സി ബി എസ് ഇ ബോർഡ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി- APAAR ID) നമ്പർ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശത്തിൽ വീണ്ടും ഇളവ് അനുവദിച്ച് സി ബി എസ് ഇ. ആദ്യം എല്ലാ സി ബി എസ് ഇ സ്കൂളുകളിലും നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഗൾഫ് രാജ്യങ്ങൾ, നേപ്പാൾ തുടങ്ങിയിടങ്ങളിലെ സി ബി എസ് ഇ സ്കൂളുകളിൽ അപാർ നമ്പർ രജിസ്റ്റർ ചെയ്യുന്നതിലെ സാങ്കേതിക തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും ഉയർന്ന് വന്നതോടെ വിദേശരാജ്യങ്ങളിലെ സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് അപാർ നിർബന്ധമാക്കിയ നിയമത്തിന് സിബിഎസ്ഇ ഇളവ് നൽകി.
എന്നാൽ, ഇന്ത്യയിൽ സി ബി എസ് ഇ പരീക്ഷയ്ക്ക് രജിസ്ട്രേഷൻ നടത്തുന്നതിന് അപാർ നിർബന്ധമാക്കിയത് തുടർന്നിരുന്നു. പക്ഷേ ഇത് സംബന്ധിച്ച് ഉയർന്നുവന്ന ചില തടസ്സങ്ങളെ തുടർന്ന് ഇളവുകൾ അനുവദിച്ചു കൊണ്ട് കഴിഞ്ഞദിവസം സി ബി എസ് ഇ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
*പല സ്കൂളുകളും അപാർ ഐഡികൾ സൃഷ്ടിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
* വ്യത്യസ്ത പോർട്ടലുകൾക്കിടയിലുള്ള സാങ്കേതിക പ്രശ്നങ്ങൾ
* സ്കൂളിലെയും ആധാർ ഡാറ്റയിലെയും പൊരുത്തക്കേടുകൾ
* ഡാറ്റ തിരുത്തലിലെ കാലതാമസം
* രക്ഷിതാക്കളുടെ സമ്മതക്കുറവ് (അപാർ നമ്പർ രൂപീകരിക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്)
*പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാർത്ഥികളുടെ പട്ടിക (എൽ ഒ സി ) സമയബന്ധിതമായി സമർപ്പിക്കുന്നത് ഉറപ്പാക്കാൻ, സിബിഎസ്ഇ ഇളവ് അനുവദിച്ചിട്ടുണ്ട്:
*രക്ഷിതാക്കൾ സമ്മതം നിഷേധിച്ചാൽ, സ്കൂളുകൾ പരീക്ഷാർത്ഥി പട്ടികയിൽ “REFUSED” (നിരസിച്ചു) എന്ന് രേഖപ്പെടുത്തണം.
*മറ്റ് കാരണങ്ങളാൽ അപാർ ഐഡി സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പരീക്ഷാർത്ഥി പട്ടികയിൽ “NOGEN” എന്ന് അടയാളപ്പെടുത്തണം.
*മറ്റെല്ലാ സാഹചര്യങ്ങളിലും, അപാർ ഐഡി നൽകണം.
സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിൽ സിബി എസ് ഇ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്കൂളുകൾ അപാർ ഐഡികൾ പൂർണ്ണമായി ലിങ്ക് ചെയ്യണം ഇതിനായുള്ള നടപടികൾ സ്കൂളുകൾ തുടരണം. എന്നാൽ, ലിങ്ക് ചെയ്തില്ല എന്നതുകൊണ്ട് വിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷകൾക്ക് ഹാജരാകുന്നതിന് തടസമാകില്ല. അപാർ ഐഡി ജനറേഷനിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സ്കൂളുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഈ ഇളവ് ആശ്വാസമാണ്.
വിശദവിവരങ്ങൾക്ക്: https://www.cbse.gov.in/cbsenew/documents/Apaar_Id_Relaxation_2025_11092025.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates