ഉന്മാദ വിഷാദ രോഗം- വരകൾക്കിടയിലെ വാൻ ഗോഗ്

ഈ രോഗാവസ്ഥ എന്ന് വാൻ ഗോഗിൻ്റെ ജീവിതത്തിലൂടെ തന്നെ വായിച്ചെടുക്കാം
വിൻസെന്‍റ് വാൻ ഗോഗ്
വിൻസെന്‍റ് വാൻ ഗോഗ്എക്സ്

വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്‍റ് വാൻ ഗോഗിനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ചിത്രരചനയിൽ " ആവിഷ്‌കാരവാദം" (expressionism) എന്ന രീതി പ്രചരിപ്പിച്ച വ്യക്തിത്വം. അതായത് ചിത്രങ്ങൾ കേവലം വസ്തുനിഷ്ടമായി വരയ്ക്കാൻ ഉള്ളതല്ല, അത് ആസ്വാദകൻ്റെ ചിന്തകളെയും മനോവികാരങ്ങളെയും ഉണർത്തുന്നതായിരിക്കണം എന്ന ആശയം. വാൻ ഗോഗിൻ്റെ പല പെയിന്റിങ്ങുകളും ഇന്നും വളരെ മൂല്യമേറിയതാണ്.

അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമായ മാര്‍ച്ച് 30നാണ് ലോക ഉന്മാദ-വിഷാദ രോഗ ദിനമായി ആചരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ആണ് ജീവിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റിയുള്ള പ്രധാന രേഖകൾ ലഭ്യമാണ്. ഇടയ്ക്കിടെ വന്നു പോകുന്ന മാനസിക രോഗലക്ഷണങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി ഇതിൽ പറയുന്നുണ്ട്. ഇവ വിശദമായി പരിശോധിച്ച ചരിത്രകാരന്മാരും ഡോക്ടർമാരും ആണ് ഇദ്ദേഹത്തിന് ഉന്മാദ വിഷാദ രോഗം ഉണ്ടായിരുന്നുവെന്ന നിഗമനത്തിൽ എത്തിയത്. എന്താണ് ഈ രോഗാവസ്ഥ എന്ന് വാൻ ഗോഗിൻ്റെ ജീവിതത്തിലൂടെ തന്നെ വായിച്ചെടുക്കാം.

നമ്മുടെ മനസ്ഥിതി ഏറെക്കുറെ ഒരു നേർ രേഖയാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു സങ്കടവും ദേഷ്യവും സന്തോഷവും ഒക്കെ തോന്നുമെങ്കിലും അതൊക്കെ കുറച്ചു നേരത്തേക്കേ ഉണ്ടാകൂ. ശാന്തതയുടെ നേർ രേഖയിലേക്ക് നമ്മൾ തിരികെ വരും. എന്നാൽ ഉന്മാദ വിഷാദ രോഗം ഉള്ളവരുടെ മനസ്ഥിതി ഒരു നേർ രേഖയിൽ ആയിരിക്കില്ല. ഇടയ്ക്ക് അത് ഉന്മാദത്തിൻ്റെ കൊടുമുടി കയറും, ഇടയ്ക്ക് വിഷാദത്തിന്റെ ആഴക്കയങ്ങളിലേക്ക് പതിക്കും. ഓരോ അധ്യായങ്ങൾ ആയിട്ടാവും രോഗം വരുക. ഇതിൻ്റെ ഇടവേളകളിൽ രോഗിയുടെ മാനസികാവസ്ഥ മറ്റു വ്യക്തികളെപ്പോലെ ശാന്തമായിരിക്കും.

ഉന്മാദാവസ്ഥ എന്ത്?

"ഞാൻ കാണുമ്പോൾ അങ്ങേയറ്റം ഉത്തേജിതനായ ഒരു അവസ്ഥയിൽ ആയിരുന്നു അയാൾ. കാരണമില്ലാതെ അട്ടഹസിക്കുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. ആരെയും വക വെക്കാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഓടിനടക്കുന്നു"- വാൻ ഗോഗിനെ പരിശോധിച്ച ഡോക്ടർ ആൽബർട്ട് ഡെലോൺ തന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. വാൻ ഗോഗ് അസഭ്യം പറയുന്നു, സ്ത്രീകളോട് ലൈംഗികചുവയോടെ സംസാരിക്കുകയും അവരെ തൊടുകയും ചെയ്യുന്നു എന്നൊക്കെ നിരവധി പരാതികൾ മറ്റ് രോഗികൾ പറഞ്ഞിരുന്നതായും ഡോക്ടർ രേഖപെടുത്തുയിട്ടുണ്ട്. വാൻ ഗോഗ് തന്റെ ഈ അവസ്ഥയെ പറ്റി പിന്നീട് ഓർത്തെടുക്കുന്നത് ഇങ്ങനെ: "ആ സമയത്തു ഞാൻ ലോകത്തിൻ്റെ നെറുകയിൽ എത്തിയത് പോലെയായിരുന്നു. ദിവസങ്ങളോളം ഉറങ്ങാതെ നടക്കുമായിരുന്നു. അപ്പോൾ കാണിച്ചു കൂട്ടിയ അബദ്ധങ്ങൾ ഓർത്തു ഞാനിപ്പോൾ ലജ്ജിക്കുന്നു. ഞാൻ അന്ന് എഴുതിയ കത്തുകൾ ഒക്കെ പിന്നീട് എടുത്തു നോക്കി. വളരെ ദൈർഖ്യമേറിയ, വായിച്ചിട്ട് എനിക്ക് തന്നെ ഒന്നും മനസ്സിലാകാത്ത എന്തൊക്കയോ എഴുതി പിടിപ്പിച്ചിരിക്കുന്നു". ഇതാണ് ഉന്മാദാവസ്ഥ.

അപ്പൊ വിഷാദാവസ്ഥയോ?

“അവൻ ചെറുപ്പം മുതലേ വിഷാദിയായിരുന്നു. ആരോടും മിണ്ടില്ല, മുഖത്തു എപ്പോഴും ഒരു നിസ്സംഗ ഭാവമായിരുന്നു”- വാൻ ഗോഗിൻ്റെ അച്ഛന്റെ വാക്കുകൾ. ചില സമയങ്ങളിൽ അയാൾ ഒന്നും കഴിക്കില്ല, ഉറങ്ങില്ല, കുളിക്കില്ല. ശരീരത്തിന് ഒരു ബലവുമില്ലാതെ പൊങ്ങുതടി പോലെ അങ്ങനെ കിടക്കും. "കയ്യും കാലും കെട്ടി ആഴമുള്ള ഒരു കുഴിയിൽ പൂട്ടി ഇട്ടിരിക്കുന്നത് പോലെയാണ് അപ്പോഴൊക്കെ എനിക്ക് തോന്നാറ്. എന്തെങ്കിലും ചെയ്യുന്നത്, ആരോടെങ്കിലും സംസാരിക്കുന്നത് ഒക്കെ വളരെ അസഹനീയം ആയി തോന്നാറുള്ളത് കൊണ്ട് ഞാനത് ഒഴിവാക്കുമായിരുന്നു". വാൻ ഗോഗ് തന്റെ വിഷാദാവസ്ഥയെ വിവരിക്കുന്നത് ഇങ്ങനെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഗാവസ്ഥ മൂർച്ഛിക്കുമ്പോൾ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളും അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. തന്നെ ആരോ ഉപദ്രവിക്കാൻ വരുന്നുണ്ടെന്നു പറഞ്ഞു ഭയപ്പെടുക, ചുറ്റുമുള്ളവരൊക്കെ തനിക്ക് എതിരാണ് എന്ന് പറഞ്ഞുകൊണ്ട് അടുത്ത സുഹൃത്തുക്കളെ പോലും ആക്രമിക്കുക ഒക്കെ അദ്ദേഹം പല തവണ ചെയ്തതായി രേഖകൾ സൂചിപ്പിക്കുന്നു. അസഹനീയമായ അശിരീരി ശബ്ദങ്ങൾ കാരണം അദ്ദേഹം സ്വന്തം ചെവി മുറിച്ചു കളഞ്ഞു എന്ന കഥയും വളരെ പ്രശസ്തമാണ് ( ഇത് ഒരു സുഹൃത്തിനെ ആക്രമിക്കാൻ പോയപ്പോൾ സംഭവിച്ചതാണെന്നും മറ്റൊരു ഭാഷ്യമുണ്ട്). ആത്മഹത്യ ചെയ്യാനായി പല തവണ അദ്ദേഹം ചിത്രരചനയ്ക്ക് വേണ്ടി വെച്ചിരുന്ന പെയിൻറ് വിഴുങ്ങിയതായി പറയപ്പെടുന്നു. ഒടുവിൽ മുപ്പത്തിയേഴാമത്തെ വയസ്സിൽ സ്വന്തം നെഞ്ചിലേക്ക് നിറയൊഴിച്ചു അദ്ദേഹം അന്തരിച്ചു!

വിൻസെന്‍റ് വാൻ ഗോഗ്
ഉറക്കമില്ലായ്മ മുതൽ ഉറക്കത്തിനിടയിലെ മരണം വരെ; നിസ്സാരമായി കണ്ട് ഇനിയും അവഗണിക്കരുത്

മാനസിക രോഗങ്ങൾക്ക് ചികിത്സ ഇല്ലാതിരുന്ന കാലമായത് കൊണ്ട് അന്ന് അങ്ങനെ സംഭവിച്ചു . ഇന്നായിരുന്നെങ്കിൽ വൈകാരിക ക്രമീകരണം സാധ്യമാക്കുന്ന മരുന്നുകളും തെറാപ്പിയും ഉപയോഗിച്ച് അദ്ദേഹത്തെ തീർച്ചയായും സുഖപ്പെടുത്താൻ കഴിയുമായിരുന്നു. എങ്കിൽ എത്രയോ അത്ഭുത ചിത്രങ്ങൾ കൂടി നമുക്ക് കാണാമായിരുന്നു!

അന്ന് വാൻ ഗോഗിന് തന്റെ ചെവി നഷ്ടപ്പെട്ടു , പിന്നാലെ ജീവനും. ഇന്ന് നമുക്കത് തടയാൻ കഴിയും. ഉന്മാദ വിഷാദ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ചെവിയോർക്കാം, ചേർത്ത് പിടിക്കാം, കൃത്യമായ ചികിത്സ ഉറപ്പാക്കാം.

കോട്ടയം ഭാരത് ഹോസ്പിറ്റൽ കൺസൾറ്റന്റ് സൈക്യാട്രിസ്റ്റ് ആണ് ലേഖകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com