സിബിഎസ് ഇ സ്കൂളുകളിൽ പഠിക്കുന്ന 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രജിസ്ട്രേഷനിലും 10, 12 ക്ലാസുകളിലെ പരീക്ഷാർത്ഥികളുടെ പട്ടികയിലും (LOC) നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങളും വിഷയങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം.
ഇവ പരിശോധിച്ച് ആവശ്യമാണെങ്കിൽ തിരുത്തലുകൾ വരുത്തി സമയബന്ധിതമായി സമർപ്പിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.
രക്ഷിതാക്കള്‍, അവരുടെ കുട്ടികളുടെ മുഴുവന്‍ പേര്, ജനനത്തീയതി, അമ്മയുടെയും അച്ഛന്റെയും പേരുകള്‍, തെരഞ്ഞെടുത്ത വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് സി ബി എസ് ഇ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
രജിസ്ട്രേഷന്‍ സമയത്തോ പരീക്ഷാർത്ഥി പട്ടിക (എല്‍ഒസി) സമര്‍പ്പിക്കുമ്പോഴോ വ്യക്തിഗതി വിവരങ്ങളിലോ വിഷയം തെരഞ്ഞെടുക്കുന്നതിലോ ഉണ്ടാകുന്ന പിശകുകള്‍ പരീക്ഷയെയും ബാധിക്കും.
എന്തെങ്കിലും പിശക് സംഭവിച്ചാൽ ശരിയായ ചോദ്യപേപ്പറുകളുടെ വിതരണത്തെ ബാധിക്കുകയും ഫലം പ്രഖ്യാപിച്ചതിന് ശേഷവും പ്രശ്നങ്ങള്‍ കാരണമാകുകയും ചെയ്തേക്കാം.
വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ (ക്ലാസ് 9/11):
*അവസാനതീയതി: സെപ്റ്റംബർ 30, 2025
**ലേറ്റ് ഫീസ് സഹിതം സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 11, 2025
പരീക്ഷാർത്ഥി പട്ടിക ( എൽ ഒ സി) (ക്ലാസ് 10/12)
*അവസാന തീയതി: സെപ്റ്റംബർ 29, 2025 വരെ
**ലേറ്റ് ഫീസ് സഹിതം സമർപ്പിക്കേണ്ട തീയതി: ഒക്ടോബർ മൂന്ന് മുതൽ ഒക്ടോബർ 11, 2025 വരെ
രജിസ്ട്രേഷനും എൽഒസി സമർപ്പിക്കലിനുമുള്ള സമയപരിധി കഴിഞ്ഞാൽ, സിബിഎസ്ഇ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഡേറ്റാ വെരിഫിക്കേഷൻ സ്ലിപ്പ് നൽകും. പരീക്ഷാർത്ഥിയുടെ വ്യക്തിഗത വിവരങ്ങളിലോ വിഷയങ്ങളിലോ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ വെരിഫിക്കേഷൻ വിൻഡോയിൽ മാത്രമേ സാധ്യമാകൂ.
ക്ലാസ് 10/12 പരീക്ഷാർത്ഥി പട്ടിക ( എൽ ഒ സി): ഒക്ടോബർ 13 മുതൽ ഒക്ടോബർ 27 വരെ
ക്ലാസ് 9/11 രജിസ്ട്രേഷൻ: നവംബർ 14 മുതൽ നവംബർ 28 വരെ
വെരിഫിക്കേഷൻ കാലയളവിനുശേഷം 10, 12 ക്ലാസുകളിൽ തിരുത്തലുകൾ അനുവദിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. സമയപരിധി നീട്ടാത്തതിനാൽ സ്കൂളുകൾ സന്ദർശിച്ച് സമയബന്ധിതമായി ഡേറ്റാ പരിശോധിച്ച് തിരുത്തലുകൾ ആവശ്യമാണെങ്കിൽ അത് നിർവഹിച്ച് സമർപ്പിക്കണമെന്ന് സി ബി എസ് ഇ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.
ചുരുക്കെഴുത്തുകൾക്ക് പകരം പൂർണ്ണനാമങ്ങൾ ഉപയോഗിക്കേണ്ടതിന്റെയും, ജനനത്തീയതി ഔദ്യോഗിക രേഖകളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും, ബാധകമെങ്കിൽ പാസ്‌പോർട്ടുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പടെ ക്രോസ് ചെക്ക് ചെയ്യുന്നതിന്റെയും പ്രാധാന്യം ബോർഡ് വിശദീകരിച്ചു.
സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് 2025-26 അക്കാദമിക് സെഷനില്‍ എല്ലാ 10, 12 ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ ഇത് പാലിക്കണമെന്നും സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍, മരണം, അംഗീകൃത ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കല്‍ എന്നിവയിലാണ് കുറഞ്ഞത് 75 ശതമാനം ഹാജര്‍ എന്ന നിബന്ധനയില്‍ നിന്ന് ഇളവ് നല്‍കുക.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അപാർ ഐഡി രജിസ്ട്രേഷൻ സി ബി എസ് ഇ നിർബന്ധമാക്കിയിരുന്നു. എന്നാൽ, പിന്നീട് ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളിൽ ഇതൊഴിവാക്കി നൽകി. അതിന് ശേഷം ഇന്ത്യയിലെ സ്കൂളുകളിലും അപാർ നിർബന്ധമാണെങ്കിലും ചില ഇളവുകൾ ബോർഡ് അനുവദിച്ചു.
വിശദവിവരങ്ങൾക്ക്:www.cbse.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates