ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ഇ-കോമേഴ്‌സുമായി ബന്ധപ്പെട്ട ഉപഭോക്തൃ സംരക്ഷണ ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലെ തട്ടിപ്പ് ഡിസ്‌കൗണ്ടുകള്‍ക്ക് തടയിടുക എന്നതടക്കം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പുതിയ ചട്ടം ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
കിഴിവുകളും വിലക്കുറവും പ്രഖ്യാപിക്കുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ കുറച്ച വിലയും അതിന് മുന്‍പുണ്ടായിരുന്ന വിലയും കാണിക്കണം. ഓഫര്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പുള്ള 30 ദിവസത്തിനിടെ ആ ഉല്‍പ്പന്നത്തിനോ സേവനത്തിനോ ഈടാക്കിയ ഏറ്റവും കുറഞ്ഞ വിലയെയാണ് മുന്‍പുണ്ടായിരുന്ന വില എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്ന പഴയവില കാട്ടി വലിയ ഡിസ്‌കൗണ്ട് അവകാശപ്പെടുന്നത് ഇതോടെ തടയാനാകും.
ഉദാഹരണമായി ഒരു ഉല്‍പ്പന്നത്തിന്റെ കഴിഞ്ഞ 30 ദിവസത്തെ ഏറ്റവും കുറഞ്ഞ വില ആയിരം രൂപയായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. ഇപ്പോള്‍ 900ന് വില്‍ക്കുമ്പോള്‍ ആയിരം രൂപയായിരിക്കണം താരതമ്യത്തിനുള്ള മുന്‍വില. അതേസമയം 1500 രൂപയ്ക്ക് വിറ്റിരുന്നുവെന്ന കാരണത്താല്‍, 1500 രൂപയില്‍ നിന്ന് 900 രൂപയായി കുറഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം ഇനി നടക്കില്ല.
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ അവര്‍ തിരയുന്ന വിഷയത്തിന്റെ കൃത്യതയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലോ ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സെര്‍ച്ച് റിസള്‍ട്ടുകളില്‍ കൃത്രിമം കാണിക്കാന്‍ അനുവദിക്കില്ല. ഏതെങ്കിലുമൊരു കമ്പനി അവരുടെ ഉല്‍പ്പന്നത്തിന്റെ പരസ്യം( സ്‌പോണ്‍സേര്‍ഡ് ലിസ്റ്റിങ്) നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കിയിരിക്കണം. ഇത് സാധാരണ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് ഇവയെ വേര്‍തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കും.
ഇ- കോമേഴ്‌സ് കമ്പനികളില്‍ ഒരാള്‍ പരാതിപ്പെട്ടാല്‍, കമ്പനിയുടെ പരാതി പരിഹാര ഓഫീസര്‍ ഇത് രേഖപ്പെടുത്തിയ ശേഷം പരാതിയുടെ ഒരു കോപ്പി ഉപയോക്താവിന് നല്‍കേണ്ടതാണ്. ഇന്റര്‍നെറ്റില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സേവനങ്ങളും ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ഡാര്‍ക്ക് പാറ്റേണ്‍ രീതി പിന്തുടരാന്‍ പാടില്ല. അതായത് ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ പരതുമ്പോള്‍ ടിക്കറ്റ് രണ്ടു എണ്ണം മാത്രമേ ബാക്കിയുള്ളൂ, വേഗം ബുക്ക് ചെയ്യൂ എന്ന തരത്തിലുള്ള വ്യാജ അറിയിപ്പുകള്‍ ഒഴിവാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates