കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൊസൈറ്റി ഭരണസമിതി അംഗവും മുൻ ഡിസിസി സെക്രട്ടറിയുമായ ടി.വി സുധീർ കുമാറാണ് അറസ്റ്റിലായത്. ഈ സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകനായ ഇബ്രാഹിംകുട്ടി ഹാജി എന്നയാൾ സുധീർ കുമാറിന്റെ വീട്ടുപടിക്കൽ തീക്കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മേയ് 29-നായിരുന്നു ഇബ്രാഹിംകുട്ടി ഹാജിയുടെ ദാരുണമായ മരണം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുധീർ കുമാറിനെ ശനിയാഴ്ചയോടെ കോഴിക്കോട് ജില്ലയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇബ്രാഹിംകുട്ടി ഹാജിയുടെ മരണത്തെ തുടർന്ന് വൻ ജനരോഷം ഉയർന്നതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഹാജിയുടെ മരണം സംബന്ധിച്ച കേസിന് പുറമെ സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകൾ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹാജിയുടെ മരണത്തിന് മുൻപ് തന്നെ, 2024-ൽ സഹകരണ വകുപ്പ് സൊസൈറ്റിയിൽ നടത്തിയ ഔദ്യോഗിക ഓഡിറ്റിംഗിൽ 2.16 കോടി രൂപയുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ പണം ഭരണസമിതി അംഗങ്ങൾ വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തൽ. കേസിൽ ടി.വി സുധീർ കുമാറിന് പുറമെ സൊസൈറ്റി ഭരണസമിതിയിലെ മറ്റ് രണ്ട് അംഗങ്ങളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രനീഷ് എന്ന പ്രതി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി ക്രൈംബ്രാഞ്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇത് ആത്മഹത്യയല്ല, കൊലപാതകമെന്ന് സിപിഎം
ഹാജിയുടെ മരണത്തിന് പിന്നാലെ സൊസൈറ്റിയിലെ ഫണ്ട് തട്ടിപ്പിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു. തിരുവള്ളൂരിലെ ഹാജിയുടെ വസതി സന്ദർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇത് കേവലം ഒരു ആത്മഹത്യയല്ലെന്നും യുഡിഎഫ് നേതാക്കൾ ചേർന്ന് നടത്തിയ കൊലപാതകമാണെന്നും ആരോപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ രാഷ്ട്രീയ ആയുധമായി മാറിയ ഈ കേസിൽ കോൺഗ്രസ് നേതാവ് തന്നെ അറസ്റ്റിലായത് യുഡിഎഫ് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് നടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates