ്മത്തില്‍ പ്രതിഫലിക്കുമെന്നുറപ്പ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ചിട്ടയായ ചര്‍മ്മസംരക്ഷണവും ചുളിവുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. 

തലയണയില്‍ മുഖം ചേര്‍ത്തുവച്ച് ഉറങ്ങുന്നവര്‍ക്ക് ചുളിവുകളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ കിടക്കുമ്പോള്‍ മുഖത്തുവരുന്ന പാടുകള്‍ കാലക്രമേണ ചുളിവുകളായി മാറും. അതുപോലെതന്നെ, സമ്മര്‍ദ്ദവും ഒരു പ്രധാന കാരണമാണ്. ഉയര്‍ന്ന സമ്മര്‍ദ്ദം ചര്‍മ്മത്തിന് പെട്ടെന്ന് പ്രായമാകാന്‍ കാരണമാകും. ഇത് ചുളിവുകളും പാടുകളുമുണ്ടാകാന്‍ ഇടയാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com