ഇന്ത്യയിലെ പ്രമുഖ അക്കാദമിക് സ്ഥാപനമായ ഐഐടി ഡൽഹിയും ഓസ്ട്രേലയിയിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയും (യുക്യു) സംയുക്തമായി പിഎച്ച്ഡി പ്രോഗ്രാം പ്രഖ്യാപിച്ചു.
2026 ലെ പ്രോഗ്രാമിലേക്ക് പൂർണമായും ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഇതിനായുള്ള അപേക്ഷ ഈ മാസം മുതൽ സ്വീകരിക്കും.
യുക്യു-ഐഐടി ഡൽഹി റിസർച്ച് അക്കാദമിയുടെ കീഴിൽ നടത്തുന്ന നാല് വർഷത്തെ സഹകരണ സംരംഭം, വിദ്യാർത്ഥികൾക്ക് ഇരു രാജ്യങ്ങളിലും പഠിക്കാനും രണ്ട് സ്ഥാപനങ്ങളിൽ നിന്നും സംയുക്ത പിഎച്ച്ഡി ബിരുദം നേടാനും സഹായിക്കും.
രജിസ്ട്രേഷൻ പ്രക്രിയ 2025 ഒക്ടോബർ 30-ന് ആരംഭിച്ച് 2026 ജനുവരി ഏഴിന് അവസാനിക്കും.
ഐഐടി ഡൽഹി പിഎച്ച്ഡി പ്രോഗ്രാമിന് കീഴിൽ, തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ്, ട്യൂഷൻ ഫീസ് ഇളവ്, റീലൊക്കേഷനുള്ള ധനസഹായം എന്നിവ ഉൾപ്പെടുന്ന സ്കോളർഷിപ്പ് പാക്കേജ് ലഭിക്കും.
പി എച്ച് ഡിയുടെ ഒന്നും മൂന്നും നാലും വർഷങ്ങൾ ഐഐടി ഡൽഹിയിലും രണ്ടാം വർഷം ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിലുമായിരിക്കും ഗവേഷണം.
യോഗ്യരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഐഐടി ഡൽഹിയിൽ ആദ്യ വർഷം പ്രതിമാസം 37,000 രൂപയും മൂന്ന്, നാല് വർഷങ്ങളിൽ 42,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും. പതിവ് സ്റ്റൈപ്പൻഡിനൊപ്പം പ്രതിമാസം 10,000 രൂപ അധിക ടോപ്പ്-അപ്പ് നൽകും.
ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ രണ്ടാം വർഷ ഗവേഷണ കാലയളവിൽ, വിദ്യാർത്ഥികൾക്ക് 36,400 AUD (2025 നിരക്ക്) നിരക്കിൽ വാർഷിക സ്റ്റൈപ്പൻഡ് നൽകും.
നാലുവർഷത്തെ മുഴുവൻ പ്രോഗ്രാമിനും യുക്യു ട്യൂഷൻ ഫീസ് സ്കോളർഷിപ്പും ഗവേഷകർക്ക് ലഭിക്കും. ഡൽഹിയിൽ നിന്ന് ബ്രിസ്ബേനിലേക്കുള്ള യാത്രയ്ക്കായി 5,200 AUD (2025 നിരക്ക്) റീലൊക്കേഷൻ ഗ്രാന്റും ഓസ്‌ട്രേലിയയിലെ താമസം. ആരോഗ്യ പരിരക്ഷയും അധിക സഹായത്തിൽ ഉൾപ്പെടുന്നു.
ഐഐടി ഡൽഹിയും ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയും പിഎച്ച്ഡി പ്രോഗ്രാം, അഭിലാഷമുള്ള ഗവേഷകർക്ക് ഇരട്ട അക്കാദമിക് എക്‌സ്‌പോഷർ നേടുന്നതിനും രണ്ട് പ്രമുഖ സ്ഥാപനങ്ങളിലുടനീളം ആഗോളതലത്തിൽ പ്രസക്തമായ ഇന്റർ ഡിസിപ്ലിനറി പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നതിനുമുള്ള ഒരു സവിശേഷ അവസരം നൽകുന്നു.
അപേക്ഷാ പ്രക്രിയയിൽ അഞ്ച് ഘട്ടങ്ങളുണ്ട്:
* ഗവേഷണ പ്രോജക്റ്റ്
* യോഗ്യത പരിശോധിക്കൽ
* രേഖകൾ തയ്യാറാക്കൽ
* താൽപ്പര്യ പ്രകടനം (EOI) സമർപ്പിക്കൽ
* പൂർണ്ണ അപേക്ഷ പൂരിപ്പിക്കൽ
ഔദ്യോഗിക ഷെഡ്യൂൾ അനുസരിച്ച്, 2025 ഒക്ടോബർ 30-ന് അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കും. 2026 ജനുവരി ഏഴ് വരെ അപേക്ഷ സ്വീകരിക്കും.
നടപടിക്രമങ്ങൾക്ക് ശേഷം അപേക്ഷകരുടെ ചുരുക്കപ്പട്ടിക 2026 ജനുവരി 21 നും മാർച്ച് നാലിനും ഇടയിൽ പ്രസിദ്ധീകരിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗവേഷകരുമായുള്ള അഭിമുഖങ്ങൾ 2026 ഏപ്രിൽ ഏഴ് മുതൽ 16 വരെ നടക്കും. അന്തിമ പട്ടിക മെയ് 18 ന് പ്രസിദ്ധീകരിക്കും, ഗവേഷകർക്ക് അത് സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2026 മെയ് 29 ആണ്.
താൽപ്പര്യമുള്ളവർക്ക് വിശദമായ വിവരങ്ങൾക്ക്: ഐഐടി ഡൽഹിയുടെ. ഔദ്യോഗിക വെബ്സൈറ്റ് https://home.iitd.ac.in/index.php അല്ലെങ്കിൽ ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് https://uqiitd.org/study/ എന്നിവ സന്ദർശിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates