Kerala Assembly Election 2026 thrissur district 
Kerala

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

സിപിഐക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ജില്ല കൂടിയാണ് തൃശൂര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ടതുപക്ഷത്തിന് ഉറച്ച അടിത്തറയുള്ള ജില്ല, ബിജെപിക്ക് ആദ്യ ലോക്‌സഭാ അംഗത്തെ നല്‍കിയ ജില്ല. കേരള രാഷ്ട്രീയത്തില്‍ തൃശൂരിന്റെ മുഖച്ഛായ മാറിയ അഞ്ച് വര്‍ഷമാണ് കടന്നു പോകുന്നത്. രണ്ട് പട്ടികജാതി സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ 13 മണ്ഡലങ്ങളാണ് തൃശൂരിലുള്ളത്. 2021 നിയമസഭാ തെരഞ്ഞടുപ്പില്‍ 13 സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം എല്‍ഡിഎഫ് പിടിച്ച ജില്ലയായിരുന്നു തൃശൂര്‍. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിത്രം മാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ഇറക്കി ബിജെപി തൃശൂര്‍ പിടിച്ചെടുത്തു. തൃശൂര്‍ തദ്ദേശ ഫലത്തിലും ഇടത് പക്ഷത്തിന് അടിപതറി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ ജില്ലയിലെ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സിപിഐക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ജില്ല കൂടിയാണ് തൃശൂര്‍.

ചേലക്കര-

പാലക്കാടിനോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലം. കാലങ്ങളായി പട്ടിക ജാതി സംവരണ സീറ്റായ ചേലക്കരയില്‍ 1996 ന് ശേഷം സിപിഎമ്മിന് തിരിച്ചടികള്‍ ഉണ്ടായിട്ടില്ല. 1996 മുതല്‍ 2011 വരെ കെ രാധാകൃഷ്ണന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016ല്‍ യു ആര്‍ പ്രദീപ് വിജയിച്ചു. 2021 ല്‍ വീണ്ടും കെ രാധാകൃഷ്ണന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിസി കൃഷ്ണകുമാറിനെ 39400 വോട്ടുകള്‍ക്കായിരുന്നു കെ രാധാകൃഷ്ണന്റെ വിജയം.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും കെ രാധാകൃഷ്ണന്‍ വിജയിച്ചതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. യു ആര്‍ പ്രദീപിന് രണ്ടാമൂഴം ലഭിച്ചു. രമ്യ ഹരിദാസ് ആയിരുന്നു മുഖ്യ എതിരാളി. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ആര്‍ പ്രദീപ് വിജയം നേടി.

കുന്നംകുളം-

ഇടതിനും വലതിനും ഒപ്പം നിന്നിട്ടുള്ള ചരിത്രമുള്ള മണ്ഡലമാണ് കുന്നംകുളം. 2006 ന് ശേഷം ഉറച്ച ഇടത് കോട്ട. 2006, 11 തെരഞ്ഞെടുപ്പുകളില്‍ ബാബു എം പാലിശ്ശേരി കുന്നംകുളത്ത് നിന്നും നിയമസഭയിലെത്തി. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ എ സി മൊയ്തീന്‍ വിജയിച്ചു. രണ്ടാമൂഴത്തില്‍ 26631 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ കെ ജയശങ്കറിനെ എസി മൊയ്തീന്‍ പരാജയപ്പെടുത്തിയത്.

ഗുരുവായൂര്‍-

കേരളത്തിന്റെ ക്ഷേത്ര നഗത്തിന്റെ പേരിലുള്ള മണ്ഡലം. യുഡിഎഫില്‍ മുസ്ലീം ലീഗ് മത്സരിക്കുന്ന ഗുരുവായുര്‍ 2006 മുതല്‍ ഇടത് പക്ഷത്തിന് ഒപ്പമാണ്. 2006 മുതല്‍ 2016 വരെ കെവി അബ്ദുള്‍ ഖാദര്‍ ഗുരുവായൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2021 ല്‍ എന്‍കെ അക്ബറും വിജയം നേടി. മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദറിനെ 18268 വോട്ടുകള്‍ക്കാണ് എന്‍ കെ അക്ബര്‍ മറികടന്നത്.

മണലൂര്‍-

കോണ്‍ഗ്രസ് പാരമ്പര്യമുള്ള മണലൂര്‍. 1957 ന് ശേഷം 2006 ല്‍ ആണ് ഇടത്പക്ഷം മണ്ഡലത്തില്‍ വിജയം നേടുന്നത്. സിപിഎം സ്ഥാനാര്‍ഥിയായി മുരളി പെരുന്നെല്ലി വിജയിച്ചു. 2011 ല്‍ പിഎ മാധവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 2016 ല്‍ മുരളി പെരുന്നെല്ലി വീണ്ടും വിജയിച്ചു. 2021 ലും വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയ് ഹരിയെ 29876 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇടത് സ്ഥാനാര്‍ഥി വിജയം നേടിയത്.

വടക്കാഞ്ചേരി-

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രണ്ട് തവണ കോണ്‍ഗ്രസ് വിജയിച്ച വടക്കാഞ്ചേരി 2021 ല്‍ സേവ്യര്‍ ചിറ്റിലപ്പള്ളിയിലൂടെ സിപിഎം തിരിച്ചുപിടിച്ചു. 2011 ല്‍ കോണ്‍ഗ്രസിന്റെ സിഎന്‍ ബാലകൃഷ്ണനും 2016 ല്‍ അനില്‍ അക്കരെയും വടക്കാഞ്ചേരിയില്‍ വിജയിച്ചു.

2021ല്‍ അനില്‍ അക്കരെയെ അട്ടിമറിച്ച് സേവ്യര്‍ ചിറ്റിലപ്പള്ളി വടക്കാഞ്ചേരി സിപിഎമ്മിന് ഒപ്പം നിര്‍ത്തി. അനില്‍ അക്കരെയേക്കാള്‍ 15168 വോട്ടുകള്‍ നേടിയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയുടെ വിജയം.

ഒല്ലൂര്‍

2011 കോണ്‍ഗ്രസ്, 2016, 21 ല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ ഒല്ലൂരിന്റെ ജനവിധി ഇങ്ങനെയാണ്. 2011 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എം പി വിന്‍സന്റ് വിജയിച്ചു. 2016, 21 ല്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ രാജന്‍ വിജയം കണ്ടു. കോണ്‍ഗ്രസിന്റെ ജോസ് വള്ളൂരിനെ 21,506 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കെ രാജന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

തൃശൂര്‍-

കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന തൃശൂര്‍ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി സിപിഐക്ക് ഒപ്പമാണ്. 2011 ല്‍ മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ വിജയിച്ചു. 2016 ല്‍ സിപിഐ സ്ഥാനാര്‍ഥിയായി വി എസ് സുനില്‍ കുമാര്‍ തൃശൂരിനെ ഇടത് പക്ഷത്തിന് ഒപ്പം നിര്‍ത്തി. 2021 ല്‍ പി ബാലചന്ദ്രന്‍ സിപിഐയുടെ വിജയം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലിന് എതിരെ 946 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു പി ബാലചന്ദ്രന്റെ വിജയം. മുന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 40457 വോട്ടുകള്‍ നേടി.

നാട്ടിക-

തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെ പട്ടിക ജാതി സംവരണ മണ്ഡലം. 2011 ല്‍ അതിര്‍ത്തികള്‍ മാറിയാണ് നാട്ടിക സംവരണ സീറ്റായത്. ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഗീതാ ഗോപി വിജയം നേടി. 2021 ല്‍ സിപിഐ സ്ഥാനാര്‍ഥിയായി സിസി മുകുന്ദന്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെ 28431 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിസി മുകുന്ദന്‍ മണ്ഡലം നിലനിര്‍ത്തിയത്.

കൈപമംഗലം-

തൃശൂര്‍ ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്ന്. 2011 മുതല്‍ സിപിഐക്ക് ഒപ്പം. 2011 ല്‍ വി എസ് സുനില്‍ കുമാര്‍ വിജയിച്ച മണ്ഡലത്തില്‍ 2016, 21 തെരഞ്ഞെടുപ്പുകളില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ വിജയം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസിന്റെ ശോഭാ സുബിനെ 22698 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ടൈസണ്‍ മാസ്റ്റര്‍ പരാജയപ്പെടുത്തിയത്.

ഇരിങ്ങാലക്കുട-

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റില്‍ 2001 മുതല്‍ 2011 വരെ കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ഉണ്ണിയാടന്‍ വിജയിച്ചു.

2016ല്‍ തോമസ് ഉണ്ണിടായനെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ കെ യു അരുണന്‍ മണ്ഡലം ഇടത് പക്ഷത്തിന് ഒപ്പം നിര്‍ത്തി. 2021 ല്‍ ആര്‍ ബിന്ദു ഇരിങ്ങാലക്കുടയില്‍ വിജയം ആവര്‍ത്തിച്ചു. തോമസ് ഉണ്ണിയാടനെ 5949 വോട്ടുകള്‍ക്കാണ് ആര്‍ ബിന്ദു പരാജയപ്പെടുത്തിയത്.

പുതുക്കാട്-

2011 ല്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ 2011, 16 തെരഞ്ഞെടുപ്പുകളില്‍ സി രവീന്ദ്രനാഥ് വിജയം നേടി. 2021 ല്‍ കെ കെ രാമചന്ദ്രനും വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ സുനില്‍ അന്തിക്കാടിനെ 27353 വോട്ടുകള്‍ക്കാണ് കെ കെ രാമചന്ദ്രന്‍ മറികടന്നത്.

ചാലക്കുടി-

കേരളത്തില്‍ ഇടതുപക്ഷം വിജയം ആവര്‍ത്തിച്ചപ്പോള്‍ മുന്നണിയെ കൈവിട്ട മണ്ഡലമായിരുന്നു ചാലക്കുടി. 2006 മുതല്‍ 2016 വരെ സിപിഎമ്മിന്റെ ബി ഡി ദേവസ്യ ചാലക്കുടിയില്‍ വിജയിച്ചു.

2021 ല്‍ എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ടി ജെ സനീഷ് കുമാര്‍ ജോസഫ് ആണ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥി ഡെന്നീസ് കെ ആന്റണിയെ 1057 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി മറികടന്നത്.

കൊടുങ്ങല്ലൂര്‍-

അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് പുതിയ മണ്ഡലമായി കൊടുങ്ങല്ലൂരില്‍ ഇടത് പാരമ്പര്യം തകര്‍ത്ത് 2011 ല്‍ ടി എന്‍ പ്രതാപന്‍ വിജയിച്ചു. 2016 ല്‍ മണ്ഡലം സിപിഐ തിരിച്ചുപിടിച്ചു. വി ആര്‍ സുനില്‍ കുമാര്‍ ആയിരുന്നു വിജയിച്ചത്. 2021 ല്‍ വി ആര്‍ സുനില്‍ കുമാര്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ എം പി ജാക്‌സണെ 23,893 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആയിരുന്നു സിപിഐ സ്ഥാനാര്‍ഥിയുടെ വിജയം.

തദ്ദേശത്തിലെ തൃശൂര്‍-

തദ്ദേശത്തിലെ കണക്കുകള്‍ മുന്നണികള്‍ക്ക് ആര്‍ക്കും മേല്‍ക്കൈ നല്‍കുന്നില്ല എന്നതാണ് ഇത്തവണ തൃശൂരിന്റെ പ്രത്യേകത. എല്‍ഡിഎഫിനെ കൈയൊഴിയാതെ തന്നെ യുഡിഎഫിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതാണ് ഫലം. ജില്ലയിലെ 86 പഞ്ചായത്തുകളില്‍ 44 എണ്ണം എല്‍ഡിഎഫ് പിടിച്ചപ്പോള്‍ 34 എണ്ണം യുഡിഎഫിനെ തുണച്ചു. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന തിരുവില്വാമല പഞ്ചായത്ത് ബിജെപി പിടിച്ചെടുത്തു.

2020 ല്‍ ജില്ലയില്‍ 69 പഞ്ചായത്തില്‍ എല്‍ഡിഎഫിനായിരുന്നു ഭരണം. 2025 ല്‍ 44 ആയി ചുരുങ്ങി. 16 ല്‍ നിന്ന് യുഡിഎഫ് 34 ലേക്ക് കുതിച്ചു. അവിണിശ്ശേരി, ചേലക്കര, കൊടകര, മാള, പാറളം, തളിക്കുളം, വല്ലച്ചിറ തുടങ്ങിയ ഏഴു പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 10 എണ്ണം നേടി. യുഡിഎഫ് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ ഭരിക്കും. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇരുമുന്നണിക്കും ഏഴുവീതം ഡിവിഷനുകള്‍ സ്വന്തമായി.

ജില്ല പഞ്ചായത്തിലും 24 ഡിവിഷനുകള്‍ 21 ആയി കുറഞ്ഞു. യുഡിഎഫ് അഞ്ചില്‍ നിന്ന് ഒമ്പതിലേക്ക് ഉയര്‍ന്നു. ജില്ലയിലെ ഏഴു നഗരസഭകളില്‍ കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പം തുടര്‍ന്നു. ചാലക്കുടിയും ഇരിങ്ങാലക്കുടയും യു.ഡി.എഫിനൊപ്പം നിന്നു. തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 56 ഡിവിഷനില്‍ 33 ഡിവിഷനുകളില്‍ യു.ഡി.എഫ് വിജയിച്ച് ഭരണമാറ്റം ഉറപ്പാക്കി. എല്‍ഡിഎഫ് 13 സീറ്റുകളിലൊതുങ്ങി. ബിജെപി എട്ടു സീറ്റുകള്‍ പിടിച്ചു. രണ്ടു വിമതരും വിജയിച്ചു.

Kerala Assembly Election 2026 thrissur district .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: ആദ്യം വിറച്ചു... പിന്നെ പിടിച്ചു കയറി... ധർമ്മടത്ത് പിണറായി വിജയൻ തന്നെ

അതികായനെ അട്ടിമറിച്ച് വിജയം; ലീ​ഗിന്റെ ആദ്യ വനിതാ എംഎൽഎ; ചരിത്രമെഴുതി ഫാത്തിമ തഹ്‍ലിയ

വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യത; ജെറിയാട്രിക് കെയർ പഠിക്കാൻ അവസരം

'ധാര്‍ഷ്ട്യത്തോടെ നടന്ന 'ക്യാപ്റ്റന്‍ ' പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും?; താമര ഫ്ലവർ അല്ല, ഫയര്‍'

ചലച്ചിത്ര വികസന കോര്‍പ്പറേഷനിൽ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 6

SCROLL FOR NEXT