ന്യൂഡല്‍ഹി: എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വോട്ടര്‍മാര്‍ക്ക് അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 'ഫോം 6' സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുമ്പ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരാണെങ്കിലും അപേക്ഷ നല്‍കാമെന്നും കമ്മീഷന്‍ അറിയിച്ചു. പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് നല്‍കുന്നതാണ് ഫോം 6. ഇനി ആദ്യമായാണ് വോട്ടര്‍പട്ടികയില്‍ പേര് ചേക്കാന്‍ അപേക്ഷിക്കുന്നതെങ്കില്‍ അതിനായി സത്യവാങ്മൂലം നല്‍കുന്ന ഭാഗവും ഇതിലുണ്ട്. ഇനി തെറ്റായ വിവരമാണ് നല്‍കുന്നതെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാം.
നേരത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന വോട്ടര്‍മാര്‍, 'ഫോം 6'-ല്‍ നല്‍കേണ്ടി വരുന്ന സത്യവാങ്മൂലം കാരണം ഇത് സമര്‍പ്പിക്കാന്‍ മടിക്കുന്നതായി കണ്ടെത്തിയതായും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ കമ്മീഷന്‍ അറിയിച്ചു. കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വോട്ടര്‍മാര്‍ക്ക് നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഈ ഫോം സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.
മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന ഒരാള്‍ വീണ്ടും ഈ ഫോം സമര്‍പ്പിച്ചെന്ന കാരണത്താല്‍ നിയമനടപടി സ്വീകരിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ വോട്ടര്‍ ഇതിനകം മറ്റൊരു പാര്‍ലമെന്ററി മണ്ഡലത്തിലോ നിയമസഭാ മണ്ഡലത്തിലോ വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകാന്‍ പാടില്ല. കൂടാതെ, സമര്‍പ്പിച്ച സത്യപ്രസ്താവന നിയമപരമായ വ്യവസ്ഥകള്‍ക്ക് അനുസൃതവുമായിരിക്കണമെന്നും നിബന്ധനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates