തിരുവനന്തപുരം: പൊതുജനാരോഗ്യ രംഗത്ത് കേരളം മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്ക്. ജീവനു തന്നെ ഭീഷണിയായേക്കാവുന്ന, അതീവ ഗുരുതരമായ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന റുമാറ്റിക് ഫീവര്‍ ( വാതപ്പനി) നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം സുപ്രധാന നേട്ടം കൈവരിക്കുന്നു. റുമാറ്റിക് ഫീവര്‍ ബാധയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2019 ല്‍ 40 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍, 2024 ല്‍ അത് 15 ആയി ചുരുങ്ങി. ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരുന്ന പരിധിയേക്കാള്‍ വളരെ താഴെയാണിത്. ഒരു ദേശീയ തലത്തിലുള്ള നിയന്ത്രണ പരിപാടിയുടെ പിന്തുണയില്ലാതെയാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.
2025 ആകുമ്പോഴേക്കും 25 വയസ്സിന് താഴെയുള്ളവരില്‍ അക്യൂട്ട് റുമാറ്റിക് ഫീവര്‍ (ARF) കേസുകളില്‍ 25 ശതമാനം കുറവ് വരുത്തുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കേരളം ഈ ലക്ഷ്യം മറികടന്നു. 2019 നും 2024 നും ഇടയില്‍ രോഗബാധയില്‍ 70 ശതമാനമാണ് കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ഉയര്‍ന്ന മനുഷ്യ വികസന സൂചികയാണ് ഈ ശ്രദ്ധേയമായ കുറവിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റുമാറ്റിക് ഫീവര്‍ നിയന്ത്രിക്കുന്നതിലും RHD ( റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്) കേസുകള്‍ കുറയ്ക്കുന്നതിലും കേരളം രാജ്യത്തിന് മാതൃക സൃഷ്ടിച്ചു. ഇപ്പോള്‍ നമ്മള്‍ രോഗ നിര്‍മാര്‍ജനത്തിന്റെ കൊടുമുടിയിലാണ്. കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മുന്‍ പ്രൊഫസറും, റുമാറ്റിക് ഹാര്‍ട്ട് ക്ലബ് കേരള സ്ഥാപകനുമായ ഡോ. എസ് അബ്ദുള്‍ ഖാദിര്‍ പറഞ്ഞു.
1997 മുതല്‍ RF, RHD എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഒരു NGO ആണ് റുമാറ്റിക് ഹാര്‍ട്ട് ക്ലബ് കേരള. പോളിയോ നിര്‍മാര്‍ജനം ചെയ്തതു പോലെ, നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും വഴി റുമാറ്റിക് ഫീവര്‍ ഇല്ലാതാക്കുന്നതില്‍ RHCK ശ്രദ്ധ കേന്ദ്രീകരിക്കുന്നു. RF ഏറ്റവും സാധാരണയായി 5 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയ മൂലമാണ് രോഗബാധയുണ്ടാകുന്നതെന്ന് SAT ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി എസ് പറഞ്ഞു.
കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍, ഇത് RHD-യിലേക്ക് നയിച്ചേക്കാം. ഇത് പലപ്പോഴും കുടുംബങ്ങളെ അനാഥരാക്കുകയോ ഇരകളെ ജീവിതകാലം മുഴുവന്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇരയാക്കുകയോ ചെയ്യും. ഡോ. ലക്ഷ്മി പറഞ്ഞു. കേസുകള്‍ നേരത്തെ തിരിച്ചറിയുന്നതിനും, റുമാറ്റിക് ഫീവര്‍ തടയുന്നതിനുമായി അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ കേന്ദ്രീകരിച്ച് സ്‌ക്രീനിംഗ് ആരംഭിക്കാനുള്ള ആര്‍എച്ച്‌സികെയുടെ നിര്‍ദ്ദേശത്തോട് മന്ത്രി വി ശിവന്‍കുട്ടി ക്രിയാത്മകമായി പ്രതികരിച്ചെന്നും ഡോ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates