റേഡിയോളജിസ്റ്റിന്റെ കൃത്യതയോടെ കൃത്രിമ ബുദ്ധി; എഐ ഉപയോ​ഗിച്ച് ​ഗോൾബ്ലാഡർ കാൻസർ കണ്ടെത്തി 

വയറിന്റെ അൾട്രാസൗണ്ട് ഫലങ്ങൾ ഡീപ് ലേണിംഗ് രീതി ഉപയോ​ഗിച്ച് പരിശോധിച്ചായിരുന്നു കണ്ടെത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റേഡിയോളജിസ്റ്റുമാർക്ക് സമാനമായ കൃത്യതയോടെ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ഗോൾബ്ലാഡർ കാൻസർ തിരിച്ചറിഞ്ഞു. ചണ്ഡീഗഢിലെ ഒരു ആശുപത്രിയിലാണ് പിത്താശയ അർബുദം എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് കണ്ടെത്തിയത്. വയറിന്റെ അൾട്രാസൗണ്ട് ഫലങ്ങൾ ഡീപ് ലേണിംഗ് രീതി ഉപയോ​ഗിച്ച് പരിശോധിച്ചായിരുന്നു കണ്ടെത്തൽ. 

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെയും (പിജിഐഎംഇആർ) ന്യൂ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും (ഐഐടി) സംഘമാണ്  പിത്താശയ അർബുദം നിർണ്ണയിക്കാനുള്ള ഡീപ് ലേണിംഗ് മോഡൽ‌ വികസിപ്പിച്ചത്. മനുഷ്യന്റെ മസ്തിഷ്കം ചെയ്യുന്ന പ്രവർത്തനത്തിന് സമാനമാണ് കൃത്രിമബുദ്ധിയിലെ ഡീപ് ലേണിംഗ്. മനുഷ്യ മസ്തിഷ്കം പോലെ ഡാറ്റ പ്രോസസ്സ് ചെയ്യാൻ കമ്പ്യൂട്ടറുകളെ പഠിപ്പിക്കുന്ന രീതിയാണിത്. 

റേഡിയോളജിസ്റ്റിന്റെ കണ്ടെത്തലുമായി എഐയുടെ കണ്ടെത്തലുകൾ താരതമ്യം ചെയ്യുകയും ചെയ്തു. ആൾട്രാസൗണ്ട് ദൃശ്യങ്ങൾ വിശകലനം ചെയ്ത് രണ്ട് റേഡിയോളജിസ്റ്റുമാർ രോ​ഗനിർണ്ണയം നടത്തി. മൂത്രത്തിൽ കല്ലടക്കമുള്ള പ്രശ്നങ്ങൾ ഉള്ളപ്പോഴും ഡീപ് ലേണിംഗ് ഉപയോ​ഗിച്ചുള്ള രോ​ഗനിർണ്ണയം ഫലപ്രദമായിരുന്നെന്നും റേഡിയോളജിസ്റ്റുകൾ നടത്തിയ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു ഇതെന്നും ​ഗവേഷകർ പറഞ്ഞു. 

ഏറെ അപകടമേറിയതും ഉയർന്ന മരണനിരക്കുള്ളതുമാണ് പിത്താശയ അർബുദം. പിത്താശയത്തിലുണ്ടാകുന്ന മറ്റ് മുറിവുകൾക്ക് സമാനമാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നതുകൊണ്ട് രോ​ഗനിർണയം വൈകുന്നത് ചികിത്സയ്ക്ക് വലിയ വെല്ലുവിളിയാകാറുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തണമെന്നും വിവിദ കേന്ദ്രങ്ങളിൽ ഇത് പരിശോധിക്കണമെന്നും ​ഗവേഷകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com