ദുബൈ: നിരവധി മലയാളികൾ ദീർഘകാലമായി യുഎഇയിൽ താമസിക്കുന്നവരാണ്. അങ്ങനെ താമസിക്കുന്ന ഒരു പ്രവാസിയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ടിൽ നിങ്ങളുടെ പ്രാദേശിക യുഎഇ വിലാസം ഉൾപ്പെടുത്താൻ കഴിയും.
ഇന്ത്യയിൽ സാധുവായതോ സ്ഥിരമായതോ ആയ വിലാസം ഇല്ലാത്ത വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരർക്ക് അവർ താമസിക്കുന്ന രാജ്യത്തെ പ്രാദേശിക വിലാസം ചേർക്കാൻ ഇത് അനുവദിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് ഈ സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം.
ഇതിനായി ആദ്യം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കണം.
ഇന്ത്യൻ കോൺസുലേറ്റ് 2020-ൽ പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, പാസ്‌പോർട്ടിൽ യുഎഇയിലെ പ്രാദേശിക വിലാസം നൽകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടതുണ്ട്. നിലവിലുള്ള പാസ്‌പോർട്ടുകളിൽ വിലാസ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയിപ്പിൽ പറയുന്നു.
ഘട്ടം 1: നിങ്ങളുടെ ഇന്ത്യൻ പാസ്‌പോർട്ടിലെ വിലാസം മാറ്റുന്നതിനുള്ള അപേക്ഷ പൂരിപ്പിക്കുക
അപേക്ഷ പൂരിപ്പിക്കാൻ രണ്ട് വഴികളുണ്ട്: നേരിട്ടും ഓൺലൈനായും.
നേരിട്ട് - കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (CGI) ഔദ്യോഗിക ഔട്ട്‌സോഴ്‌സിങ് സേവന ദാതാവായ ബി എൽ എസ് (BLS) ഇന്റർനാഷണൽ സർവീസസ് യുഎഇ വഴിയാണ് ഇത് നൽകേണ്ടത്. ഇതിനായി ഏതെങ്കിലും ബി എൽ എസ് സേവന കേന്ദ്രങ്ങൾ സന്ദർശിക്കണം.
നിങ്ങൾ ഒരു ബിഎൽഎസ് സെന്ററിൽ പോയാൽ, നിങ്ങളുടെ പാസ്‌പോർട്ടിലെ വിലാസം മാറ്റുന്നതിനുള്ള ഫോം അവിടെ നിന്നും ലഭിക്കും, ഇഎപി II ഫോം (ഇന്ത്യൻ പാസ്‌പോർട്ടിലെ പലവക സേവനങ്ങൾക്കുള്ള അപേക്ഷാ ഫോം) പൂരിപ്പിച്ച് നൽകണം.
ഓൺലൈനിൽ - 'പാസ്‌പോർട്ട് സേവ അറ്റ് ഇന്ത്യൻ എംബസീസ് ആൻഡ് കോൺസുലേറ്റ്സ്' എന്ന വെബ്‌സൈറ്റ് വഴി - portal5.passportindia.gov.in. 'പുതിയ വിലാസമുള്ള ഒരു സാധാരണ പാസ്‌പോർട്ട് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനുള്ള' അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാം. ഫോം പൂരിപ്പിച്ചുകഴിഞ്ഞാൽ, പ്രിന്റ് ഔട്ട് എടുത്ത് ഏതെങ്കിലും ബി എൽ എസ് സേവന കേന്ദ്രം സന്ദർശിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കുക.
ഘട്ടം 2: പൊലിസ് വെരിഫിക്കേഷനായി നിങ്ങളുടെ വിലാസ വിവരങ്ങളും വിശദാംശങ്ങളും നൽകുന്നതിന് ബി എൽ എസ് കേന്ദ്രം സന്ദർശിക്കുക.
ഫോം ഓൺലൈനായി പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് ബി എൽ എസ് കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾ ബി എൽ എസ് കേന്ദ്രത്തിൽ തന്നെ അപേക്ഷാ പ്രക്രിയ ആരംഭിച്ചെങ്കിൽ, പാസ്‌പോർട്ടിൽ നൽകിയിരിക്കുന്ന പ്രാദേശിക വിലാസം നൽകണം.
ഇതിൽ നിങ്ങളുടെ ഏത് എമിറേറ്റിലാണ് താമസം, താമസിക്കുന്ന റോഡ്/തെരുവിന്റ പേര്, പ്രദേശം, വീട്ടു നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുന്നു.
പൊലിസ് വെരിഫിക്കേഷന് ആവശ്യമായ ഒരു ഇന്ത്യൻ വിലാസവും നിങ്ങൾ നൽകണം. പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, ഈ ഘട്ടത്തിൽ നിങ്ങളുടെ മാതാപിതാക്കളുടെയോ ബന്ധുവിന്റെയോ ഇന്ത്യയിലെ വിലാസം നൽകാം.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം, ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കൽ പ്രക്രിയയുടെ നിർബന്ധിത ഭാഗമാണ് പൊലിസ് വെരിഫിക്കേഷൻ.
ഘട്ടം 3: വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകുക
നിങ്ങളുടെ വിലാസ വിശദാംശങ്ങൾ പൂരിപ്പിച്ചുകഴിഞ്ഞാൽ, യുഎഇയിലെ നിങ്ങളുടെ താമസം തെളിയിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ നൽകണം:
1. സാധുവായ യഥാർത്ഥ പാസ്‌പോർട്ട്.
2. വില്ലയുടെയോ അപ്പാർട്ട്മെന്റിന്റെയോ രജിസ്റ്റർ ചെയ്ത വാടക കരാർ അല്ലെങ്കിൽ ഉടമസ്ഥാവകാശ രേഖ. ഇതിന് അപേക്ഷിക്കാൻ നിങ്ങൾ വാടകയ്‌ക്കെടുത്തതോ വാങ്ങിയതോ ആയ സ്ഥലത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ചിരിക്കണം.
3. സാധുവായ എമിറേറ്റ്സ് ഐഡി.
4. എമിറേറ്റിലെ വൈദ്യുതി, ജല അതോറിറ്റിയിൽ നിന്നുള്ള നിങ്ങളുടെ യൂട്ടിലിറ്റി ബിൽ.
* ദുബൈ നിവാസികൾക്ക് - ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (Dewa).
*അബുദാബി നിവാസികൾക്ക് - അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി (ADDC).
*ഷാർജ നിവാസികൾക്ക് - ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (Sewa).
*അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽ ഖൈമ, ദൈദ് മേഖല എന്നിവിടങ്ങളിലെ താമസക്കാർക്ക് - ഇത്തിഹാദ് ജല, വൈദ്യുതി (ETIHAD WE)
ഈ ഘട്ടത്തിൽ നിങ്ങളുടെ നിലവിലുള്ള പാസ്‌പോർട്ടും സമർപ്പിക്കേണ്ടതുണ്ട്.
ഘട്ടം 4: ഫീസ് അടയ്ക്കുക
കൊറിയർ ഫീസ് ഉൾപ്പെടെ സേവനത്തിന്റെ മൊത്തത്തിലുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നു:
*നിങ്ങൾ ഒരു സാധാരണ ബി എൽ എസ് കേന്ദ്രത്തിലാണ് ഈ കാര്യങ്ങൾ ചെയ്യാൻ ബന്ധപ്പെടുന്നതെങ്കിൽ 415 ദിർഹം.
* പ്രീമിയം ബി എൽ എസ് ലോഞ്ചുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 650 ദിർഹം.
സേവനം പൂർത്തിയാക്കാൻ ഏകദേശം 10 മുതൽ 15 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.
അപേക്ഷ അംഗീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ വിവേചനാധികാരമാണ്. പ്രക്രിയ പൂർത്തിയാകുമ്പോൾ നിങ്ങളെ എസ് എം എസ് (SMS) വഴി അറിയിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ, കൊറിയർ വഴി നിങ്ങളുടെ പഴയ പാസ്‌പോർട്ടും പുതുതായി നൽകിയ പാസ്‌പോർട്ടും നിങ്ങൾക്ക് ലഭിക്കും.
വിശദാംശങ്ങൾക്ക്, അല്ലെങ്കിൽ നിർദ്ദിഷ്ട അന്വേഷണങ്ങൾക്ക്: ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള ഔദ്യോഗിക സേവന ദാതാവായ ബി എൽ എസ് ഇന്റർനാഷണലിനെ 04 387 5777 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates