സംസ്ഥാനത്ത് ഇത്തവണ മഴക്കാലം നേരത്തെ എത്താനിടയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മഴക്കാലരോഗങ്ങളുടെ ആശങ്കയും വർധിക്കുകയാണ്. പ്രത്യേകിച്ച് ഡെങ്കിപ്പനി, കേരളത്തിൽ എല്ലാ വർഷവും മഴക്കാലത്ത് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഡെങ്കിപ്പനി. മഴ തുടങ്ങുമ്പോൾ വീടുകളുടെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊതുകുകൾ വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു.
ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. സാധാരണ കൊതുകുകളെ പോലെ രാത്രിയല്ല, ഇവ കൂടുതലായും പകൽ സമയത്താണ് കടിക്കുന്നത്. വീടിന്റെ അകത്തും ചുറ്റുപാടുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്.
ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ
പെട്ടെന്നുള്ള ഉയർന്ന പനി
കടുത്ത തലവേദന
കണ്ണിന് പിന്നിലെ വേദന
ശരീരവേദനയും സന്ധിവേദനയും
അമിത ക്ഷീണം
ചർമ്മത്തിൽ ചുവന്ന പാടുകൾ
ഛർദി, വിശപ്പില്ലായ്മ
ചിലരുടെ അവസ്ഥ ഗുരുതരമാകാനും ഡെങ്കി ഹെമറാജിക് പനി (Dengue Hemorrhagic Fever) പോലുള്ള അവസ്ഥകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണണം.
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
പഴയ ടയർ, ബക്കറ്റ്, ചട്ടി, കുപ്പി, തേങ്ങാക്കൊമ്പ് തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കരുത്.
ഫ്രിഡ്ജിന്റെ ട്രേയും എയർ കണ്ടീഷണറിന്റെ ഡ്രെയിനേജും പരിശോധിക്കുക.
വെള്ളസംഭരണികൾ മൂടിവെക്കുക
ടാങ്ക്, ഡ്രം, ബക്കറ്റ് എന്നിവ മൂടി സൂക്ഷിക്കുക.
ആഴ്ചയിൽ ഒരു ദിവസം ‘ഡ്രൈ ഡേ’
വീട്ടിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരു ദിവസം മുഴുവൻ വെള്ളക്കെട്ടുകൾ പരിശോധിച്ച് വൃത്തിയാക്കുക.
കൊതുക് പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുക
കൊതുക് വല പോലുളളവ ഉപയോഗിക്കുക.
മുഴുവൻ കൈയും കാലും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക
വീടിന് ചുറ്റുമുള്ള കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക.
മാലിന്യങ്ങൾ അടിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കുക.
രോഗബാധ കുറയ്ക്കാൻ ആരോഗ്യകരമായ ശീലങ്ങൾ
ധാരാളം വെള്ളം കുടിക്കുക
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
പനി വന്നാൽ വിശ്രമം ഉറപ്പാക്കുക
ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates