Kanji vs Rice Pinterest
Food

ചോറോ കഞ്ഞിയോ? ആരോ​ഗ്യത്തിന് ഏതാണ് കൂടുതൽ ​ഗുണകരം

അരി ഉപയോഗിച്ചു തന്നെയാണ് കഞ്ഞിയും ചോറും ഉണ്ടാക്കുന്നതെങ്കിലും പാകം ചെയ്യുന്ന രീതിയിലും വെള്ളത്തിൻ്റെ അളവിലുമാണ് പ്രധാന വ്യത്യാസം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

നമ്മൾ മലയാളികളുടെ ഡയറ്റിൽ ചോറിനും കഞ്ഞിക്കും പ്രത്യേകം സ്ഥാനമുണ്ട്. സാധാരണ ദിവസങ്ങളിൽ ചോറാണ് പലരും തിരഞ്ഞെടുക്കാറ്. എന്നാൽ പനിയോ ക്ഷീണമോ ദഹനപ്രശ്നങ്ങളോ തോന്നിയാൽ കഞ്ഞിക്കാണ് പരി​ഗണന. ചോറിനെക്കാൾ കഞ്ഞി ആരോ​ഗ്യത്തിന് കൂടുതൽ നല്ലതാണോ? ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഇവയിൽ ഏതാണ് മികച്ചത്?

കഞ്ഞിയും ചോറും തമ്മിലുള്ള വ്യത്യാസം

അരി ഉപയോഗിച്ചു തന്നെയാണ് കഞ്ഞിയും ചോറും ഉണ്ടാക്കുന്നതെങ്കിലും പാകം ചെയ്യുന്ന രീതിയിലും വെള്ളത്തിൻ്റെ അളവിലുമാണ് പ്രധാന വ്യത്യാസം. കൂടുതൽ വെള്ളം ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. അതുകൊണ്ട് ഒരേ അളവിലുള്ള കഞ്ഞിയിലും ചോറിലും ഊർജത്തിന്റെ അളവ് ഒരുപോലെയായിരിക്കില്ല. കഞ്ഞിയിൽ വെള്ളത്തിന്റെ അളവ് കൂടുതലായതിനാൽ വയറുനിറഞ്ഞതായി തോന്നാം.

അതേസമയം, ഒരേ അളവ് അരി ഉപയോഗിച്ച് ഉണ്ടാക്കിയാൽ കഞ്ഞിയിലും ചോറിലും അരിയിൽ നിന്നുള്ള കാർബോഹൈഡ്രേറ്റിന്റെ അളവ് ഏകദേശം ഒരുപോലെയായിരിക്കും. അതുകൊണ്ടു തന്നെ കഞ്ഞി കഴിക്കുന്നതുകൊണ്ട് മാത്രം കാർബോഹൈഡ്രേറ്റ് അളവ് കുറയുമെന്ന് വിലയിരുത്താനാകില്ല.

ദഹനത്തിന് കഞ്ഞി കൂടുതൽ നല്ലതാണോ?

കഞ്ഞി കുറച്ചുകൂടി മൃദുവായ ഭക്ഷണമായതിനാൽ ചവയ്ക്കാനും വിഴുങ്ങാനും എളുപ്പമാണ്. പ്രായമായവർക്കും ചവയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ചില ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് സൗകര്യപ്രദമായ ഭക്ഷണമാണ്. എന്നാൽ കഞ്ഞി കഴിച്ചാൽ ദഹനം എപ്പോഴും എളുപ്പമാകുമെന്നും ചോറിനേക്കാൾ മികച്ചതാണെന്നും പറയാനാകില്ല. അരിയുടെ ഇനം, പാകം ചെയ്യുന്ന രീതി, കഴിക്കുന്ന അളവ് എന്നിവയും ദഹനത്തെ സ്വാധീനിക്കും.

പ്രമേഹമുള്ളവർ കഞ്ഞി കഴിക്കുമ്പോൾ ശ്രദ്ധിക്കണം

കഞ്ഞി ആരോഗ്യകരമായ ഭക്ഷണമാണെന്ന ധാരണയിൽ പ്രമേഹമുള്ളവർക്ക് എത്ര വേണമെങ്കിലും കഴിക്കാമെന്ന് കരുതരുത്. കൂടുതൽ വെള്ളം ചേർത്ത് തയ്യാറാക്കുന്നതിനാൽ കഞ്ഞിയിൽ അരിയുടെ അളവ് കുറവാണെന്ന് തോന്നാമെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് അളവ് ശ്രദ്ധിക്കണം.

സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ചോറിനേക്കാൾ കഞ്ഞി കഴിക്കുന്നവരുടെ ഗ്ലൂക്കോസ് നില വേഗത്തിലും കൂടുതലായും ഉയർന്നതായി കണ്ടെത്തിയിരുന്നു.

പോഷകഗുണം കൂടുതൽ എന്തിനാണ്?

വെള്ളയരി ഉപയോഗിച്ചാണ് കഞ്ഞിയും ചോറും തയ്യാറാക്കുന്നതെങ്കിൽ രണ്ടിലും പ്രധാനമായും കാർബോഹൈഡ്രേറ്റാണ് ലഭിക്കുന്നത്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കാര്യത്തിൽ വെളുത്ത അരിക്ക് പരിമിതികളുണ്ട്. തവിട് നീക്കം ചെയ്യാത്ത അരി ഉപയോഗിക്കുന്നത് കൂടുതൽ നാരുകളും പോഷകങ്ങളും ലഭിക്കാൻ സഹായിക്കും.

കഞ്ഞി കഴിക്കുമ്പോൾ പയർ, ചെറുപയർ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ കൂടി ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിൻ്റെ പോഷകമൂല്യം വർധിപ്പിക്കും. മോരും തൈരും പോലുള്ളവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ ഉപ്പിൻ്റെ അളവ് നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

കഞ്ഞിയാണോ ചോറാണോ തിരഞ്ഞെടുക്കേണ്ടത്?

ഇവയിൽ ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയാനാകില്ല. പ്രായം, ആരോഗ്യസ്ഥിതി, ശാരീരിക അധ്വാനം, ഭക്ഷണത്തിൻ്റെ അളവ്, അരിയുടെ ഇനം എന്നിവയെല്ലാം പരിഗണിക്കണം. പ്രമേഹമുള്ളവർ കഞ്ഞിയുടെയും ചോറിന്റെയും അളവ് നിയന്ത്രിക്കുകയും ഒപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും വേണം.

Kanji vs Rice, which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കല്‍ വീണ്ടും സജീവം; മധ്യപ്രദേശ് സര്‍ക്കാരിന്റെ ആവശ്യം 280 കോടി രൂപ

'സമയമാണ് പ്രശ്‌നം'; കോഴിക്കോട് ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു

ബാച്ചിലര്‍ പാര്‍ട്ടി D'Eux- ലേക്ക് വിളിക്കാത്തതില്‍ വിഷമമുണ്ട്, വിളിച്ചിരുന്നേല്‍ പൊളിച്ചേനെ: രാഹുല്‍ രാജ്

സുഹൃത്തിന് പണം കടം കൊടുത്തിട്ട് കിട്ടിയില്ലേ? കേസിന് പോയിട്ട് കാര്യമുണ്ടോ, യുഎഇയില്‍ നിയമം ഇങ്ങനെ

ഉത്സവാവേശം നിറച്ച് കൊടികയറി, വൈക്കത്തഷ്ടമി ഡിസംബര്‍ ഒന്നിന്; അറിയാം ഐതീഹ്യം