മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ ഓർമയായിട്ട് ഒരു വർഷം തികയുന്നു. എംടിയുടെ ഓർമകളിൽ നടൻ മമ്മൂട്ടി പങ്കുവച്ച ഒരു പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എംടിയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
"പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം. എന്നും ഓർമ്മകളിൽ..."- എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വലംകൈ തന്റെ രണ്ടു കൈകൾ കൊണ്ടും ചേർത്തുപിടിച്ച് മമ്മൂട്ടിയെ നോക്കി പുഞ്ചിരിക്കുന്ന എംടിയെയാണ് ചിത്രത്തിൽ കാണാനാവുക. അത്രയേറെ തീവ്രതയേറിയ ഗുരു ശിഷ്യ ബന്ധമാണ് മമ്മൂട്ടിക്കും എംടിയ്ക്കും ഇടയിലുണ്ടായിരുന്നത്.
ആ ബന്ധം മലയാളികൾക്ക് അത്ര അപരിചിതവുമല്ല. എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചിരുന്നു.
സിനിമാ മോഹം മൊട്ടിട്ട കാലം മുതൽ തന്നെ എംടിയുടെ സിനിമകളും കഥാപാത്രങ്ങളും മമ്മൂട്ടിയെ ത്രസിപ്പിച്ചിരുന്നു. എന്നെങ്കിലും തനിക്ക് അദ്ദേഹത്തിൻ്റെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയുമോ എന്ന് മുഹമ്മദ് കുട്ടി അന്ന് സ്വപ്നം കണ്ടിരുന്നു. ആ കാലത്തിൽ നിന്ന് എംടിയുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്ക് എത്തുമ്പോൾ അതിന് ഒരായുസ്സിൻ്റെ കഥയുണ്ട് പറയാൻ.
മികച്ച ഒരുപിടി ചിത്രങ്ങൾ എംടി- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആയിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ ചിത്രം. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികൾ ആസ്വദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates