ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്കും അന്തരിച്ച മാതാവിനുമെതിരെ അധിക്ഷേപ പ്രയോഗം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങളും കോപവും കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വഴിതെറ്റിപ്പോയ യുവാക്കള്‍ക്ക് മാപ്പ് നല്‍കാന്‍ താന്‍ തയ്യാറാണെന്നും അവരെ ശരിയായ പാതയിലേക്ക് നയിക്കുകയാണ് സമൂഹത്തിന്റെ കടമയെന്നും പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
'ജന്തര്‍ മന്തറില്‍ സംഭവിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. വഴിതെറ്റിയ ചില യുവാക്കള്‍ സാംസ്‌കാരിക സമൂഹത്തിനു ചേരാത്ത ഭാഷയാണ് ഉപയോഗിച്ചത്. എന്നെയും അന്തരിച്ച എന്റെ അമ്മയെയും അവര്‍ അധിക്ഷേപിച്ചു. ചെറുപ്പത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ തെറ്റുകള്‍ തിരുത്താനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. അവരെ ശിക്ഷിക്കുന്നതും കോടതികളില്‍ കയറ്റി ഇറക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും കൊണ്ട് സാഹചര്യം മാറില്ല. അവരെ കെട്ടിപ്പിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണിത്. അവര്‍ക്ക് മാപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹവും ഇത് അംഗീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കാം' -പ്രധാനമന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലൈ 23ന് ജന്തര്‍ മന്തറില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ മോശം പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് 25കാരിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കേസ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അപലപനീയമാണെന്നും മോശം ഭാഷ ഉപയോഗിച്ചതിനെതിരെ സിവില്‍/ ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ നല്‍കാം എന്നല്ലാതെ പ്രതിഷേധ പ്രകടനങ്ങളെ ഇത്തരം കേസുകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തരുതെന്നും സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates