അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി മേനക സുരേഷ്. കാറപകടത്തിലാണ് മേനകയുടെ അച്ഛന്‍ രാജഗോപാല്‍ മരണപ്പെടുന്നത്. വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ആ വാഹനത്തില്‍ മേനകയുമുണ്ടായിരുന്നു. അച്ഛന്റെ ജീവനെടുത്ത അപകടത്തിന്‍റെ ഓര്‍മകള്‍ കാരണം തിരുവനന്തപുരത്തോടും കീര്‍ത്തി എന്ന പേരിനോടും തനിക്ക് ഇഷ്ടമില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനക സുരേഷ് മനസ് തുറന്നത്.
''അമ്മ സരോജയും അച്ഛന്‍ രാജഗോപാലും അധ്യാപകരായിരുന്നു. അമ്മയ്ക്ക് സിനിമ ഇഷ്ടമായിരുന്നു. കൗമാരത്തില്‍ നാടകത്തില്‍ അഭിനയിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് ചിന്തിച്ച ആളാണ്. ഒരുപക്ഷെ, ആ ആഗ്രഹമാകാം എന്നെ സിനിമയിലെത്തിച്ചത്. നിനക്ക് എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ നിന്ന് മടങ്ങി വരാം എന്നാണ് അച്ഛന്‍ പറഞ്ഞത്. പക്ഷെ അച്ഛന്റെ മരണത്തോടെ സിനിമ അത്യാവശ്യമായി. അമ്മയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. അച്ഛന്റെ മരണം ഇന്നും വേദനയാണ്. സിനിമയില്‍ എത്തി രണ്ടു വര്‍ഷം കഴിഞ്ഞാണ് ആ ആക്‌സിഡന്റ്. ആ കാറില്‍ ഞാനുമുണ്ടായിരുന്നു'' മേനക പറയുന്നു.
''തിരുവനന്തപുരവും കീര്‍ത്തി എന്ന പേരും വിവാഹത്തിന് മുമ്പ് ഇഷ്ടമല്ലായിരുന്നു. രണ്ടും അച്ഛന്റെ മരണത്തെ ഓര്‍മപ്പെടുത്തും. പി ചന്ദ്രകുമാര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. താമസിച്ചത് കീര്‍ത്തി ഹോട്ടലില്‍. ആയിടയ്ക്ക് വാങ്ങിയ കാറിലായിരുന്നു കൊച്ചിയിലെ ലൊക്കേഷനിലേക്കുള്ള യാത്ര. തോട്ടപ്പള്ളിയില്‍ വച്ച് ബസ് കാറില്‍ ഇടിച്ചു. എനിക്ക് കാര്യമായ പരുക്കില്ല. പക്ഷെ അച്ഛന്‍...'' വിങ്ങലോടെ ഓര്‍ക്കുകയാണ് മേനക.
''കുറേകാലം തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളില്‍ ഞാന്‍ അഭിനയിച്ചില്ല. അച്ഛന്‍ അവസാനമായി നിന്ന സ്ഥലം ആയതുകൊണ്ടാവാം തിരുവനന്തപുരത്ത് തന്നെ ഞാന്‍ വിവാഹം കഴിഞ്ഞെത്തിയതെന്ന് തോന്നാറുണ്ട്. അച്ഛന്‍ അവസാനമായി താമസിച്ച ഹോട്ടലിന്റെ പേര്, കീര്‍ത്തി എങ്ങനെയോ മോള്‍ക്ക് ഇട്ടു. എല്ലാം നിമിത്തങ്ങള്‍'' എന്നും മേനക സുരേഷ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates