കുപ്പിവെള്ളം കുടിക്കുന്നവരാണോ?, അടങ്ങിയിരിക്കുന്നത് 2,40,000 നാനോപ്ലാസ്റ്റിക്, അവയവങ്ങള്‍ തകരാറിലായേക്കാം; പഠനറിപ്പോര്‍ട്ട് 

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ഇതില്‍ പലതും വര്‍ഷങ്ങളായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച് കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ലിറ്റര്‍ കുപ്പിവെള്ളമാണ് പഠനവിധേയമാക്കിയത്. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ അപേക്ഷിച്ച് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം നൂറ് ശതമാനം വരെ വര്‍ധിച്ചിരിക്കാമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍പത്തെ പഠനറിപ്പോര്‍ട്ടുകളില്‍ 5000 മൈക്രോമീറ്റര്‍ വരെ പ്ലാസ്റ്റിക് അംശം കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍.

മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക്. കോശങ്ങളില്‍ തുളച്ചുകയറാന്‍ വരെ ഇവയ്ക്ക് സാധിച്ചേക്കാം. രക്തത്തില്‍ കലര്‍ന്നാല്‍ അവയവങ്ങളെ വരെ തകരാറിലാക്കാം. പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥശിശുവില്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഗൗരവത്തോടെ വിഷയത്തെ കാണണമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം ശാസ്ത്രജ്ഞര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com