Manju Warrier, Niyas Backer ഫെയ്സ്ബുക്ക്
Entertainment

'മഞ്ജു വാര്യർ എനിക്ക് കേവലമൊരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ല, എന്റെ വാപ്പിച്ചിയുടെ മകൾ'; കുറിപ്പുമായി നിയാസ് ബക്കർ

'കാലം എത്ര കടന്നുപോയാലും ചില ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് ഒട്ടും കുറവുണ്ടാകില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി മഞ്ജു വാര്യരോടുള്ള തന്റെയും കുടുംബത്തിന്റെയും ആത്മബന്ധത്തെ കുറിച്ച് നടൻ നിയാസ് ബക്കർ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുന്നു. കാലമെത്ര കടന്നുപോയാലും ചില ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് ഒട്ടും കുറവുണ്ടാകില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മഞ്ജുവെന്നും നിയാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

മഞ്ജു വാര്യർ തനിക്ക് കേവലം ഒരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ലെന്നും, സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ഹൃദയത്തോട് ചേർത്തുനിർത്താൻ തോന്നുന്ന ഒരാളാണെന്നും നിയാസ് കുറിച്ചു. "എന്റെ വാപ്പിച്ചിയുടെ മകളായിരുന്നു മഞ്ജു വാര്യർ. ആ സിനിമയിൽ അന്ന് തുടങ്ങിയ സ്നേഹം... ഇന്നും അതേ ഊഷ്മളതയോടെ!

1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയും സംഭാഷണവും നിർവഹിച്ച സല്ലാപം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഞാൻ ആദ്യമായി മഞ്ജു വാര്യരെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മഞ്ജുവിന്റെ അച്ഛനായിട്ടാണ് എന്റെ വാപ്പച്ചി, (നടൻ അബൂബക്കർ) അഭിനയിച്ചത്. അങ്ങനെ നോക്കുമ്പോൾ വാപ്പച്ചിയുടെ സിനിമയിലെ ആദ്യത്തെ മകളെന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് മഞ്ജു.

അന്ന് ആദ്യമായി കണ്ടപ്പോൾ മഞ്ജുവിൽ കണ്ട അതേ സ്നേഹവും ലാളിത്യവും കരുതലും ഇന്നും ഒട്ടും മാറിയിട്ടില്ല. എത്ര നാളുകൾക്കുശേഷം കണ്ടാലും പഴയ അതേ സ്നേഹത്തോടെ ചേർത്തുപിടിക്കും. വീട്ടിലെ വിശേഷങ്ങൾ ചോദിക്കും, കുടുംബത്തിലെ ഓരോരുത്തരെയും കുറിച്ച് അന്വേഷിക്കും. കാലം എത്ര കടന്നുപോയാലും ചില ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് ഒട്ടും കുറവുണ്ടാകില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മഞ്ജു.

എനിക്ക് മഞ്ജു വാര്യർ എന്നത് കേവലം ഒരു നടിയോ ലേഡി സൂപ്പർ സ്റ്റാറോ മാത്രമല്ല. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ഹൃദയത്തോട് ചേർത്തുനിർത്താൻ തോന്നുന്ന ഒരാളാണ്. ഇതിനിടയിൽ എടുത്തുപറയേണ്ട മറ്റൊരു സന്തോഷം കൂടിയുണ്ട്. എന്റെ സഹധർമ്മിണി ഹസീനയ്ക്ക് മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമാണ്. മഞ്ജുവിന്റെ കടുത്ത ആരാധികയാണ് അവൾ.

മഞ്ജുവിനെ ഒന്ന് നേരിൽ കാണാൻ സാധിക്കുമോ എന്ന അവളുടെ ആഗ്രഹം ഞാൻ മഞ്ജുവിനോട് പങ്കുവെച്ചു. ഉടൻ തന്നെ മഞ്ജുവിന്റെ മറുപടി വന്നു: "തീർച്ചയായും നമ്മുടെ റിഹേഴ്സൽ ക്യാമ്പിലേക്ക് കൊണ്ടുവരൂ. എനിക്കും ഒന്ന് കാണാമല്ലോ!". ആ വാക്കുകളിലെ സ്നേഹവും ആത്മാർത്ഥതയും എത്ര മനോഹരമായിരുന്നു!

അങ്ങനെ ഹസീനയ്ക്കും മഞ്ജുവിനെ നേരിൽ കാണാനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാനും സാധിച്ചു. അവളുടെ വലിയൊരു ആഗ്രഹം സാധിച്ചുകിട്ടിയ ആ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അതിന് വഴിയൊരുക്കിയ മഞ്ജുവിനോട് പ്രത്യേക സ്നേഹവും നന്ദിയും.

ഇപ്പോൾ കുറേ നാളുകൾക്കുശേഷം വീണ്ടും ഒരുമിച്ച് ഒരു വേദി പങ്കിടാനും യാത്ര ചെയ്യാനും അവസരം ലഭിച്ചിരിക്കുകയാണ്. നമ്മുടെ സ്വന്തം ലാലേട്ടനൊപ്പം, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും അണിനിരക്കുന്ന ദുബായിലെ കൊക്കക്കോള അരീനയിൽ ഡിസംബർ 2-ന് അരങ്ങേറുന്ന 'ഹലാ മോഹൻല്ലാൽ' ഷോയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷം. ഈ മനോഹരമായ ഒത്തുചേരലിനും ഒരുമിച്ചുള്ള യാത്രയ്ക്കും അവസരം ഒരുക്കിയ സർവേശ്വരന് സ്തുതി".- നിയാസ് ബക്കർ കുറിച്ചു.

Niyas Backer share a beautiful note about Actress Manju Warrier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു

വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

സൂപ്പര്‍ മാര്‍ക്കറ്റിനു പുറത്ത് വെടിവെപ്പ്; കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കൊല്ലപ്പെട്ടു

കാശിയാത്രയിൽ ഇഷ്ടപ്പെട്ട വസ്തു ഉപേക്ഷിക്കുന്നത് എന്തിന്?; പിന്നിലെ ആത്മീയസന്ദേശം എന്ത്?

മറക്കല്ലേ... കൊച്ചിൻ ഷിപ്പ്‌യാർഡിൽ കാന്റീനിൽ ജോലി നേടാം; നവംബർ 24ന് നേരിട്ടെത്തുക