മമ്മൂട്ടിയോടുള്ള അതേ സ്നേഹവും വാത്സല്യവുമൊക്കെ മലയാളികൾക്ക് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാനോടുമുണ്ട്. മമ്മൂട്ടിയേയും ദുൽഖറിനെയും സംബന്ധിച്ച് ഏറെ സ്പെഷ്യലായ ഒരു വെള്ളിയാഴ്ച ആണ് കടന്നു വരാൻ പോകുന്നത്. നവംബർ 20 ന് ഇരുവരുടെയും സിനിമ തിയറ്ററുകളിലെത്തുകയാണ്. ഇരുവരുടെയും മലയാള സിനിമ അല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
മമ്മൂട്ടിയുടെ തമിഴ് ചിത്രമാണെങ്കിൽ ദുൽഖറിന്റെ തെലുഗു സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം', ദുൽഖർ ചിത്രം 'ആകാശംലോ ഒക്ക താര' എന്നിവയാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന റിലീസുകൾ. പൊതുവേ ദുൽഖറിന്റെ സിനിമകളൊന്നും മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രൊമോട്ട് ചെയ്യാറില്ല.
ദുൽഖറിന്റെ സിനിമകളുടെ പോസ്റ്ററുകളോ ട്രെയ്‌ലറോ ഒന്നും മമ്മൂട്ടി തന്റെ പേജിലൂടെ പങ്കുവയ്ക്കാറില്ല. കുറുപ്പ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഈ പതിവ് രീതി തെറ്റിയിരുന്നു. ഇതുകണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടി. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് സംശയിച്ചിരുന്ന ആരാധകരോട് ദുൽഖർ തന്നെ യാഥാർഥ്യം വെളിപ്പെടുത്തുകയും ചെയ്തു.
വാപ്പച്ചിയുടെ പേജിൽ കയറി അത് താൻ തന്നെ ചെയ്തതാണെന്നാണ് കള്ളച്ചിരിയോടെ ദുൽഖർ കുറുപ്പിന്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഇരു സിനിമകളെയും പ്രൊമോട്ട് ചെയ്യാനായി ഒന്നിച്ചെത്തിയിരിക്കുകയാണ് വാപ്പയും മോനും. 'ആകാശംലോ ഒക്ക താര'യ്ക്കായി മമ്മൂട്ടിയും 'ഓം'-നായി ദുൽഖറുമാണ് എത്തിയിരിക്കുന്നത്.
"ആകാശംലോ ഒക്ക താര' നാളെ ലോകമെമ്പാടുമായി റിലീസിനെത്തുന്നു. അതിന്റെ കൂടെ 'ഓം' എന്ന പടവും നാളെ വേൾഡ് വൈഡ് റിലീസിനെത്തുന്നുണ്ട്". -എന്നാണ് ചിരിച്ചു കൊണ്ട് ഇരുവരും വിഡിയോയിൽ പറയുന്നത്. 'ഡ്രീം കം ട്രൂ മൊമന്റ്' എന്നാണ് വിഡിയോയ്ക്ക് താഴെ പലരും കുറിച്ചിരിക്കുന്നത്.
'ഇത് ഇക്കയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാ', 'ഉപ്പച്ചിയും മോനും കൂടെ ഒരു മൂവി ഇറങ്ങണം', 'എഐ ആണ്..അല്ലാതെ ഇങ്ങനെ ഒന്നും വരാൻ വഴിയില്ല' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ പലരും കുറിച്ചിരിക്കുന്നത്. അതേസമയം, അച്ഛൻ - മകൻ ബോക്സ് ഓഫീസ് ക്ലാഷിനായിരിക്കും നാളെ കളമൊരുങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates