Kharge To Meet MK Stalin, Sharad Pawar, Seek Rethink On Delimitation Decisions 
India

ഡിലിമിറ്റേഷന്‍ ബില്‍: പ്രതിപക്ഷ ഐക്യത്തിന് അവസാനവട്ട നീക്കം; സ്റ്റാലിനെയും പവാറിനെയും കാണാന്‍ ഖാര്‍ഗെ

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസിന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ (ഡിലിമിറ്റേഷന്‍) ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഇന്ത്യ മുന്നണിയില്‍ ഭിന്നത ശക്തമായതോടെ അവസാനവട്ട അനുനയ നീക്കവുമായി കോണ്‍ഗ്രസ്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ശ്രമം. ഞായറാഴ്ച ഇരുവരുമായും ഖര്‍ഗെ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തേക്കും.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസിന്റെ നീക്കം. തിങ്കളാഴ്ച ലോക്‌സഭയില്‍ ഭരണഘടനാ ഭേദഗതി ബില്ലും ഡിലിമിറ്റേഷന്‍ ബില്ലും അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ബില്ലിനെ എതിര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയില്‍ എംകെ സ്റ്റാലിനുമായും രാത്രി എട്ടിന് മുംബൈയില്‍ ശരദ് പവാറുമായും ഖാര്‍ഗെ കൂടിക്കാഴ്ച നടത്തും. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍നിന്ന് ഇരുപാര്‍ട്ടികളെയും പിന്തിരിപ്പിക്കുകയാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.

പുതിയ ഡിലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് തീരുമാനം. തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റുകളുടെ നിലവിലെ 7.18 ശതമാനം വിഹിതം കുറയ്ക്കരുതെന്നും 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള പാര്‍ലമെന്റ് സീറ്റുകളുടെ അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് നിലനിര്‍ത്തണമെന്നുമായിരുന്നു ഡിഎംകെയുടെ പ്രധാന ആവശ്യങ്ങള്‍. പുതുക്കിയ ബില്ലില്‍ ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. പുതിയ നിര്‍ദേശപ്രകാരം തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകള്‍ 39ല്‍നിന്ന് 59 ആയി ഉയരും. ആകെ സീറ്റുകളിലെ തമിഴ്‌നാടിന്റെ വിഹിതം 7.18 ശതമാനത്തില്‍നിന്ന് 7.21 ശതമാനമായി വര്‍ധിക്കുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ പാര്‍ലമെന്റിലെ പ്രാതിനിധ്യം അടുത്ത 25 വര്‍ഷത്തേക്ക് സംരക്ഷിക്കുമെന്നാണ് സ്റ്റാലിന്റെ വാദം.

ഡിലിമിറ്റേഷനെ ഡിഎംകെ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും സംസ്ഥാനങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യം നഷ്ടപ്പെടുത്തുന്ന നടപടികളെയാണ് എതിര്‍ത്തതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 2024 മുതല്‍ പാര്‍ട്ടി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി നിലപാട് വിശദീകരിച്ച മുതിര്‍ന്ന നേതാവ് എ രാജയും ബില്ലിലെ വ്യവസ്ഥകളിലാണ് പിന്തുണയെന്നും നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞു. അതേസമയം, മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനുള്ള കമ്മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എട്ട് ലോക്‌സഭാ എംപിമാരുള്ള ശരദ് പവാറിന്റെ എന്‍സിപി വിഭാഗവും പുതിയ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകള്‍ ഒരേ അനുപാതത്തില്‍ 50 ശതമാനം വര്‍ധിപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ തീരുമാനം. പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷം എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദാണ് പാര്‍ട്ടിയുടെ പിന്തുണ സംബന്ധിച്ച വിവരം നേരത്തെ വ്യക്തമാക്കിയത്. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിച്ചശേഷം നിലപാട് വ്യക്തമാക്കിയിരുന്നു. ഡിലിമിറ്റേഷന്‍ കമ്മിഷനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും എന്‍സിപി മുന്നോട്ടുവച്ചിട്ടുണ്ട്. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണിയുടെ തന്ത്രപ്രധാന യോഗത്തില്‍ എന്‍സിപി (എസ്പി) പങ്കെടുത്തിരുന്നില്ല.

അതേസമയം, ബില്ലിനെ സംയുക്തമായി എതിര്‍ക്കാനാണ് ശനിയാഴ്ച ഡല്‍ഹിയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിലെ തീരുമാനം. 33 ശതമാനം വനിതാ സംവരണം നിലവിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ത്തന്നെ നടപ്പാക്കണമെന്നും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായി അതിനെ ബന്ധിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലനിര്‍ത്തുക, വനിതാ സംവരണം നിലവിലുള്ള സീറ്റുകളില്‍ നടപ്പാക്കുക, സംസ്ഥാനങ്ങള്‍ക്കിടയിലെ ലോക്‌സഭാ സീറ്റ് അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് മരവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഡിലിമിറ്റേഷന്‍ ബില്ലുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും ഖര്‍ഗെ ആരോപിച്ചിരുന്നു. ബില്ലിനെ എതിര്‍ക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കാനാണ് പദ്ധതി. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം സംസ്ഥാനങ്ങള്‍ക്കിടയിലെ ലോക്‌സഭാ സീറ്റുകളുടെ പുതുക്കിയ അനുപാതം 2051 വരെ സംരക്ഷിക്കാനും നിര്‍ദേശമുണ്ട്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിന് വഴിയൊരുക്കുന്നതും പുതിയ ബില്ലുകളുടെ ലക്ഷ്യമാണ്. ഇതിനായി ഡിലിമിറ്റേഷന്‍ കമ്മിഷനുകള്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. കൂടാതെ കുറഞ്ഞത് പകുതി സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണം.

Congress Makes Last-Minute Push to Unite Opposition on Delimitation Bill; Kharge to Meet Stalin and Pawar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ചമഞ്ഞെത്തിയ നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 60,000 രൂപയുടെ ഐഫോണും വാച്ചും കവർന്നു

ചക്കകൊമ്പൻ ജനവാസ മേഖലയിൽ തുടരുന്നു; നിലയുറപ്പിച്ചിരിക്കുന്നത് പന്നിയാർ എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപം

തലയ്ക്ക് കൊണ്ടത് രണ്ട് ബൗണ്‍സറുകള്‍! ആകാശ് ദീപ് പുറത്ത്, ഇന്ത്യയ്ക്ക് വൻ നഷ്ടം

പഠനത്തിൽ മികവും ആരോഗ്യവും ലഭിക്കാൻ ഏലസ്സ് കെട്ടാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്ക് 16 വർഷം കഠിനതടവ്

"അക്ക' കണ്ട് ആദ്യം അഭിനന്ദിച്ചത് ഇന്ദ്രനാണ്; മക്കളെന്നെ നന്നായി കളിയാക്കുകയും വിമർശിക്കുകയും ചെയ്യും'