സി ബി എസ് ഇ ഈ അക്കാദമിക് വർഷം മുതൽ പരീക്ഷാ രജിസ്ട്രേഷനിൽ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കിയതാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് നിലവിൽ ആശങ്കയായി മാറിയിരിക്കുന്നത്.
2026 ലെ ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചത്.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്കു റജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഓരോ വിദ്യാർഥിക്കും ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന 12 അക്ക ഐഡിയാണ് അപാർ. ഇതു പരിശോധിച്ചാൽ പരീക്ഷാഫലങ്ങൾ, അക്കാദമിക് ബാങ്ക് ക്രെഡിറ്റ്, സ്കോളർഷിപ്പുകൾ അടക്കം വിദ്യാർഥിയുടെ പഠനവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ലഭ്യമാകും.
യു എ ഇ ഉൾപ്പടെ പല ഗൾഫ് രാജ്യങ്ങളിലെയും സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപാർ (APAAR ) നമ്പർ ഇല്ല. ഈ നമ്പർ സൃഷ്ടിക്കുന്നതിന് പല സ്കൂളുകളും വിദ്യാർത്ഥികളോട് ആധാർ കാർഡ് ആവശ്യപ്പെടുന്നതാണ് ഇപ്പോൾ തടസ്സമാകുന്നത്.
അപാർ ഐഡി സൃഷ്ടിക്കുന്നതിന്, വിദ്യാർത്ഥികൾ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം, ഫോട്ടോ, ആധാർ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകണം എന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നു പ്രവാസികളിൽ പലർക്കും ആധാർ ഇല്ല എന്നതാണ് തടസ്സത്തിന് കാരണം.
പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ആധാർ കാർഡ് നിർബന്ധമല്ലാത്തതിനാൽ, മിക്ക ഇന്ത്യൻ പ്രവാസികളും അവർക്കൊപ്പം പ്രവാസ രാജ്യത്ത് തന്നെ പഠിക്കുന്ന മക്കളും ആധാർ കാർഡ് എടുത്തിട്ടില്ല. മാത്രമല്ല,, യുഎഇയിലെ സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യൻ പൗരത്വമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ നിബന്ധന തടസ്സമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം അവർ ഇന്ത്യൻ പൗരരല്ലാത്തതിനാൽ ആധാർ കാർഡ് ലഭ്യമാകില്ലെന്നതാണ് കാരണം.
പല സ്കൂളുകളും വേനലവധി കഴിഞ്ഞ് പ്രവാസികൾ തിരികെ മടങ്ങിയെത്തിയപ്പോഴാണ് അപാർ, ആധാർ കാർഡ് വിവരങ്ങൾ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അറിയിക്കുന്നത്. നാട്ടിൽ ഉള്ള സമയത്താണ് അറിയിച്ചിരുന്നതെങ്കിൽ ആധാറിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് പ്രവാസികൾ പറയുന്നത്. ഇനി ആധാർ എടുക്കണമെങ്കിൽ പ്രവാസികൾ നാടുകളിലേക്ക് മടങ്ങേണ്ടിവരും. അത് സാമ്പത്തികമായി വലിയ ബാധ്യതയാകും. മാത്രമല്ല,സ്കൂൾ തുറന്നതിനാൽ കുട്ടികൾക്ക് ക്ലാസ് മുടക്കേണ്ടി വരും. അവധി കഴിഞ്ഞ് വന്നതിനാൽ ഉടൻ വീണ്ടും അവധി ലഭിക്കാനുള്ള സാധ്യത പല പ്രവാസികൾക്കും ഉണ്ടാകില്ലെന്നും അവർ പറയുന്നു.
എന്നാൽ, പ്രവാസി വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സിബിഎസ്ഇ സിലബസിലുള്ള വിദേശ സ്കൂളുകളുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരുമെന്ന് ദുബൈയിലെ സിബിഎസ്ഇ റീജിയണൽ ഓഫീസിന്റെയും സെന്റർ ഓഫ് എക്സലൻസിന്റെയും ഡയറക്ടർ ഡോ. രാം ശങ്കറിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയ്ക്ക് പുറത്തുള്ള സിബിഎസ്ഇ സ്കൂളുകൾ ഇപ്പോൾ അപാർ ഐഡി സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന സൂചനയാണ് സിബിഎസ് ഇയിൽ നിന്ന് ലഭിക്കുന്നത്.
"സിബിഎസ്ഇ ഉടൻ തന്നെ ഇതുസംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും, അതിനുള്ള ആവശ്യമായ പിന്തുണയും നൽകും. അതനുസരിച്ച്, യഥാസമയം തുടർനടപടികൾ സ്വീകരിക്കാൻ കഴിയും," അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates