അബുദാബി: പ്രധാന ആഗോളതല പരിപാടികളിലും പ്രദർശനങ്ങളിലും പങ്കെടുക്കുന്നവരുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യാനും അവരുടെ സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും ശ്രമങ്ങൾ നടക്കുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സൈബർ കുറ്റവാളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ജിറ്റെക്സ് ഗ്ലോബ(GITEX Global) ലിൽ നിന്നുള്ളതായി തോന്നുന്ന തരത്തിലുള്ള സന്ദേശം ആണ് അയക്കുന്നതെന്ന് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കിട്ട ബോധവൽക്കരണ സന്ദേശത്തിൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
ഔദ്യോഗിക ഇവന്റിലെ ഭാഗമായുള്ള അറിയിപ്പ് എന്ന വ്യാജേനയുള്ള സന്ദേശങ്ങൾ അയച്ച് ആളുകളെ കബളിപ്പിച്ച് അപകടകരമായ ലിങ്കുകളിൽ ക്ലിക്കുചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് കൗൺസിൽ വിശദീകരിച്ചു.
ഒരിക്കൽ തുറന്നാൽ, ഈ ലിങ്കുകൾ സൈബർ കുറ്റവാളികൾക്ക് സ്മാർട്ട്‌ഫോണുകളിലേക്ക് നുഴഞ്ഞുകയറാനോ സ്വകാര്യ ഡേറ്റാ മോഷ്ടിക്കാനോ വിദൂരസ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ ഈ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഉപകരണത്തെ നിയന്ത്രിക്കാനോ കഴിയും.
അതിനാൽ പൊതുജനങ്ങൾ ഇത്തരം ലിങ്കുകൾ വരുമ്പോൾ ജാഗ്രത പാലിക്കണം. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും അത്തരം സന്ദേശങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കണമെന്നും സ്ഥിരീകരിക്കാത്ത നമ്പറുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും ഉടനടി ഡിലീറ്റ് ചെയ്യണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.
സൈബർ ഭീഷണികൾക്കും സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുമെതിരായ പ്രതിരോധത്തിന്റെ ആദ്യ പടിയാണ് ഡിജിറ്റൽ അവബോധമെന്ന് സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.
യുഎഇയുടെ ശക്തമായ ഡിജിറ്റൽ പരിവർത്തനം അതിനെ സാങ്കേതിക നവീകരണത്തിനും ജീവിത നിലവാരത്തിനും ഒരു ആഗോള മാതൃകയാക്കി മാറ്റിയിരിക്കുന്നു. എന്നാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് ഫിഷിങ്ങും "സ്മിഷിങ്ങും" - ( എസ്എംഎസ്- ടെക്സ്റ്റ് അധിഷ്ഠിതമായി വ്യാജ ലിങ്കുകൾ അയച്ചോ സമ്മാനങ്ങളും മറ്റും ലഭിച്ചതായി പറഞ്ഞുകൊണ്ട് ഫോൺ വിളിക്കാൻ ആവശ്യപ്പെട്ടോ മെസേജ് അയച്ചു നടത്തുന്ന തട്ടിപ്പുകൾ)വർദ്ധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി
സൈബർ ഭീഷണികൾ തിരിച്ചറിയുന്നതിനും അതത് കമ്മ്യൂണിറ്റികളിൽ ഡിജിറ്റൽ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളെ പരിശീലിപ്പിക്കുന്നതിനായി ഈ മേഖലയിലുള്ളവരുമായി സഹകരിച്ച് സെക്യൂരിറ്റി കൗൺസിൽ സൈബർ പൾസ് എന്ന സംരംഭം ആരംഭിച്ചിട്ടുണ്ട്.
* വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളിലോ പ്ലാറ്റ്‌ഫോമുകളിലോ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്.
* ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
* വ്യക്തിഗത ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുക.
സ്മാർട്ട്‌ഫോൺ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.
*ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ബാറ്ററി പെട്ടെന്ന് തീരുക, ഉപകരണത്തിന്റെ വേഗത കുറയുക, നിങ്ങളറിയാതെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയയ്ക്കുകയോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ പോലുള്ള പ്രവർത്തനങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
ഇത്തരം കാര്യങ്ങൾ അപകടസാധ്യതകളുടെ സൂചനയാകാം എന്നും അത് ശ്രദ്ധിക്കണമെന്നും സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.
സൈബർ തട്ടിപ്പ് സംശയിക്കപ്പെടുന്ന കേസുകളിൽ, ഭീഷണികളോട് പ്രതികരിക്കുകയോ പണം തട്ടിയെടുക്കൽ ആവശ്യങ്ങൾക്ക് പണം നൽകുകയോ ചെയ്യരുതെന്ന് കൗൺസിൽ നിർദ്ദേശിച്ചു, അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ ഉടനെ തന്നെ ഔദ്യോഗിക മാർഗങ്ങൾ വഴി ആ സംഭവം റിപ്പോർട്ട് ചെയ്യാൻ മടികാണിക്കരുതെന്നും സെക്യൂരിറ്റി കൗൺസിൽ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates