അബുദാബി: റോഡ് അപകട മരണങ്ങൾ ഇല്ലാതാക്കാൻ അർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയുമായി അബുദാബി. റോഡുകളിൽ സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച് മുൻ കൂട്ടി വിവരങ്ങൾ തരാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ 2040 ൽ റോഡ് അപകടമരണങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
റോഡുകളിലെ ഗതാഗത നീക്കങ്ങൾ തത്സമയം നീരീക്ഷിക്കുകയും അവ വിശകലനം ചെയ്തു കൃത്യമായ വിവരങ്ങൾ നൽകാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഒരു സ്മാർട്ട് ട്രാഫിക് സുരക്ഷാ മാനേജ്മെന്റ് സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
നിർമ്മിത ബുദ്ധിയുടെയും ബിഗ് ഡേറ്റയുടെയും സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. റോഡിലെ അപകടകരമായ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കാനും അപകട സ്ഥലങ്ങള്‍ മുൻ കൂട്ടി പ്രവചിക്കാനും ഇതിന് കഴിയുമെന്ന് ഗതാഗത സുരക്ഷാ വിഭാഗം മേധാവി സുമയ്യ അല്‍ നിയാദി വ്യക്തമാക്കി.
നിരീക്ഷണ കാമറകള്‍,കമ്പ്യൂട്ടര്‍ വിഷന്‍, ഹീറ്റ് മാപ്പുകള്‍ എന്നിവയുടെ സഹായത്തോടെ അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഉദ്യോഗസ്ഥർക്ക് പുതിയ സാങ്കേതിക വിദ്യ കാണിച്ച് നൽകും.
ഈ സ്ഥലത്തേക്ക് പൊലീസ് സേനയെയും എന്‍ജിനീയറിങ് ടീമുകളെയും വളരെ വേഗം അയക്കും. തുടർന്ന് ട്രാഫിക്ക് നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ വളരെ വേഗം തീരുമാനം എടുക്കുകയും ചെയ്യും. പദ്ധതിയുടെ പുരോഗതി വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും അല്‍ നിയാദി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates