land survey ai image
Business

വസ്തു വാങ്ങാന്‍ പോകുകയാണോ?, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം; പണം നഷ്ടപ്പെടാം!

സ്വന്തമായി സ്ഥലം വാങ്ങി വീട് വെയ്ക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്വന്തമായി സ്ഥലം വാങ്ങി വീട് വെയ്ക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. മാതാപിതാക്കള്‍ വഴി സ്ഥലവും വീടും ലഭിക്കുന്നവര്‍ പോലും സ്വന്തമായി ഒരു സ്ഥലം വാങ്ങിയിടണമെന്ന് ചിന്തിക്കുന്നവരാണ്. ഒരു സ്ഥലം വാങ്ങുവാന്‍ പോകുന്നതിനു മുമ്പ് ഏതൊരാളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന ചോദ്യമാണ് രേഖയിലെ ഭൂമിയും യഥാര്‍ഥ ഭൂമിയും ഒന്നുതന്നെയാണോ എന്നത്.

ആധാരവും മുന്‍ ആധാരങ്ങളും ബാധ്യത സര്‍ട്ടിഫിക്കറ്റും പരിശോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. രേഖകളില്‍ പറയുന്ന ഭൂമി തന്നെയാണോ സ്ഥലത്ത് യഥാര്‍ഥത്തില്‍ ഉള്ളത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വസ്തു വാങ്ങുമ്പോള്‍ പലരും രേഖയിലെ വിസ്തീര്‍ണ്ണവും വിലയും മാത്രം നോക്കിയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ രേഖയില്‍ പറയുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം, അതിരുകള്‍, സര്‍വേ വിവരങ്ങള്‍ എന്നിവ സ്ഥലത്തെ യഥാര്‍ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നത് വളരെ പ്രധാനമാണ്.

രേഖയിലെ സ്ഥലത്തിന്റെ വിസ്തീര്‍ണം മാത്രം നോക്കി പറഞ്ഞ് ഉറപ്പിച്ച മുഴുവന്‍ വിലയും നല്‍കി സ്ഥലം വാങ്ങുന്നത് ഉചിതമല്ല. അതിനാല്‍ സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്ന് രേഖയില്‍ പറയുന്ന സ്ഥലം ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അത് എന്തുകൊണ്ട് എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുമാണ്.

ഒരു വസ്തുവിന്റെ സര്‍വേ നമ്പര്‍ അറിയാമെന്നത് മാത്രം കൊണ്ട് സ്ഥലം കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെന്ന് കരുതരുത്. പ്രത്യേകിച്ച് റീസര്‍വേ നടന്ന പ്രദേശങ്ങളില്‍ പഴയ സര്‍വേ നമ്പറും പുതിയ റീസര്‍വേ നമ്പറും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടിവരും. ആവശ്യമായിടത്ത് സബ് ഡിവിഷന്‍ നമ്പര്‍, ബ്ലോക്ക് നമ്പര്‍ തുടങ്ങിയ വിവരങ്ങളും പരിശോധിക്കണം. ആധാരത്തില്‍ പറഞ്ഞിരിക്കുന്ന അതിരുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി പരിചയസമ്പന്നനായ ലൈസന്‍സുള്ള സര്‍വേയറെക്കൊണ്ട് സ്ഥലം അളപ്പിക്കുന്നത് സുരക്ഷിതമാണ്.

വസ്തുവിന്റെ അതിരുകളില്‍ അയല്‍വാസിയുടെ മതില്‍, വേലി, കെട്ടിടം, ഷെഡ് തുടങ്ങിയവ കടന്നുവന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ചിലപ്പോള്‍ ചെറിയ തോതിലുള്ള കൈയേറ്റം വര്‍ഷങ്ങളോളം ആരും ശ്രദ്ധിക്കാതെ തുടരാം. വസ്തുവിലേക്ക് റോഡ് സൗകര്യമുണ്ടെന്നത് വാങ്ങുന്നയാളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഒരു റോഡ് കാണുന്നു എന്നതുകൊണ്ട് മാത്രം ആ വഴിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഉറപ്പിക്കാനാവില്ല. വസ്തുവിലേക്കുള്ള വഴി ആരുടേതാണ്? അത് പൊതുവഴിയാണോ? തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

വസ്തുവിന്റെ ഒരു ഭാഗം തോട്, കനാല്‍, പൊതുവഴി, സര്‍ക്കാര്‍ പുറമ്പോക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കാം. രേഖയില്‍ മുഴുവന്‍ ഭൂമിയും സ്വകാര്യ ഭൂമിയായി കാണുന്നുണ്ടെങ്കിലും സ്ഥലത്തെ യഥാര്‍ഥ സാഹചര്യം വ്യത്യസ്തമായിരിക്കാം.അതിനാല്‍ പരിശോധന അനിവാര്യമാണ്. വസ്തുവിന്റെ നിലവിലെ കൈവശാവകാശം ആര്‍ക്കാണ് എന്ന കാര്യവും പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

Planning to buy a property? You need to know these things, otherwise, you could lose your money!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പ്രസംഗിച്ചല്ലോ..., ആരെങ്കിലും വിമര്‍ശിച്ചോ...?' കെ കെ രാഗേഷ്

'ഇന്ത്യൻ സിനിമകളിൽ വ്യത്യസ്തമായൊരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുക വെല്ലുവിളിയാണ്'; കാരണം പറഞ്ഞ് ബേസിൽ ജോസഫ്

പരതൂർ സ്കൂൾ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർഥി ജുവനൈൽ ഹോമിലേക്ക്; അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

നല്ല കട്ടൻ ചായ തിളപ്പിക്കാൻ അറിയാമോ? രുചി കൂട്ടാൻ ഒരു ടിപ്പുണ്ട്