Periods pain Pinterest
Health

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം എന്നൊന്ന് ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ശരീരവേദന, ക്ഷീണം, പേശിവേദന, അസ്വസ്ഥത എന്നിങ്ങനെ ഒരുപാട് കാരണങ്ങള്‍ക്കൊണ്ട് ആര്‍ത്തവം പലരും നിരാശയോടെ നോക്കിക്കാണുന്ന ദിവസങ്ങളാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കെല്ലാം പുറമേ മാനസികമായും തകര്‍ന്നിരിക്കുന്ന ദിവസങ്ങളായിരിക്കും ഇവ.

അതുകൊണ്ടു തന്നെ ഈ ദിവസങ്ങളില്‍ ശരീരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണ്ട പരിചരണം ഉറപ്പാക്കുകയും വേണം. ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം എന്നൊന്ന് ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.

ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു പേശികള്‍ വരിഞ്ഞുമുറുകാന്‍ കാരണമാകും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ഈ രാസവസ്തുവിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാറുണ്ട്, അത്തരം വിഭവങ്ങള്‍ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഒഴിവാക്കേണ്ടവ

തണുത്ത ഭക്ഷണങ്ങൾ വേണ്ട

തണുത്ത ഭക്ഷണവും തണുത്ത വെള്ളവുമൊക്കെ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കണം. അണ്ഡാശയത്തിലെയും യോനി ഭിത്തികളിലെയും പേശികള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന പിരിമുറുക്കം അസ്വസ്ഥതയുണ്ടാക്കും. തണുത്ത പാനീയങ്ങള്‍ ഒഴിവാക്കി ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് സുഗമമായ രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കും.

എണ്ണയിൽ വറുത്തതും പൊരിച്ചതും

ആര്‍ത്തവ വേദനയെ മറക്കാന്‍ പലരും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ പലപ്പോഴും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ ഇടം പിടിക്കും. പക്ഷെ, ചിപ്‌സ്, കപ്പവറുത്തത്, ചക്കവറുത്തത് പോലുള്ളവയും ചെറുകടികളുമൊക്കെ ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതിനുപകരം മുഴുവന്‍ ധാന്യങ്ങളും സംസ്‌കരിക്കാത്ത ഭക്ഷണവും കഴിക്കാം.

ഒരു പൊടിക്ക് ഉപ്പ്

അമിതമായ ഉപ്പിന്റെ ഉപയോഗം ആര്‍ത്തവ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. അതുകൊണ്ട് ഉപ്പ് കൂടുതലുള്ള പലഹാരങ്ങളും ആഹാരപദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. സോള്‍ട്ട് ബിസ്‌ക്കറ്റുകളും കാന്‍ഡ് സൂപ്പ്, നൂഡില്‍സ് എന്നിവയുമൊക്കെ മാറ്റിനിര്‍ത്താം.

കഫീന് ബ്രേക്ക്

രാവിലെ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്നത് ഊര്‍ജ്ജം നല്‍കുമെങ്കിലും അമിതമായ കഫീന്‍ ഉപഭോഗം ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് നിങ്ങളുടെ ഉറക്കത്തെയും തടസ്സപ്പെടുത്തും. അതുകൊണ്ട് ആര്‍ത്തവ ദിനങ്ങളിലെങ്കിലും ഹെര്‍ബല്‍ പാനീയങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്.

മധുരം സൂക്ഷിക്കണം

മധുരം കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോഴൊക്കെ നമ്മള്‍ കേക്ക്, ജിലേബി, മിഠായി തുടങ്ങിയ അമിത മധുരമുള്ളവയെ ആശ്രയിക്കുന്ന പതിവുണ്ട്. പക്ഷെ, അമിതമായ പഞ്ചസാര ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനമുണ്ടാക്കുകയും ഊര്‍ജ്ജനഷ്ടം, മൂഡ്‌സ്വിങ്‌സ് പോലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിനുപകരം പഴങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് പോലുള്ളവയും തേന്‍, ഈന്തപ്പഴം, മേപ്പിള്‍ സിറപ്പ് പോലുള്ളവ തെരഞ്ഞെടുക്കാം.

കൊഴുപ്പ് കുറയ്ക്കാം

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. റെഡ് മീറ്റ് ഒഴിവാക്കി ചിക്കന്‍, മീന്‍ എന്നിവ തെരഞ്ഞെടുക്കാം. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

Period days, what foods should avoid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി; പ്രോസിക്യൂട്ടർക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി

'ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രം ഇറക്കാനുള്ള താരമാണോ വൈഭവ്? ഇതിലും ഭേദം രഞ്ജി കളിപ്പിക്കുന്നത്'