മലയാള സിനിമയുടെ പാന്‍ ഇന്ത്യന്‍ മുഖമാണ് പൃഥ്വിരാജ് ഇന്ന്. നടനെന്ന നിലയില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ മറികടന്ന് സ്വയം അടയാളപ്പെടുത്തിയ താരം. അതിലുപരിയായി, മലയാള സിനിമയെ മറ്റ് ഭാഷകളില്‍ അടയാളപ്പെടുത്താനും പൃഥ്വിരാജ് ശ്രമിക്കാറുണ്ട്. മലയാള സിനിമയെക്കുറിച്ച് മറ്റ് ഭാഷകളിലെ വേദികളില്‍ പൃഥ്വിരാജ് പതിവായി സംസാരിക്കാറുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാ്ക്കുകള്‍ വൈറലായി മാറുകയാണ്. മലയാളികളല്ലാത്ത എല്ലാവരേയും ഏതെങ്കിലും ഒരു മലയാള സിനിമ കാണിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഏത് സിനിമയാകും നിര്‍ദ്ദേശിക്കുകയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
''ടഫ് ചോദ്യമാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളിലായി ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഒരൊറ്റ സിനിമ മാത്രം തെരഞ്ഞെടുക്ക കഠിനമാണ്. ഇതൊരു മഹത്തായ സിനിമയാണെന്നത് കൊണ്ടുമാത്രമല്ല, ഞാനൊരു ഭയങ്കര സിനിമ നൊസ്റ്റാള്‍ജിയക്കാരന്‍ ആണെന്ന് കൂടിയാണ് കാരണം. ഞാന്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ പേര് പറയും.'' പൃഥ്വിരാജ് പറയുന്നു.
''എന്തുകൊണ്ടെന്ന് പറയാം, ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ത്രീഡി ചിത്രമാണത്. എത്ര പേര്‍ക്ക് അറിയുമെന്ന് അറിയില്ല. ഇന്ത്യയില്‍ ആദ്യമായി ത്രീഡി ചിത്രം നിര്‍മിച്ചത് മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ 70 എംഎം സിനിമ മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നികളര്‍ ചിത്രം മലയാളത്തിലാണ്. അത്തരത്തില്‍ ഒരുപാട് മാജിക്കല്‍ മാര്‍ഗദര്‍ശികള്‍ മലയാളത്തിനുണ്ട്'' എന്നും അദ്ദേഹം പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. മലയാള സിനിമയോടുള്ള പൃഥ്വിരാജിന്റെ സ്‌നേഹവും ആദരവും വ്യക്തമാകുന്നതാണ് ആ വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മലയാള സിനിമയുടെ യഥാര്‍ത്ഥ അംബാസിഡര്‍ ആണ് പൃഥ്വിരാജെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ ത്രീഡി ചിത്രമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന രഘുനാഥ് പലേരി ആയിരുന്നു. നവോദയ ആയിരുന്നു സിനിമയുടെ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates