ന്യൂഡൽഹി: പ്രഭാസ് ചിത്രം ദ് രാജാസാബിന്റെ പ്രദർശനത്തിനിടെ തിയറ്ററിൽ തീപിടുത്തം. പ്രഭാസ് ആരാധകരുടെ ആരാധന അതിരുകടന്നതാണ് തീപിടുത്തത്തിന് കാരണമായത്. ആരതി ഉഴിയാനുള്ള താലവുമായിട്ടായിരുന്നു ആരാധകർ തിയറ്ററിലെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ എൻട്രിക്കിടെ ചെറിയ പടക്കങ്ങളും ആരാധകർ പൊട്ടിച്ചു. ഇതോടെയാണ് തിയറ്ററിനുള്ളിൽ തീപിടുത്തമുണ്ടായത്.
ആരാധകർ തന്നെ ഇത് കെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌ക്രീനിന്റെ തൊട്ടുമുൻപിലാണ് തീപിടുത്തമുണ്ടായത്. ഭയന്നുപോയ പ്രേക്ഷകർ പലരും തിയറ്ററിനുള്ളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹൊറർ- ഫാന്റസി ജോണറിലെത്തിയ ദ് രാജാസാബ് ജനുവരി 9 ന് തിയറ്ററുകളിലെത്തിയത്. ചിത്രം 100 കോടിയും കടന്ന് വിജയകുതിപ്പ് തുടരുകയാണ്. മാരുതി സംവിധാനം ചെയ്ത ചിത്രത്തിൽ മാളവിക മോഹനൻ, റിദ്ധി കുമാർ, നിധി അഗർവാൾ എന്നിവരാണ് നായികമാരായെത്തിയത്. സെറീന വഹാബ്, സഞ്ജയ് ദത്ത്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
പീപ്പിൾ മീഡിയ ഫാക്ടറിയും ഐവിവൈ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 63.3 കോടി രൂപയാണ് ഓപ്പണിങ് ഡേയിൽ ചിത്രം നേടിയത്. രാജാസാബ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തിയത്. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ ചിത്രത്തിന് മോശം പ്രതികരണമാണ് ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചത്. പ്രഭാസിന്റെ പെർഫോമൻസിനെയും ആളുകൾ വിമർശിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates