കളി നടക്കുന്നത് അങ്ങ് അമേരിക്കയിൽ ആണെങ്കിലും ഫിഫ ലോകകപ്പിന്റെ ആവേശം നമ്മുടെ കൊച്ചു കേരളത്തിന്റെ ഓരോ മൂക്കുംമൂലയിലും വ്യക്തമാണ്. ക്ലോക്ക് നോക്കി ആദ്യ മിനിറ്റു മുതൽ ടിവിയുടെ മുന്നിൽ സുഹൃത്തുക്കളുമായി കളി കാണാൻ ഇരിക്കുമ്പോൾ മാനസിക സമ്മർദവും ആവേശവും ആഹ്ലാദവുമൊക്കെ ഇരട്ടിക്കിരട്ടിയായിരിക്കും. സ്വന്തം ടീം ജയിക്കുമ്പോൾ വാനോളം ഉയരുന്ന സന്തോഷവും പരാജയപ്പെട്ടാൽ കടുത്ത നിരാശയുമൊക്കെ ഒരു കായിക പ്രേമിയെ സംബന്ധിച്ചിടത്തോളം സാധാരണമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കായിക മത്സരമാണ് ഫുട്ബോൾ ലോകകപ്പ്. പണ്ടൊരിക്കൽ ഒരു രാജാവ് ഫുട്ബോൾ മത്സരം കാണാൻ പോയപ്പോൾ കളി എന്താണെന്ന് മനസ്സിലാകാതെ, മൈതാനത്ത് ഒരു പന്തിന് പിന്നാലെ 22 പേർ ഓടുന്നത് കണ്ടിട്ട്, അസ്വസ്ഥനായ അദ്ദേഹം എല്ലാവർക്കും ഓരോ പന്ത് വീതം നൽകാൻ ആജ്ഞാപിച്ചുവത്രേ! പരിഹാസമാണെങ്കിലും ഫുട്ബോൾ വെറുമൊരു വിനോദമായി മാത്രം കരുതേണ്ടതില്ല.
മത്സരം പുരോഗമിക്കുന്ന ഓരോ മിനിറ്റിലും നമുക്കുള്ളിലുണ്ടാകുന്ന അഡ്രിനാലിൻ റഷ് നമ്മുടെ ആരോഗ്യത്തിനും ഗുണകരമാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. സ്പോർട്സ് വ്യത്യസ്തമായ ഒരുപാട് ആളുകളെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ഒരു മാജിക് കൂടിയാണ്. ഇത് പുതിയ സാമൂഹിക ബന്ധങ്ങൾക്ക് മികച്ച അവസരം നൽകുന്നുവെന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
ടിവിക്ക് മുന്നിലാണെങ്കിലും സ്റ്റേഡിയത്തിലാണെങ്കിലും ലോകകപ്പ് വളരെ സാമൂഹികമാണ്. സ്പോർട്സ് ഇഷ്ടപ്പെടുന്ന ആളുകൾ, പ്രത്യേകിച്ച് ഒരുമിച്ചിരുന്നു സ്പോർട്സ് കാണുന്നത് അത് പിന്തുടരാത്തവരെ അപേക്ഷിച്ച് ഉയർന്ന ജീവിത സംതൃപ്തിയും കുറവ് ഒറ്റപ്പെടൽ തോന്നിക്കുന്നവരുമാണെന്ന് പഠനങ്ങൾ പറയുന്നു.
നമ്മൾ ഒരു പ്രത്യേക ടീമിന് വേണ്ടി മറ്റുള്ളവരുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുമ്പോൾ, അവർക്ക് സ്വന്തം ആത്മബോധത്തെ കുറിച്ച് കൂടുതൽ ധാരണയുണ്ടാകുമെന്ന് പഠനങ്ങൾ വിശദീകരിക്കുന്നു. ആളുകളുമായുള്ള സാംസ്കാരിക കൈമാറ്റങ്ങളിലൂടെയും ഇടപെടലുകളിലൂടെയും സാമൂഹിക ബന്ധം മെച്ചപ്പെടുത്തുന്നു. പുതിയ കാഴ്ചപ്പാടുകൾ അനുഭവിക്കാനും, ഓരേ ടീമിന്റെ ആരാധകരെ കണ്ടെത്താനും, ആർപ്പുവിളികളും മാനസികമായ വെൽബീയിങ്ങിന് ഏറെ സഹായിക്കുന്നു.
മാനസിക വെൽബീയിങ് എന്നത് ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ സുസ്ഥിതിയാണ്. നമ്മൾ എത്രത്തോളം സന്തോഷവാന്മാരാണെന്നും ജീവിതത്തെ എത്രത്തോളം പോസിറ്റീവ് ആയി കാണുന്നവെന്നകുമൊക്കെ മാനസിക വെൽബീയിങ്ങിനെ സ്വാധീനിക്കും. ഉയർന്ന മാനസിക വെൽബീയിങ് ശാരീരിക ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അവർ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുമെന്നും പഠനങ്ങൾ പറയുന്നു.
യുകെയിൽ നടത്തിയ ഒരു പഠനത്തിൽ കായിക പരിപാടിയിൽ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളുകൾക്ക് അവരുടെ ജീവിതത്തിൽ കൂടുതൽ സംതൃപ്തിയും മറ്റുള്ളവരെ അപേക്ഷിച്ച് ഒറ്റപ്പെടൽ കുറവുമായിരിക്കുമെന്നും കണ്ടെത്തി. വർഷത്തിൽ ഒരിക്കലെങ്കിലും സ്പോർട്സ് കാണുന്ന ആളുകൾക്ക് കാണാത്തവരെ അപേക്ഷിച്ച് വിഷാദരോഗ ലക്ഷണങ്ങൾ കുറവാണെന്നും കണ്ടെത്തി.
സ്പോട്സ് സാധാരണ ദിനചര്യകളിൽ നിന്ന് ആശ്വാസം നൽകും. ശക്തമായ സാമൂഹിക ബന്ധങ്ങൾ ഉണ്ടാവുകയും ഇത് സമ്മർദ നിലകൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ടിവിക്ക് മുന്നിലാണെങ്കിലും സ്വന്തം ടീമിന് വേണ്ടി ആർപ്പു വിളിക്കുന്നത് ഒരു വൈകാരിക മോചനമായി കണക്കാക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന്റെ സമ്മർദ പ്രതികരണത്തെ ശാന്തമാക്കുന്നതിലൂടെ ദീർഘായുസ്സ് നിലനിർത്താനും സഹായിക്കുന്നു.
എന്നാൽ ലോകകപ്പ് എത്ര ആവേശകരമാണെങ്കിലും ആരോഗ്യപരമായ ചില ആശങ്കകളും ഇത് ഉയർത്തുന്നുണ്ട്. ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന മത്സര പരമ്പരകൾ ഉറക്കക്കുറവ്, അമിത മദ്യപാനം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, സമ്മർദം, ദേഷ്യം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളും ഉണ്ടാക്കാം. ഇവയെല്ലാം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ഒന്നിച്ചിരുന്നു ലോകകപ്പ് കാണാം: സുഹൃത്തുക്കൾക്കൊപ്പമോ കുടുംബാംഗങ്ങൾക്കൊപ്പമോ സമൂഹത്തോടൊപ്പമോ ഇരുന്ന് കാണുന്നതിലൂടെ സാമൂഹിക ബന്ധത്തിന്റെ ആരോഗ്യകരമായി ആനുകൂല്യങ്ങൾ കിട്ടാൻ സഹായിക്കും.
ഭക്ഷണത്തിൽ ശ്രദ്ധിക്കണം: രാത്രി വൈകിയിരുന്നു മത്സരങ്ങൾ കാണുമ്പോൾ അമിതമായി വിശപ്പ് ഉണ്ടാകാനും ജങ്ക് ഫുഡ് കഴിക്കുന്നത് വർധിക്കാനും കാരണമാകും. നട്‌സ്, ഹോൾ-ഗ്രെയിൻ ചിപ്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.
മദ്യപാനം: കളിയുടെ ആവേശത്തിൽ മദ്യപിക്കുന്നതിന് അളവുണ്ടാകില്ല, മദ്യം ഒഴിവാക്കുകയോ വെള്ളം അല്ലെങ്കിൽ മധുരമില്ലാത്ത ഐസ്ഡ് ടീ പോലുള്ളവ കുടിക്കുകയോ ചെയ്യാം.
എല്ലാ മത്സരങ്ങളും വേണ്ട; എല്ലാ മത്സരങ്ങൾക്കും വേണ്ടി ഉറക്കം കളയുന്നത് ആരോഗ്യത്തിന് പ്രശ്നമാണ്. അതുകൊണ്ട് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കളികൾക്ക് മുൻഗണന നൽകുക. ഉറങ്ങാൻ ഒരു സമയം നിശ്ചയിക്കുക.
മുഴുവൻ സമയവും ഇരിക്കരുത്: മത്സരം കാണുമ്പോൾ മുഴുവൻ ഓരേ പോലെ ഇരിക്കാതെ ഇടയ്ക്ക് നടക്കുകയോ നിൽക്കുകയും ചെയ്യണം.
സമ്മർദ്ദം നിയന്ത്രിക്കുക: ടീമിന്റെ പരാജയവും വിജയവും നമ്മെ ബാധിക്കും. സമ്മർദം കൂടി വരുന്ന സാഹചര്യങ്ങളിൽ ആഴത്തിൽ ശ്വസിക്കുക, ഒരു ഇടവേളയെടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates